Connect with us

Wayanad

മെഡിക്കല്‍ കോളജ്: ഭൂമി ഇ എഫ് എല്ലില്‍ ഉള്‍പ്പെട്ടതാണെന്ന് റവന്യു വകുപ്പ്‌

Published

|

Last Updated

കല്‍പറ്റ: വയനാട്ടില്‍ അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഉടക്ക് വീഴുന്നു. കോട്ടത്തറ വില്ലേജില്‍ ഉള്‍പ്പെട്ടതും കല്‍പറ്റയില്‍ നിന്ന് നാലര കിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്നതുമായ വെള്ളമ്പാടിയില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
മുന്‍ ലോക്‌സഭാംഗവും ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ട്രഷററുമായിരുന്ന എം കെ ജിനചന്ദ്രന്റെ പുത്രനും പ്രമുഖ പ്ലാന്ററൂമായ എം ജെ വിജയപത്മന്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കാമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാറിനെ അറിയിച്ചതാണ്.
ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യായി കൊടുക്കാമെന്നേറ്റ ഭൂമി ഏറ്റെടുക്കാന്‍ ഇക്കൊല്ലമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ട്രസ്റ്റ് ഇതിനായി മുന്നോട്ടുവെച്ച രണ്ട് നിബന്ധനകളും സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മുന്‍ എം പി -എം കെ ജിനചന്ദ്രന്റെ പേരിലാവണം പുതിയ മെഡിക്കല്‍ കോളജ് എന്നതായിരുന്നു ഒരു നിബന്ധന. ഇത് കാര്യമായ ചര്‍ച്ചയില്ലാതെ തന്നെ സര്‍ക്കാര്‍ അംഗീകരിച്ചു. വയനാട്ടിലെ ആദിവാസികള്‍ അടക്കം ഏറ്റവും പാവപ്പെട്ട വീടുകളില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ഥികള്‍ക്ക് വീതം ഒരോ വര്‍ഷവും പ്രവേശനം നല്‍കാന്‍ സംവരണം ഏര്‍പ്പെടുത്തണമെന്നതായിരുന്നു രണ്ടാമത്തെ നിര്‍ദേശം.
നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ ഉറപ്പ് നല്‍കി ഉത്തരവ് ഇറക്കിയത്. സൗജന്യമായി ലഭിക്കുന്ന 50 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കെട്ടിട സൗകര്യങ്ങള്‍ ഉണ്ടാക്കും വരെ കൈനാട്ടിയിലെ ജനറല്‍ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം വന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും തുടങ്ങിവെച്ചു. എന്നാല്‍ ഇപ്പോള്‍ ഈ ഭൂമി ഏറ്റെടുക്കുന്നതില്‍ റവന്യൂ വകുപ്പ് ഉടക്കിട്ടിരിക്കുകയാണ്.
ഇ എഫ് എല്ലില്‍ ഉള്‍പ്പെട്ട ഭൂമിയാണെന്നും ഇത് ഏറ്റെടുത്താല്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന എതിര്‍നോട്ടാണ് റവന്യൂ വകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ കല്‍പറ്റയില്‍ അനുവദിച്ച മെഡിക്കല്‍ കോളജ് ഇവിടെ നിന്ന് മാറ്റേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഏറ്റവും ഒടുക്കം മുഖ്യമന്ത്രി ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ 50 ഏക്കര്‍ സര്‍ക്കാറിന് അവകാശപ്പെട്ട മിച്ചഭൂമിയാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് തുറന്നു സമ്മതിക്കേണ്ടിവന്നു. അതോടെ 50 ഏക്കര്‍ കഴിച്ചുള്ള 25 ഏക്കര്‍ വിലകൊടുത്ത് വാങ്ങിയാല്‍ മതിയെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്.

Latest