Connect with us

Ongoing News

കേരള രാജ്യാന്തര ചലച്ചിത്രമേള :നിലവാരത്തകര്‍ച്ച പ്രേക്ഷകരെ നിരാശരാക്കി; മത്സര വിഭാഗത്തിലും പ്രതീക്ഷയില്ല

Published

|

Last Updated

തിരുവനന്തപുരം: പ്രപേക്ഷകരെ നിരാശരാക്കി കേരള രാജ്യാന്തര ചലച്ചിത്രമേള ഏഴാം ദിനത്തിലേക്ക് കടക്കുന്നു. മിക്കവിഭാഗങ്ങളിലെയും സിനിമകള്‍ക്കും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്നത് സിനിമകളുടെ നിലവാരത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.

ലോകസിനിമയും ഇന്ത്യന്‍ സിനിമയും ഓരോ ദിനത്തിലും തുടരെത്തുടരെ പ്രേക്ഷകരെ നിരാശപ്പെടുത്തിയപ്പോള്‍ മത്സരവിഭാഗത്തിലും കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല. മത്സരവിഭാഗത്തില്‍ മാറ്റുരക്കുന്ന 14 സിനിമകളില്‍ നിന്ന് താരതമ്യേന മികച്ചതെന്ന് പ്രേക്ഷകര്‍ കണ്ടെത്തിയത് നാലു ചലച്ചിത്രങ്ങള്‍ മാത്രമാണ്. 101 ചോദ്യങ്ങള്‍ എന്ന മലയാള സിനിമ മാത്രമാണ് ഇതില്‍ ഇടം പിടിച്ചത്. സ്റ്റോറി ടെല്ലര്‍, മേഘ ധാക്ക താര, ഇനേര്‍ഷ്യ, എന്നിവയാണ് മറ്റു മൂന്ന് ചിത്രങ്ങള്‍.
ഏഴാം തിയതി ആരംഭിച്ച മത്സരചിത്രങ്ങളുടെയെല്ലാം ആദ്യ പ്രദര്‍ശനം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം സിനിമകളുടെയും അവസാന പ്രദര്‍ശനവും അവസാനിച്ചു. സോ ബി ഇറ്റ്, പര്‍വീസ്, കണ്‍സ്ട്രക്‌ടേഴ്‌സ്, ക്യാപ്ച്ചറിംഗ് ഡാഡ്, ഇനേര്‍ഷ്യ എന്നിവയാണ് മത്സരവിഭാഗത്തില്‍ ചൊവ്വാഴ്ച ആദ്യപ്രദര്‍ശനത്തിനെത്തിയത്. ഈ സിനിമകളും പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നില്ലെന്നു പ്രേക്ഷകര്‍ വിധിയെഴുതി. ഈ സിനിമകളുടെ രണ്ടും മൂന്നും പ്രദര്‍ശനങ്ങള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കും.
തിയേറ്ററില്‍ പ്രേക്ഷകരെ കരയിപ്പിച്ച സ്‌റ്റോറി ടെല്ലറിന്റെ രണ്ടാമത്തെ പ്രദര്‍ശനവും ഇന്ത്യന്‍ സിനിയിലെ മഹാരഥന്‍ ഋത്വക് ഘട്ടക്കിന്റെ ജീവിതത്തെ ആസ്പദമാക്കിയ മേഘ ധക്ക താരയുടെ അവസാന പ്രദര്‍ശനവും ഇന്ന് നടക്കും. ഇതോടെ പതിനെട്ടാമത് രാജ്യാന്തരചലച്ചിത്രമേളയിലെ മത്സരവിഭാഗത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ അസ്തമിച്ച മട്ടാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്നോ നാലോ ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ജനപ്രിയ സിനിമകള്‍ മേള കൈയ്യടക്കിയിരുന്നു. ചില സിനിമകള്‍ വീണ്ടും പ്രദര്‍പ്പിക്കണമെന്ന ആവശ്യവും പ്രേക്ഷകര്‍ ശക്തമായി ഉന്നയിക്കുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആ സിനിമകള്‍ അക്കാദമി വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെ ഒരാവശ്യം പ്രേക്ഷകരില്‍ നിന്ന് ഇതുവരെ ഉയര്‍ന്നിട്ടില്ല. അപര്‍ണ സെന്നിന്റെ ജാപ്പനീസ് വൈഫ്, നിതിന്‍ കക്കറുടെ ഫിലിമിസ്ഥാന്‍ തുടങ്ങിയ സിനിമകള്‍ മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവയാണ്. ഇതോടൊപ്പം താളപ്പിഴകളും കല്ലുകടിയും വിട്ടൊഴിയുന്നില്ലെന്നതും ഇത്തവണത്തെ മേളയുടെ നിറം കെടുത്തിയിട്ടുണ്ട്. റിസര്‍വ് ചെയതവര്‍ക്ക് പോലും സീറ്റ് ലഭിക്കാത്തതും ഷെഡ്യൂള്‍ മാറ്റവും സിനിമ പ്രദര്‍ശനത്തിനിടെയുണ്ടാകുന്ന സാങ്കേതികത്തകരാറും പലപ്പോഴും തിയേറ്ററുകളില്‍ സൃഷ്ടിക്കുന്ന ബഹളം കൈയാങ്കളിയിലേക്ക് വരെ നീളുന്നുണ്ട്. വിദേശ സിനിമകളുടെ ക്യൂറേറ്റര്‍മാരെയും പ്രോഗ്രാമര്‍മാരെയും നിശ്ചയിച്ചതില്‍ ക്രമക്കേട് നടന്നെന്ന ആക്ഷേപവും ഇതിനായി ഫണ്ട് ചെലവഴിച്ചതില്‍ തിരിമറി നടന്നെന്ന ആരോപണവും ശരിവെക്കുന്ന രീതിയിലാണ് മേളയിലെ ഓരോ ദിവസവും പിന്നിടുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest