മനുഷ്യാവകാശ കമ്മീഷനിലെത്തുന്ന പരാതികളില്‍ വന്‍ വര്‍ധന

Posted on: December 10, 2013 5:16 am | Last updated: December 9, 2013 at 11:17 pm

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഫയല്‍ ചെയ്യപ്പെടുന്ന പരാതികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം ഡിസംബര്‍ ഏഴ് വരെ 8,375 പരാതികളാണ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ജനുവരി മുതല്‍ ഡിസംബര്‍ വരെ ആകെ 7,489 പരാതികളാണ്. 2011ല്‍ ഇത് 5,561 ആയിരുന്നു. രാജ്യം ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റ 65ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പരാതികളില്‍ വര്‍ധനയെന്നത് ശ്രദ്ധേയമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെ ബി കോശി പറയുന്നു.
ഭരണ നേതൃത്വമോ മേലുദ്യോഗസ്ഥരോ അറിയാതെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതികള്‍ സാധാരണക്കാരന്റെ സൈ്വര ജീവിതത്തെ ബാധിക്കുന്നതാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇത്തരം പരാതികള്‍ വര്‍ധിക്കുകയാണ്. കമ്മീഷന്റെ ഒട്ടുമിക്ക ഉത്തരവുകളും സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. കമ്മീഷന് കിട്ടുന്ന 40 ശതമാനം പരാതികളും ആദ്യത്തെ നോട്ടീസിലോ ഒന്നോ രണ്ടോ സിറ്റിംഗുകളിലോ പരിഹരിക്കപ്പെടുന്നതായും കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോക മനുഷ്യാവകാശ ദിനത്തിന്റെ 65ാം വാര്‍ഷികം ഇന്ന് രാവിലെ 10ന് വി ജെ ടി ഹാളില്‍ മന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യും. ‘മനുഷ്യവകാശ സംരക്ഷണത്തില്‍ പോലീസിന്റെ പങ്ക്’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഇന്റലിജന്‍സ് എ ഡി ജി പി. സെന്‍കുമാര്‍, നുവാല്‍സ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍ കെ ജയകുമാര്‍, ലോ കോളജ് അധ്യാപകന്‍ ഡോ. എന്‍ കൃഷ്ണ കുമാര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. നിയമ വകുപ്പ് സെക്രട്ടറി സി പി രാമരാജപ്രേമപ്രസാദ്, മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി സി കെ പത്മാകരന്‍, ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡി ഐ ജി. എസ് ശ്രീജിത്ത് പ്രസംഗിക്കും.