ചൊവ്വ ലക്ഷ്യമാക്കി മംഗള്‍യാന്റെ ആദ്യ തിരുത്തല്‍ വിജയകരം

Posted on: December 11, 2013 10:00 am | Last updated: December 12, 2013 at 12:37 am

mangalyanബാംഗളൂരു: മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിലേക്ക് കൃത്യമായി എത്തിക്കുന്നതിനുള്ള ആദ്യതിരുത്തല്‍ വിജയിച്ചു. രാവിലെ ആറരയോടെയാണ് തിരുത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. മംഗള്‍യാനിലെ 22 ന്യൂട്ടണ്‍ എഞ്ചിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ വേഗത്തിലും ദിശയിലും വ്യതിയാനം വരുത്തിയത്.

ട്രാജക്ടറി കറക്ഷന്‍ മാന്യുവര്‍എന്ന പ്രവര്‍ത്തനമാണ് രാവിലെ നടത്തിയത്. സെക്കന്‍ഡില്‍ 7.6 മീറ്റര്‍ വേഗംകൂടി പേടകത്തിന് നല്‍കുകയാണ് ഇതുവഴി ചെയ്തത്.
ഇതിനായി 44 സെക്കന്‍ഡ് എഞ്ചിന്‍ ജ്വലിപ്പിച്ചു. ഈ മാസം ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റിയിരുന്നു. ഭൂമിയുടെ ആകര്‍ഷണവലയം കടന്ന മംഗല്‍യാനിപ്പോള്‍ 30 ലക്ഷം കിലോമീറ്ററുകള്‍ പിന്നിട്ടിട്ടുണ്ട്. ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തുകടന്നശേഷം ഇതാദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തിയത്. ചൊവ്വയുടെ പര്യവേക്ഷണം വിജയകരമാക്കുന്നതിന് ആവശ്യമെങ്കില്‍ നാല് തിരുത്തലുകള്‍ നടത്താനുള്ള അവസരമാണ് ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നത്. ഇതില്‍ ആദ്യത്തെ നടപടിയാണ് ഇന്ന് രാവിലെ ആറരയ്ക്ക് നടത്തിയത്.
അടുത്ത തിരുത്തലുകള്‍ ഏപ്രില്‍ ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തും.

ഒന്‍പതേകാല്‍ ലക്ഷം കിലോമീറ്റര്‍ കടന്നപ്പോള്‍ ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തായ പേടകം പൂര്‍ണമായും സൂര്യാകര്‍ഷണ സഞ്ചാരപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.