Connect with us

Kannur

സുന്നി നേതാക്കള്‍ ഇടപെട്ടു; സഊദി ജയിലില്‍ നിന്ന് മലയാളിക്ക് മോചനം

Published

|

Last Updated

കൂത്തുപറമ്പ്: ഉംറ ചെയ്യാനെത്തി മക്കയിലെ ജയിലിലായ മലയാളിക്ക് സുന്നി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് മോചനം. കൂത്തുപറമ്പ് മാലൂര്‍ ഇടുമ്പയിലെ റിയാസ് മന്‍സിലില്‍ മൊയ്തൂട്ടി(50)യാണ് പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ഉംറ ഗ്രൂപ്പ് വഴിയാണ് മൊയ്തൂട്ടി ഉംറക്കെത്തിയത്. ത്വവാഫിനിടയില്‍ വീണു കിടന്ന മൊബൈല്‍ ഫോണ്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ഹറമിലെ സി സി ടി വിയില്‍ രംഗം പതിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 20ന് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ എടുക്കുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് പിടികൂടിയത്. രണ്ട് മാസത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയിട്ടും മോചനം അസാധ്യമായപ്പോള്‍ ഗള്‍ഫിലും നാട്ടിലുമുള്ള സംഘടനകളുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ, സഊദിയിലെ കര്‍ശന നിയമങ്ങള്‍ക്ക് മുന്നില്‍ സഹായ നീക്കങ്ങളെല്ലാം വിഫലമായി. എന്നാല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നിരന്തര ഇടപെടലിലൂടെ മോചനത്തിന് വഴിതെളിയുകയായിരുന്നുവെന്ന് മൊയ്തൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഊദിയിലെ സുന്നി സംഘടനകളും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.
അതേസമയം, മക്കയിലെ കെ എം സി സി നേതാവ് മുജീബുറഹ്മാന്‍ പൂക്കോട്ടൂര്‍ എന്നയാള്‍ സഹായിക്കാന്‍ അമ്പതിനായിരം റിയാല്‍ ആവശ്യപ്പെട്ടതായും മൊയ്തൂട്ടി വെളിപ്പെടുത്തി. കണ്ണൂരിലെ മുസ്‌ലിം ലീഗ് നേതാവ് അന്‍സാരി തില്ലങ്കേരിയുമായി ബന്ധപ്പെട്ടപ്പോള്‍ ലീഗുകാരനല്ലെന്നും കാന്തപുരത്തിന്റെ ആളായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നുമുള്ള പ്രതികരണം തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയതായും മൊയ്തൂട്ടി പറയുന്നു.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോള്‍ ജയില്‍മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജില്ലയിലെ ലീഗ് നേതാക്കളാണെന്ന നിലക്കായിരുന്നു ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയെന്നും ഇതില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇ അഹമ്മദിന്റെ ഭാഗത്തു നിന്ന് അനുകൂല സമീപനമുണ്ടായതായി അദ്ദേഹം പറഞ്ഞു.

Latest