ഗ്രോബാഗ് പദ്ധതി ഉപേക്ഷിക്കുന്നു

Posted on: December 9, 2013 5:59 am | Last updated: December 9, 2013 at 11:15 am

grow hhhകണ്ണൂര്‍: നഗരവാസികള്‍ക്കിടയില്‍ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിഷമുക്തമായ പച്ചക്കറി ലഭ്യമാക്കുന്നതിനുമായി ശാസ്ത്രീയമായി മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യാനുള്ള ഗ്രോബാഗ് പദ്ധതി കൃഷി വകുപ്പ് ഉപേക്ഷിക്കുന്നു. പ്രായോഗികമായി പദ്ധതി നടപ്പാക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കാരണം. ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായ പോളിഹൗസ് പദ്ധതി പൊളിഞ്ഞതിന് പിന്നാലെയാണ് ഗ്രോബാഗ് പദ്ധതിയും അകാല ചരമം പ്രാപിക്കുന്നത്. മട്ടുപ്പാവ് കൃഷി ഒരു സംസ്‌കാരമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തുടങ്ങിയത്.
എന്നാല്‍ അനുഭവജ്ഞാനമുള്ള കര്‍ഷകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാത്തതും ഗവേഷകരുടെയും ഉദ്യോഗസ്ഥരുടെയും ഉപദേശം മാത്രം സ്വീകരിച്ചതുമാണ് പദ്ധതിക്ക് സംഭവിച്ച പിഴവ്. കൊട്ടിഘോഷിച്ച് ഇത് നടപ്പാക്കുന്നതിന് മുമ്പ് സാധ്യതാ പഠനവും നടത്തിയില്ല. പച്ചക്കറികളുടെ വിലക്കയറ്റവും കീടനാശിനിവ്യാപനവും ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ചോര്‍ന്നതല്ലാതെ പദ്ധതികൊണ്ട് മറ്റ് പ്രയോജനമുണ്ടായില്ല.
ചാക്കില്‍ മണ്ണ് നിറച്ച് കൃഷി ചെയ്യുന്ന പഴഞ്ചന്‍ രീതിക്ക് ബദലായാണ് ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്ന പുതിയ സംവിധാനം സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. പുറംഭാഗത്ത് വെളുപ്പും അകത്ത് കറുപ്പും നിറവുമുള്ള ഗ്രോബാഗില്‍ മൂന്ന് തവണ ആവര്‍ത്തിച്ച് കൃഷി ചെയ്യാം. സൂര്യപ്രകാശം സ്വാംശീകരിക്കുന്നതാണ് ഇതിലെ ശാസ്ത്രീയത. പുറം രാജ്യങ്ങളില്‍ ഈ കൃഷി രീതി വലിയ വിജയം നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത് കേരളത്തില്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചത്.
വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കാര്‍ഷിക സര്‍വകലാശാല, ചില സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേനയാണ് കൃഷിക്കുവേണ്ട ഗ്രോബാഗ് വിതരണം ചെയ്യാന്‍ കൃഷി വകുപ്പ് തീരുമാനിച്ചത്. സീഡ് അതോറിട്ടിക്കായിരുന്നു പദ്ധതിയുടെ പൂര്‍ണ ചുമതല. നിശ്ചിത കാലം വളര്‍ത്തിയ പച്ചക്കറിച്ചെടികള്‍ നട്ടുപിടിപ്പിച്ച ബാഗുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്. 2,000 രൂപ വിലയുള്ള ബാഗ് 1,500 രൂപ സബ്‌സിഡിയും 500 രൂപ ഉപഭോക്തൃ വിഹിതവുമായാണ് നല്‍കിയത്. എന്നാല്‍ പണം അടച്ച് കാത്തിരുന്ന കൃഷിക്കാര്‍ പലരും കബളിക്കപ്പെട്ടു. ചിലയിടങ്ങളില്‍ കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും പാഴായി. നിസ്സാര തുകക്ക് സജ്ജീകരിക്കാവുന്ന ബാഗിന്റെ മറവില്‍ വന്‍ സബ്‌സിഡി കൃഷി വകുപ്പിലെ ഉന്നതര്‍ വെട്ടിച്ചതായുള്ള ആരോപണവും ഉയര്‍ന്നു.
പദ്ധതി വഴി വിതരണം ചെയ്ത ഗ്രോബാഗിലെ വെണ്ട, പച്ചമുളക്, വഴുതിന, തക്കാളി എന്നീ ചെടികളില്‍ ഒരു ഫലം പോലും കായ്ച്ചിട്ടില്ലെന്നാണ് കര്‍ഷകരുടെ മറ്റൊരു പരാതി. വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി തുടങ്ങിയ ദുര്‍ബലമായ പച്ചക്കറിച്ചെടികള്‍ ദിവസങ്ങളോളം വളര്‍ത്തിയാണ് കൃഷിക്കാരന്റെ വീട്ടുമുറ്റത്ത് എത്തിക്കേണ്ടത്. സാധാരണ വാഹനങ്ങളില്‍ കയറ്റിയക്കുന്ന മുളപ്പിച്ച ചെടികള്‍ ലക്ഷ്യത്തിലെത്തും മുമ്പ് വാടിക്കരിയും. ശീതീകരിച്ച വാഹനങ്ങളില്‍ ഇവ എത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കാതെയാണ് കൃഷി വകുപ്പ് എടുത്തു ചാടിയത്. പലയിടത്തും ഭരണപക്ഷ സംഘടനകള്‍ തന്നെ പദ്ധതിക്കെതിരായി രംഗത്തുവന്നതും ഗ്രോബാഗ് പരിപാടിയുടെ പതനത്തിന് കാരണമായി.

ALSO READ  പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യാനൊരുങ്ങി ഝാര്‍ഖണ്ഡ്