പ്ലാറ്റൂണ്‍ തൃശൂരിന്റെ രജതജൂബിലി ആഘോഷം ഇന്ന്‌

Posted on: December 8, 2013 7:00 am | Last updated: December 8, 2013 at 7:18 am

തൃശൂര്‍: പ്ലാറ്റൂണ്‍ തൃശൂരിന്റെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് സാഹിത്യ അക്കാദമിയില്‍ പി സി ചാക്കോ നിര്‍വഹിക്കും. നിയമസഭാ സാമാജികനായി 25 വര്‍ഷം പൂര്‍ത്തീകരിക്കുന്ന തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍ എയെ ആദരിക്കുമെന്ന് പ്ലാറ്റൂണ്‍ തൃശൂര്‍ ജനറല്‍ കണ്‍വീനര്‍ മാത്യു മാമ്പിള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു.
വികലാംഗ സംഘടനക്കുള്ള വീല്‍ചെയര്‍ വിതരണം, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിലേക്കുള്ള സൗജന്യ ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണം, തൃശൂര്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് കഞ്ഞി നല്‍കുന്നതിനുള്ള സാമ്പത്തിക സഹായ വിതരണം, ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായവിതരണം തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ നിര്‍വഹിക്കും. സംഘടനയുടെ എല്ലാ അംഗങ്ങളുടേയും അവയവദാന സമ്മതപത്രം കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിന് കൈമാറും.
25 വര്‍ഷം സംഘടനയുടെ രക്ഷാധികാരികളായി പ്രവര്‍ത്തിച്ച ജോസ് ആലുക്ക, ജോസ് ചിരിയങ്കണ്ടത്ത്, അഡ്വ. ഖാലിദ് എന്നിവരെ മേയര്‍ ഐ പി പോള്‍ പൊന്നാടയണിയിച്ച് ആദരിക്കും. പ്ലാറ്റൂണ്‍ തൃശൂര്‍ പ്രസിഡന്റ് മനോജ് ജോര്‍ജ്, സെക്രട്ടറി ആര്‍ മനോജ്കുമാര്‍, ട്രഷറര്‍ ഡേവീസ് പുലിക്കോട്ടില്‍, ഷാജു ഡേവിസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.