Connect with us

Kozhikode

അയല്‍പക്ക പഠനകേന്ദ്രങ്ങളുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Published

|

Last Updated

വടകര: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന വിജയോത്സവം പരിപാടിയുടെ ഭാഗമായി രൂപവത്കരിക്കുന്ന അയല്‍പക്ക പഠനകേന്ദ്രങ്ങളുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി.
വിദ്യാര്‍ഥികളുടെ പഠനപ്രക്രിയയില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു മാസക്കാലമായി ഇതിന്റെ ഭാഗമായി പ്രാദേശിക കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്.
പ്രാദേശിക കേന്ദ്രങ്ങളായ വായനശാലകള്‍, കലാസമിതികള്‍, പ്രൈമറി സ്‌കൂളുകള്‍, കമ്യൂണിറ്റി സെന്ററുകള്‍, തുടങ്ങിയ സെന്ററുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഒത്തുചേരാനും പഠനകാര്യങ്ങള്‍ പങ്കുവെക്കാനും സാധിക്കുന്ന വിധത്തിലാണ് പഠനകേന്ദ്രങ്ങളുടെ സംഘാടനം, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ലൈബ്രറി, കലാ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ മുഴുവന്‍ എസ് എസ് എല്‍ സി വിദ്യാര്‍ഥികളേയും ഉന്നത ഗ്രേഡോടെ വിജയിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുരേഷ്ബാബു നിര്‍വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ്ബാബു ക്ലാസെടുത്തു.
പി ടി എ പ്രസിഡന്റ് കെ പി സത്യന്‍ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, പ്രിന്‍സിപ്പല്‍ ജിനീഷ്‌കുമാര്‍, എന്‍ കെ ഹാഷിം, കെ ഹാരിസ്, വി കെ രാജീവന്‍, കെ പി പ്രേമചന്ദ്രന്‍, കെ സി പവിത്രന്‍, തഹസില്‍ദാര്‍ ടി ജനില്‍കുമാര്‍ പ്രസംഗിച്ചു.

Latest