മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന കേസ്: മാതാവ് അറസ്റ്റില്‍

Posted on: December 11, 2013 7:59 am | Last updated: December 11, 2013 at 7:59 am

കോഴിക്കോട്: കക്കോടിയില്‍ രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവ് സീനത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളെ കൊലപ്പെടുത്തി ആത്മത്യക്ക് ശ്രമിച്ച സംഭവത്തില്‍ സീനത്തിനെ തിങ്കളാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ വെളളിയാഴ്ചയാണ് കക്കോടി പാലത്തിന് സമീപം പറപ്പളളിത്താഴത്തെ വാടക വീട്ടില്‍ യുവതി രണ്ട് മക്കളെ മയക്ക് ഗുളിക നല്‍കിയ ശേഷം ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ദിഹൂഷ് (12), ശിഫ പര്‍വീന്‍ (10) എന്നിവരെ മയക്കുഗുളിക കൊടുത്ത് കൊലപ്പെടുത്തിയ ശേഷം സീനത്ത് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. സീനത്തിനെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റക്ക് താമസിക്കുകയായിരുന്ന യുവതി എട്ട് വര്‍ഷത്തോളമായി ചേലപ്രം സ്വദേശി മുനീര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മുനീര്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതില്‍ മനം നൊന്താണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സീനത്ത് പോലീസിന് മൊഴി നല്‍കിയത്. മുനീര്‍ പോലീസ് കസ്റ്റഡിയിലാണുളളത്.