Connect with us

Gulf

'ആം ആദ്മി' പ്രിയവുമായി പ്രവാസികളും; കേരള എഫ് ബി പേജില്‍ റിക്കാര്‍ഡ് ലൈക്ക്

Published

|

Last Updated

AAPമസ്‌കത്ത്. ഡല്‍ഹി തിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയോട് മലയാളി യുവാക്കള്‍ക്കും ആഭിമുഖ്യം. ഇതില്‍ ബഹുഭൂരിഭാഗവും ഗള്‍ഫ് നാടുകളില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും. പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റിക്കാര്‍ഡ് വേഗത്തിലാണ് ലൈക്കുകള്‍ പെരുകുന്നത്. ഇന്നലെ മാത്രം 5,000ത്തോളം ലൈക്കുകളാണ് പേജിനു ലഭിച്ചത്. മണിക്കൂറില്‍ ശരാശരി 500 മലയാളികള്‍ പേജില്‍ ലൈക്ക് ചെയ്യുന്നു. ഏതാനും ദിവസം മുമ്പ് മാത്രം ആരംഭിച്ച പേജില്‍ ഇതിനകം 56,000 പേര്‍ ചേര്‍ന്നു കഴിഞ്ഞു.

അഴിമതിക്കെതിരെ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ജല്‍ഹിയില്‍ ഉയര്‍ന്നു വന്ന സമരത്തില്‍നിന്നും ആവേശം ഉള്‍കൊണ്ട് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ പ്രാചരണങ്ങളും ആശയ കൈമാറ്റങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജുകള്‍ പ്രധാന ഘടകമാണ്. ഡല്‍ഹി തിരഞ്ഞെടുപ്പിലുണ്ടായ വിജയത്തിനു ശേഷം ആം ആദ്മി പാര്‍ട്ടിയുടെ വഴിയേ ചിന്തിക്കാന്‍ ഏറെപ്പേര്‍ തയാറാകുന്നുവെന്നാണ് ഫെയ്‌സ്ബുക്കിലെ പ്രിയം അറിയിക്കുന്നത്.
മലയാളത്തില്‍ പോസ്റ്റുകള്‍ നടത്തുന്ന കേരള പേജില്‍ അംഗങ്ങളായവരില്‍ വലിയൊരു ശതമാനം പേരും 25നും 34നും ഇടയില്‍ പ്രായമുള്ളവരാണെന്ന് എഫ് ബി കണക്കുകള്‍ അറിയിക്കുന്നു. യു എ ഇയല്‍നിന്നാണ് കൂടുതല്‍ പേര്‍ ചേര്‍ന്നത്. സഊദി, ഖത്തര്‍, ഒമാന്‍, കുവൈത്ത് രാജ്യങ്ങളില്‍നിന്നും അംഗങ്ങളുണ്ട്. കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ ഗള്‍ഫില്‍നിന്നും എഫ് ബി പേജില്‍ അംഗങ്ങള്‍ ചേരുന്നുവെന്നത് പ്രവാസി യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന പുതിയ രാഷ്ട്രീയ ധാരണകളെ സൂചിപ്പിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആശയപ്രചാരണ രംഗത്ത് സോഷ്യല്‍ മീഡിയകള്‍ക്കുള്ള പ്രാധാന്യം രാഷ്ട്രീയ രംഗത്തു ഉണ്ടാക്കുന്ന സ്വാധീനം പ്രധാനമാണെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ടര്‍ കെ റജിമോന്‍ പറഞ്ഞു. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിനും അവ ശരവേഗത്തില്‍ പ്രചരിപ്പിക്കുന്നതിനും സാധിക്കുന്നു. ആംആദ്മി പാര്‍ട്ടിക്കുണ്ടായ മുന്നേറ്റം ഇതു തന്നെയാണ് സൂപിച്ചിപ്പിക്കുന്നത്. ഗ്രാമങ്ങളുടെ പരിമിതികളില്‍നിന്നും പുറത്തു കടന്നതു കൊണ്ടാണ് പ്രവാസികള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുന്നത്. കൂടാതെ നാട്ടിലെ ഭരണ, രാഷ്ട്രീയ വ്യവസ്ഥകളോട് എന്നും വിയോജിപ്പുള്ളവരാണ് പ്രവാസികള്‍, പ്രത്യേകിച്ച് യുവാക്കള്‍. ഇതാണ് ആം ആദ്മിയുടെ കേരള എഫ് ബി പേജിലും കാണുന്നത്. എന്നാല്‍ ഇതിന് കേരളത്തില്‍ എന്ത് രാഷ്ട്രീയ ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ല. ഡല്‍ഹി പോലെ നഗരവത്കൃത സമൂഹമോ അരാഷ്ട്രീയ സമൂഹമോ അല്ല കേരളീയര്‍. എങ്കിലും ഇരു മുന്നണികള്‍ക്കുമെതിരായി ബദല്‍ അന്വേഷിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പാടേ തള്ളിക്കളയാനാകില്ല. എന്നാല്‍, ഇത്തരം നൈമിഷിക മുന്നേറ്റങ്ങള്‍ക്ക് ദീര്‍ഘകാല ഭാവിയില്ലെന്നാണ് അറബ് വസന്തത്തിന്റെ പരിണാമം അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാര്‍ക്കിടയില്‍ പുതിയ ബദല്‍ അന്വേഷിച്ചു കൊണ്ടുള്ള മുന്നേറ്റത്തിന് കേരളത്തിലും പിന്തുണ കിട്ടുമെന്നു തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തല്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൊച്ചിയുള്‍പെടെയുള്ള കേരള നഗരങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഒ ഐ സി സി അംഗം അനീഷ് കടവില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ഈ ചിന്താഗതികള്‍ക്ക് പിന്തുണ കൂടുതല്‍ ലഭിക്കും. പക്ഷേ ഇത്തരം ആശയങ്ങള്‍ക്ക് ദീര്‍ഘകലാടിസ്ഥാനത്തിലുള്ളതും ദേശീയ താത്പര്യം മുന്‍നിര്‍ത്തിയും ഒരു രാഷ്ട്രീയ നയം രൂപവത്കരിക്കാനാകും എന്നു തോന്നുന്നില്ല. അഴിമതി രഹിതം എന്നു പറയുമ്പോള്‍ തന്നെ അത് സ്വന്തം അണികള്‍ക്കിടയില്‍ എത്ര കാലം പിടിച്ചു നിര്‍ത്താനാകും എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ടെലിവിഷനുകള്‍ നടക്കുന്ന ചര്‍ച്ചകളും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും പ്രചരിപ്പിച്ചും രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിച്ചും എഫ് ബി പേജിനെ സജീവമാക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ അതിവേഗം പ്രചാരം ലഭിച്ച രാഷ്ട്രീയ എഫ് ബി പേജ് എന്ന അംഗീകാരത്തിലേക്ക് ആം ആദ്മി മാറുമെന്നാണ് സൂചന. പാര്‍ട്ടിയുടെ പ്രധാന എഫ് ബി പേജ് പിന്തുടരുന്നവര്‍ ലക്ഷങ്ങളാണ്. ഇന്നലെ വൈകുന്നരം പേജില്‍ അംഗമായവര്‍ 616,000 ആണ്.

Latest