അറവുശാലകള്‍ അടച്ചിടും; കന്നുകാലി ചന്തകള്‍ നിര്‍ത്തിവെക്കും

Posted on: December 11, 2013 7:44 am | Last updated: December 11, 2013 at 7:44 am

കല്‍പറ്റ: ജില്ലയില്‍ കുളമ്പുരോഗം നിയന്ത്രണ വിധേയമാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ 72 ശതമാനം കന്നുകാലികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തിയെങ്കിലും രോഗം ബാധിച്ച അറവുമാടുകളെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമായത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള പശു, എരുമ, ആട്, പന്നി എന്നിവയുടെ കടത്ത് മൃഗസംരക്ഷണ ഡയറക്ടര്‍ നിരോധിച്ചിട്ടുണ്ട്. കന്നുകാലി ചന്തകള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു.
ചെക്ക്‌പോസ്റ്റുകളിലും ഊടുവഴികളിലൂടെയുമുള്ള അനധികൃത കന്നുകാലി കടത്ത് തടയുന്നതിന് രണ്ട് വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
കാട്ടിക്കുളം, മുത്തങ്ങ ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള കന്നുകാലി കടത്ത് തടയുന്നതിന് സ്‌ക്വാഡ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. കുളമ്പുരോഗം ബാധിച്ച കന്നുകാലികള്‍ക്ക് അടിയന്തിര സഹായമായി നാല് ചാക്ക് കാലിത്തീറ്റ ക്ഷീരസംഘങ്ങള്‍ വഴി വിതരണം ചെയ്യും. മരണപ്പെട്ട കറവ പശുക്കള്‍ക്ക് 20000 രൂപ ധനസഹായവും നല്‍കും. ഇതിനുള്ള അപേക്ഷകള്‍ വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി ജില്ലാ ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം ഓഫീസില്‍ നല്‍കണം.
കുളമ്പുരോഗം പടര്‍ന്നു പിടിക്കാതിരിക്കാനെടുക്കേണ്ട നടപടികളെ കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് കന്നുകാലികള്‍ക്ക് കുളമ്പുരോഗം ബാധിച്ചാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കണം. അടിയന്തിര ചികിത്സ ലഭ്യമാക്കിയാല്‍ മരണം തടയാന്‍ കഴിയും. ചികിത്സക്കാവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കും. ജില്ലയിലെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കന്നുകാലികള്‍ക്ക് എത്രയും വേഗം കുത്തിവെയ്പ്പ് നല്‍കണം. നിലവില്‍ രോഗബാധയുള്ള പ്രദേശങ്ങളില്‍ കുത്തിവെയ്പ്പ് എടുക്കാന്‍ പാടില്ല.
എന്നാല്‍ ഇവിടങ്ങളില്‍ മൂന്ന് ആഴ്ചയ്ക്ക് ശേഷവും രോഗലക്ഷണം കാണിക്കാത്ത കന്നുകാലികളെ കുത്തിവെയ്പിന് വിധേയമാക്കണം.
രോഗബാധിത പ്രദേശങ്ങള്‍, അറവുശാലകള്‍ എന്നിവയുടെ ഒരു കി.മീറ്റര്‍ പരിധിയില്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ നടത്തണം.
എടവക, നെ•േനി, പുല്‍പ്പള്ളി, മീനങ്ങാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കന്നുകാലി ചന്തകള്‍ അടച്ചിടുന്നതിന് ഗ്രാമപഞ്ചായത്തധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുളമ്പുരോഗ ബാധയ്ക്ക് ഏറെ സാധ്യതയുള്ള കാലിചന്തകള്‍, അറവുശാലകള്‍ എന്നിവയുടെയും സംസ്ഥാന അതിര്‍ത്തിയിലുള്ള പുല്‍പ്പള്ളി, നെന്മേനി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി, മാനന്തവാടി, തവിഞ്ഞാല്‍, പൂതാടി, അമ്പലവയല്‍, മേപ്പാടി ഗ്രാമപഞ്ചായത്തുകളുടെയും ഒരു കി.മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ കന്നുകാലികളെ വീണ്ടും കുത്തിവെയ്പ്പിന് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പനമരം, നെടുമ്പാല, ചീരാല്‍, മണ്ടോക്കര, ചേപ്പില, പാളക്കൊല്ലി, പെരുന്തട്ട, പുല്‍പ്പാറ, മുണ്ടേരി, മാണ്ടാട്, പിണങ്ങോട്, കാവുമന്ദം എന്നിവിടങ്ങളിലുള്ള അറവുശാലകളുടെ ഒരു കി.മീറ്റര്‍ ചുറ്റളവിലുള്ള കന്നുകാലികള്‍ക്കും അടിയന്തിരമായി വാക്‌സിനേഷന്‍ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.