Connect with us

International

സിംഗപ്പൂര്‍ കലാപം: 24 ഇന്ത്യക്കാര്‍ ജയിലില്‍

Published

|

Last Updated

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഇന്ത്യക്കാരനായ തൊഴിലാളി റോഡ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 24 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ. ലിറ്റില്‍ ഇന്ത്യയെന്ന പേരില്‍ അറിയപ്പെടുന്ന ജില്ലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കെതിരെയാണ് സിംഗപ്പൂര്‍ കോടതി പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ശക്തിവേല്‍ എന്ന ഇന്ത്യന്‍ പൗരന്റെ മരണമാണ് രൂക്ഷമായ കലാപത്തിന് കാരണമായത്. ശക്തിവേലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യക്കാരടക്കം നാനൂറിലധികമാളുകള്‍ പങ്കെടുത്ത പ്രക്ഷോഭം പിന്നീട് അക്രമാസക്തമാകുകയായിരുന്നു. കലാപകാരികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 39 പോലീസുകാര്‍ക്ക് പരുക്കേറ്റു. പ്രക്ഷോഭകര്‍ പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ 25 വാഹനങ്ങള്‍ കത്തിച്ചതായും പോലീസ് മേധാവികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ലിറ്റില്‍ ഇന്ത്യയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. രാജ്യത്ത് 40 വര്‍ഷത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ കലാപമായിരുന്നു ഇത്. അതിനിടെ, ശക്തിവേലിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത സിംഗപ്പൂര്‍ പൗരനായ ബസ് ഡ്രൈവര്‍ക്ക് ജാമ്യം നല്‍കി. കലാപത്തെ തുടര്‍ന്ന് ലിറ്റില്‍ ഇന്ത്യാ ജില്ലയില്‍ മദ്യം കര്‍ശനമായി നിരോധിച്ചതായി സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.