Connect with us

Kozhikode

ചികിത്സ പാതിവഴിയില്‍; മഅ്ദനിയെ ജയിലിലേക്ക് മാറ്റി

Published

|

Last Updated

കോഴിക്കോട്: ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചികിത്സാ കാര്യത്തില്‍ സുപ്രീം കോടതി വിധി കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ലംഘിച്ചു. വിദഗ്ധ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മഅ്ദനിയെ ചികിത്സ പൂര്‍ത്തിയാക്കാതെ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് തികച്ചും ദൂരൂഹമായി സുപ്രീം കോടതി വിധി അട്ടിമറിച്ച് മഅ്ദനിയെ ജയിലിലേക്ക് മാറ്റിയത്.

വിവിധ രോഗങ്ങളുടെ തീവ്രത അറിയുന്നതിന് വേണ്ടിയുള്ള പരിശോധനകള്‍ മാത്രമാണ് ആറ് ദിവസത്തിനിടെ പൂര്‍ത്തിയായിട്ടുള്ളത്. രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പരിശോധനകള്‍ തുടര്‍ന്നു നടക്കാനിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജിന് തയ്യാറാകാന്‍ മഅ്ദനിയെയും കുടുംബത്തെയും അറിയിച്ചത്. എന്നാല്‍, ഇതിന് കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുപ്പത് പേജ് വരുന്ന റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ മഅ്ദനിക്ക് കൈമാറി. ജയില്‍ അധികൃതര്‍ക്കും പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തുണ്ടായിരുന്ന അവസ്ഥ അതു പോലെ തുടരുകയാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്.
മഅ്ദനിക്ക് സര്‍ക്കാര്‍ ചെലവില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. വരും ദിവസങ്ങളില്‍ വിദഗ്ധ ചികിത്സ ആരംഭിക്കുമെന്ന സൂചനകള്‍ ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. ഇതിനിടയിലാണ് ചികിത്സ നിഷേധിക്കാന്‍ അപ്രതീക്ഷിതമായി ഉന്നതങ്ങളില്‍ നിന്ന് ശ്രമമുണ്ടായത്.
മഅ്ദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ഹാജരാക്കി അടുത്ത ദിവസം തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ സിറാജിനോട് പറഞ്ഞു.

Latest