കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍

Posted on: December 10, 2013 7:40 am | Last updated: December 10, 2013 at 7:40 am

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍ എ ബി എച്ചി (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്)ന്റെ അക്രഡിറ്റേഷന്‍ ലഭിച്ചതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണിത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കഴിഞ്ഞ വര്‍ഷം ഈ പദവി കരസ്ഥമാക്കിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രി, ചേര്‍ത്തല താലൂക്കാശുപത്രി എന്നിവയാണ് അക്രഡിറ്റേഷന്‍ ഉളള മറ്റു സര്‍ക്കാര്‍ ആശുപത്രികള്‍
ആരോഗ്യമേഖലയിലെ മറ്റ് സ്ഥാപനങ്ങളില്‍ ആലുവ ഗവ. ബ്ലഡ് ബേങ്കും കഴിഞ്ഞവര്‍ഷം ഈ ദേശീയാംഗീകാരം നേടിയിരുന്നു. കേരളത്തില്‍ സ്വകാര്യമേഖലയിലുള്ളവയടക്കം ഇതുവരെ 14 ആശുപത്രികള്‍ക്കാണ് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ ഈ അംഗീകാരം ലഭിച്ച ആശുപത്രികളില്‍ ഭൂരിഭാഗവും സ്വകാര്യമേഖലയിലാണ്.
ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും സംയുക്തമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമായത്. ഈ അംഗീകാരം നേടിയെടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച മന്ത്രി എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എന്നിവരെ മന്ത്രി അഭിനന്ദനമറിയിച്ചു.
ദേശീയ നിലവാരമുള്ള ചികിത്സാരീതികളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംസ്ഥാനത്തെ മറ്റ് 10 ആശുപത്രികള്‍ക്ക് എന്‍ എ ബി എച്ച് നിലവാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അക്രഡിറ്റേഷനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടപ്പറമ്പ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനമേഖലകളും മികച്ച ഗുണമേന്മാതലത്തിലേക്ക് ഉയര്‍ത്തി. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷന്‍ തിയേറ്റര്‍, അത്യാധുനിക കേന്ദ്രീകൃത എ സി സംവിധാനം, ഹെപ്പാ ഫില്‍റ്റര്‍, ലാമിനാര്‍ഫ്‌ളോ മുതലായവ ക്രമീകരിച്ചു. പ്രത്യേക നവജാതശിശു പരിപാലന യൂനിറ്റ്, ശസ്ത്രക്രിയാനന്തര ശുശ്രൂഷാ വാര്‍ഡ്, എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഫാര്‍മസി, ലബോറട്ടറി, സ്‌കാനിംഗ് യൂനിറ്റ്, കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം, ശീതീകരിച്ച ഒ പി റൂമുകള്‍ മുതലായവ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചു. പഴയകാല മലബാറിലെ ഏറ്റവും പ്രശസ്തമായ പ്രസവാശുപത്രിയായിരുന്നു കോട്ടപ്പറമ്പിലേത്. വിക്‌ടോറിയ രാജ്ഞിയുടെ സ്മരണാര്‍ഥം 1903 ലാണ് ഇത് ആരംഭിച്ചത്. ഇപ്പോള്‍ 295 കിടക്കകളുള്ള ഈ ആശുപത്രിയില്‍ ഓരോ മാസവും നാനൂറോളം പ്രസവങ്ങള്‍ നടക്കുന്നുണ്ട്.