Connect with us

Kozhikode

ടിപി വധം: പ്രതികളെ തിരിച്ചറിഞ്ഞെന്ന മൊഴി വിശ്വസനീയമല്ല: പ്രതിഭാഗം

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ചില പ്രതികളെ പ്രോസിക്യൂഷന്റെ ഒന്നാം സാക്ഷി തിരിച്ചറിഞ്ഞതായുള്ള വടകര മജിസ്‌ട്രേറ്റ് ടി പി പ്രകാശന്റെ മൊഴി നിയമാനുസൃതം വിശ്വസനീയമല്ലെന്ന് പ്രതിഭാഗം. ഒന്നാം പ്രതി ചെണ്ടയാട് മംഗലശേരി എം സി അനൂപ്, നാലാം പ്രതി പാട്യം തുണ്ടിക്കണ്ടിയില്‍ ടി കെ രജീഷ്, ഏഴാം പ്രതി പാട്യം കണ്ണാറ്റിങ്കല്‍ ഷിനോജ് എന്നിവരെ ഒന്നാം സാക്ഷി പ്രസീതിന് തിരിച്ചറിയില്‍ പരേഡില്‍ മനസ്സിലായെന്നായിരുന്നു 159ാം സാക്ഷിയായ മജിസ്‌ട്രേറ്റ് വിചാരണ കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയതെന്ന് എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ബി രാമന്‍പിള്ള എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ വാദിച്ചു. പ്രതികളുടെ പ്രായം, ശാരീരിക പ്രത്യേകതകള്‍ എന്നിവ അനുസരിച്ച് ആളുകളെ ഇടകലര്‍ത്തിയായിരുന്നില്ല പരേഡ് നടത്തിയത്. ഒന്നാം സാക്ഷി കെ കെ പ്രസീത് ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായി പ്രതികളെ തിരിച്ചറിഞ്ഞെന്ന് പറയാനാകില്ല. തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തവരെക്കൊണ്ട്് വെള്ളക്കടലാസില്‍ ഒപ്പ് പതിപ്പിച്ചു എന്ന മജിസ്‌ട്രേറ്റിന്റെ മൊഴി ഞെട്ടിപ്പിക്കുന്നതാണെന്നും രാമന്‍പിള്ള പറഞ്ഞു.
തിരിച്ചറിയല്‍ പരേഡ് ക്രമവിരുദ്ധമാണെന്ന് പ്രതിഭാഗത്തിനായി അന്തിമ വാദത്തിന്റെ ആദ്യ ദിനത്തില്‍ ഹാജരായ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരനും വാദിച്ചിരുന്നു.

Latest