എം എം ഹസന്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

Posted on: December 10, 2013 7:42 am | Last updated: December 10, 2013 at 7:42 am

താമരശ്ശേരി: കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പരാതികള്‍ കേള്‍ക്കാനായി കെ പി സി സി നിയോഗിച്ച ഉപ സമിതി അധ്യക്ഷനായ എം എം ഹസന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ ഉച്ചയോടെയാണ് ബിഷപ്പ് ഹൗസിലെത്തിയത്. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി ഒരുമണിക്കൂറോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി ഉച്ചഭക്ഷണവും കഴിച്ചാണ് സംഘം മടങ്ങിയത്. വയനാട് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, കോട്ടയം ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി, കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, പാലക്കാട് ഡി സി സി മുന്‍ പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണെത്തിയതെന്ന് എം എം ഹസന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ഷകരുടെ രക്ഷക്കായി ബിഷപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കെ പി സി സി ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാണ് കെ പി സി സി യുടെ നിലപാട്.
പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിലെത്തി രൂപതയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചകാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പ്രത്യേകിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതില്ലെന്നും ഞങ്ങള്‍ സഭാ അധ്യക്ഷന്‍മാരെ ആക്ഷേപിക്കാത്തവരാണെന്നും എം എം ഹസന്‍ പ്രതികരിച്ചു.
കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് രാഷ്ട്രീയമില്ലെന്നും അതിനാലാണ് പിണറായി വിജയന്‍ പിന്തുണ പ്രഖ്യാപിച്ചതെന്നും ബിഷപ്പ് മാര്‍ റെമിജിയോസ് പറഞ്ഞു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ ബിഷപ്പ് ഹൗസിലെത്തിയതും പിണറായിയോട് ക്ഷമിച്ചതായുള്ള രൂപതയുടെ പ്രഖ്യാപനവും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ്പ് ഹൗസിലെത്താനുള്ള കാരണമെന്നാണ് സൂചന.
എന്നാല്‍ കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെന്നും പിണറായിയുടെ സന്ദര്‍ശനവുമായി ബന്ധമില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.