കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഫയാസ് സിനിമാ നടിമാരെ ഉപയോഗിച്ചു

Posted on: December 11, 2013 12:59 am | Last updated: December 11, 2013 at 12:59 am

fayasകൊച്ചി: നെടുമ്പാശ്ശേരി വഴി സ്വര്‍ണക്കടത്ത് നടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ മുഖ്യപ്രതി ഫയാസ് സിനിമാ നടിമാരെ ഉപയോഗിച്ചെന്ന് സി ബി ഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ മോഡലും മുന്‍ മിസ് സൗത്ത് ഇന്ത്യയുമായ ശ്രവ്യ സുധാകറിനെ സി ബി ഐ രണ്ട് ദിവസമായി ചോദ്യം ചെയ്തത്.
പ്രശസ്ത സിനിമാ നടി മൈഥിലിയും ഫയാസിന്റെ സൗഹൃദ വലയത്തില്‍ കണ്ണിയാണെന്ന് ശ്രവ്യ സുധാകര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൈഥിലിയെയും സി ബി ഐ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഫയാസിനോടൊപ്പം മൈഥിലി വിദേശത്തേക്ക് പലവട്ടം യാത്ര ചെയ്തിട്ടുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ശ്രവ്യസുധാകര്‍ സി ബി ഐയോട് വെളിപ്പെടുത്തിയത്. ഫയാസിന് തന്നെ പരിചയപ്പെടുത്തിയത് മൈഥിലിയാണന്നും ശ്രവ്യ മൊഴി നല്‍കിയിട്ടുണ്ട്. ഫയാസിന്റെ മൊബൈല്‍ മൈഥിലി ഉപയോഗിച്ചതായും സി ബി ഐക്കു വിവരം ലഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ശ്രവ്യ താന്‍ ഫയാസിനൊപ്പം വിദേശ യാത്രകള്‍ നടത്തിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനെയും തനിക്കറിയില്ല. ഫായിസുമായി തനിക്ക് ആറ് മാസത്തെ പരിചയം മാത്രമാണുളളത്. തന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണകള്‍ ചോദ്യം ചെയ്യലില്‍ സി ബി ഐക്കു മാറിയെന്നും ശ്രവ്യ സുധാകര്‍ പറഞ്ഞു. ഫയാസിനെ തനിക്ക് അറിയാമെന്നും എന്നാല്‍ താനല്ല ശ്രവ്യസുധാകറിന് ഫയാസിനെ പരിചയപ്പെടുത്തി നല്‍കിയതെന്നും നടി മൈഥിലി പറഞ്ഞു. ഫയാസ് തങ്ങളുടെ കോമണ്‍ ഫ്രണ്ടാണ്. ആറ് വര്‍ഷമായി തനിക്ക് ഫയാസിനെ അറിയാം എന്നുവെച്ച് ദിവസവും കോണ്‍ടാക്ട് ചെയ്യുന്ന സുഹൃത്തല്ല. ഫയാസ് സ്വര്‍ണക്കടത്ത് നടത്തുന്ന ആളാണെന്ന് തനിക്കറിയില്ലായിരുന്നു. ഫയാസിന്റെ ഭാര്യയുടെ സഹോദരിയുടെ കല്യാണത്തിന് പോയിട്ടുണ്ടെന്നും മൈഥിലി പറഞ്ഞു.