പൊന്നിന്‍ വിജയം നേടിയ അനന്തുവിന് ഗുരുവായൂരില്‍ സ്വീകരണം നല്‍കി

Posted on: December 8, 2013 7:00 am | Last updated: December 8, 2013 at 7:20 am

ഗുരുവായൂര്‍: ബാംഗളുരുവില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹൈജമ്പില്‍ സ്വര്‍ണം കരസ്ഥമാക്കിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥി കെ എസ് അനന്തുവിന് ഗുരുവായൂരില്‍ സ്വീകരണം നല്‍കി.
നഗരസഭയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ അനന്തുവിനെയും പരിശീലകന്‍ സി എം നെല്‍സണ്‍ മാസ്റ്ററെയും ഗുരുവയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഘോഷയാത്രയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് നഗരസഭ ഓഫീസില്‍ നടന്ന അനുമോദന സമ്മേളനം പി എ മാധവന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കായികാധ്യാപകന്‍ നെല്‍സണ്‍ മാസ്റ്റര്‍, ട്രെയിനര്‍ രഘു എന്നിവരെയും ആദരിച്ചു. ഗുരുവായൂര്‍ ദേവസ്വം അനന്തുവിന്റെ വിജയത്തില്‍ അനുമോദിച്ച് അനന്തുവിന് 60,000രൂപ നല്‍കാന്‍ തീരുമാനിച്ചു.
കായിക നേട്ടത്തിനുള്ള സമ്മാനമായി 25,000രൂപയും റാഞ്ചിയില്‍ നടക്കാനിരിക്കുന്ന നാഷനല്‍ മീറ്റില്‍ പങ്കെടുക്കുന്നതിലേക്കായി 35,000 രൂപയുമാണ് അനുവദിച്ചത്. നെല്‍സണ്‍ മാസ്റ്റര്‍ക്ക് 10,000 രൂപയും ദേവസ്വം അനുവദിച്ചു. ദേവസ്വം ഓഫീസില്‍ ഭരണസമിതി ഹാളില്‍ നടന്ന ചടങ്ങില്‍ അനന്തുവിനെ അനുമോദിച്ചു.