Connect with us

Palakkad

സുന്നിപ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷണം ഇഴയുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴി സുന്നിപ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷണം ഇഴയുന്നതായി പരാതി. കൊലപാതക ആസൂത്രണം ചെയ്യുന്നതിന് മുഖ്യപങ്ക് വഹിച്ച പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത് കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നാണ് പരാതി ഉയര്‍ന്നിട്ടുണ്ട്.
കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ എസ് വൈ എസ് യൂനിറ്റ് സെക്രട്ടറിയായ പള്ളത്ത് നുറുദ്ദീന്‍, സഹോദരന്‍ ഹംസ എന്നിവരെയാണ് 20ന് രാത്രി വിഘടിത -ലീഗ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. ഈ കേസില്‍ 26 ഓളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ എഫ് ഐ ആറിലുള്ള ഒന്നാം പ്രതിയടക്കമുള്ളവരെയാണ് ഇനിയും പിടികൂടാനുള്ളത്. ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിദ്ദീഖ് അടക്കമുള്ള 12 ഓളം പ്രതികളെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പോലീസിനെ പിന്തിരിപ്പിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളുടെ വീട്ടുകാരുടെ സംരക്ഷണം വിഘടിത വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. മാത്രമല്ല ഗള്‍ഫ് നാടുകളില്‍ പ്രതികളുടെ കേസ് നടത്തിപ്പിനായി വ്യാപകമായി പിരിവ് നടക്കുന്നതായും പറയപ്പെടുന്നു.
കല്ലാംകുഴി ജുമാമസ്ജിദില്‍ ചേളാരി വിഭാഗത്തിന്റെ തണല്‍ എന്ന സംഘടന നിരന്തരമായി നടത്തിയ അന്യായമായ പിരിവിനെ ചോദ്യം ചെയ്ത് കൊണ്ട് പള്ളത്ത് ഹംസ കേരള വഖഫ് ട്രൈബ്യൂനലില്‍ പൊതു താത്പര്യഹരജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പിരിവ് തടഞ്ഞ് കൊണ്ട് ഉത്തരവുമുണ്ടായി. ഇതില്‍ അരിശം പൂണ്ടാണ് ചേളാരി വിഭാഗം സുന്നിപ്രവര്‍ത്തകരെ മൃഗീയമായി കൊലപ്പെടുത്തിയത്. ഇതിന് മുമ്പും മണ്ണാര്‍ക്കാട് മേഖലയില്‍ സുന്നീ പ്രവര്‍ത്തകരെ അക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിട്ടുണ്ട്.

Latest