പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; കാമുകനെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് ബന്ധുക്കള്‍

Posted on: December 12, 2013 8:02 am | Last updated: December 12, 2013 at 8:02 am

ചങ്ങരംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ ആശ്യപ്പെട്ടു.
മാറഞ്ചേരി കല്ലേപറമ്പില്‍ രവിയുടെയും ലീലയുടെയും മകള്‍ രേഷ്മ(17)യാണ് ഈമാസം നാലിന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കാഞ്ഞിരമുക്ക് സ്വദേശിയായ പ്രഭുല്‍ദാസ്(21) പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചിരുന്നു. പീഡനത്തിനിടയില്‍ ഒരിക്കല്‍ യുവാവിനെയും പെണ്‍കുട്ടിയെയും നാട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും ചര്‍ച്ച നടത്തുകയും ഒരുവര്‍ഷത്തിന് ശേഷം വിവാഹം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈതീരുമാനത്തില്‍ നിന്നും യുവാവിന്റെ ബന്ധുക്കള്‍ പിന്‍മാറി.
ഇതിനെ തുടര്‍ന്ന് പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യുവാവിന്റെ വീട്ടുകാര്‍ക്ക് അനുകൂലമായ രീതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വരുമ്പോള്‍ യുവാവ് റോഡില്‍വെച്ച് പരസ്യമായി മുഖത്തടിക്കുകയും വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് പറയുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പിലും തന്നെ കാമുകന്‍ വഞ്ചിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിരുന്നു. മകളുടെ മരണത്തിന് കാരണക്കാരന്‍ കാമുകനാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് രണ്ട് ദിവസം മുന്‍മ്പ് പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെയും അന്വേഷണം നടത്താന്‍ പെരുമ്പടപ്പ് പോലീസ് തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വെള്ളത്തേരി മണികണ്ഠന്‍, കെ പി രാജന്‍, റഫീഖ് മാറഞ്ചേരി, വി വിശ്വനാഥന്‍ പങ്കെടുത്തു.