സി ബി എസ് ഇ സംസ്ഥാന കലോത്സവം മാളയില്‍

Posted on: December 8, 2013 7:32 am | Last updated: December 8, 2013 at 7:32 am

തൃശൂര്‍: സി ബി എസ് ഇ 19-ാം സംസ്ഥാന കലോത്സവം മാള ഹോളി ഗ്രേയ്‌സ് അക്കാദമിയില്‍ 12 മുതല്‍ 15 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 12 ന് വൈകീട്ട് 3.30 ന് വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് ഉദ്ഘാടനം നിര്‍വഹിക്കും. ടി എന്‍ പ്രതാപന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
12 ന് രാവിലെ 9 ന് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. കെ വര്‍ഗീസ് പതാക ഉയര്‍ത്തുന്നതോടെ 15 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 136 ഇനങ്ങളിലാണ് മത്സരങ്ങള്‍. 13 ന് വൈകുന്നേരം ഏഴിന് ആകാശവര്‍ണ മഴയും, തുടര്‍ന്ന് മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള കലാപ്രതിഭകളുടെ പ്രതിജ്ഞയും നടക്കും.
14 ന് പ്രകൃതി സംരക്ഷണത്തിനും മാലിന്യമുക്ത കേരളത്തിനും വേണ്ടി വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുക്കും. സമാപന സമ്മേളനം കെ പി ധനപാലന്‍ എം പി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് ഗോകുലം ഗോപാലന്‍ ഏര്‍പ്പെടുത്തിയ ശബരീഷ് ഗോപാലന്‍ സ്വര്‍ണക്കപ്പ് ചലച്ചിത്ര നടി മഞ്ജു വാര്യര്‍ സമ്മാനിക്കും. ടി എന്‍ പ്രതാപന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ടി പി എം ഇബ്രാഹിംഖാന്‍, ജനറല്‍ സെക്രട്ടറി ഡോ ഇന്ദിര രാജന്‍, ഡോ രാജു ഡേവിസ് പങ്കെടുത്തു.