ഹെല്‍മറ്റ്, വേഗപ്പൂട്ട് പരിശോധന: സംസ്ഥാനത്ത് 137 പേര്‍ക്കെതിരെ നടപടി

Posted on: December 10, 2013 6:00 am | Last updated: December 9, 2013 at 11:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ റോഡ് നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയ 137 പേര്‍ക്കെതിരെ നടപടിയെടുത്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു. ഇന്നലെ നടത്തിയ വാഹനപരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെയും വേഗപ്പൂട്ട് ഘടിപ്പിക്കാതെയും വാഹനങ്ങള്‍ നിരത്തിലിറക്കിയ 137 പേരാണ് നടപടിക്ക് വിധേയമായത്. മൊത്തം 950 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 493 എണ്ണം ഇരുചക്രവാഹനങ്ങളായിരുന്നു. ഇതില്‍ ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 104 പേര്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നോട്ടീസ് നല്‍കി.
എറണാകുളത്ത് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. ഇവിടെ 41 പേരാണ് നടപടിക്ക് വിധേയമായത്. മറ്റ് സ്ഥലങ്ങളില്‍ നടപടിക്ക് വിധേയമായവരുടെ കണക്ക് താഴെ. വടകര (11), കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍-എന്‍ഫോഴ്‌സ്‌മെന്റ് (എട്ട്), തൃശൂര്‍ (ഏഴ്), ഇടുക്കി (ആറ്), തിരുവനന്തപുരം-എന്‍ഫോഴ്‌സ്‌മെന്റ് (അഞ്ച്), മൂവാറ്റുപുഴ (നാല്), പാലക്കാട്, വയനാട്, കൊല്ലം എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടിക്ക് വിധേയമായി.
വേഗപ്പൂട്ട് ഘടിപ്പിക്കാതെ നിരത്തില്‍ വാഹനം ഓടിച്ചതിന് 33 വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. ടിപ്പര്‍ ലോറികളാണ് വേഗപ്പൂട്ട് ഘടിപ്പിക്കാത്തതിന് ഏറ്റവും കൂടുതല്‍ പിടിക്കപ്പെട്ടത്. 24 ടിപ്പര്‍ ലോറികള്‍ പിടിക്കപ്പെട്ടതില്‍ 14 എണ്ണവും എറണാകുളം ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റാണ് പിടികൂടിയത്. ഇത് കൂടാതെ സംസ്ഥാനത്തൊട്ടാകെ അഞ്ച് സ്വകാര്യബസുകളും മൂന്ന് കെ എസ് ആര്‍ ടി സി ബസുകളും ഒരു സ്‌കൂള്‍ ബസും വേഗപ്പൂട്ട് ഘടിപ്പിക്കാത്തതിന് നടപടിക്ക് വിധേയമായി. അടുത്ത ദിവസങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്നും റോഡ് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.