Connect with us

Idukki

ഇടുക്കിയില്‍ നാളെ ജനസമ്പര്‍ക്കം

Published

|

Last Updated

തൊടുപുഴ: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പുകയുന്ന ഇടുക്കിയില്‍ കനത്ത സുരക്ഷാ വലയത്തില്‍ നാളെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. മുഖ്യമന്ത്രിയെ ഹൈറേഞ്ച് സംരക്ഷണ സമിതി തടയുമെന്നും എല്‍ ഡി എഫ് ഉപരോധിക്കുമെന്നും തടഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ് നോക്കിനില്‍ക്കില്ലെന്ന മുന്നറിയിപ്പുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് മൈതാനിയില്‍ പരിപാടി നടക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍, എ ഡി എം പി എന്‍ സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1,902 പോലീസുകാരുടെ സേവനമാണ് വേദിയിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. പാസില്ലാതെ ഉദ്യോഗസ്ഥരെയോ മാധ്യമപ്രവര്‍ത്തകരെയോ പ്രവേശിപ്പിക്കില്ല. 16 ഡി വൈ എസ് പിമാര്‍, 50 സി ഐമാര്‍, 264 എസ് ഐമാര്‍, 1, 431 പോലീസുകാര്‍, 140 വനിതാ പോലീസുകാര്‍ എന്നിവരടങ്ങുന്ന വലിയ സംഘമാണ് സുരക്ഷാ വലയം ഒരുക്കുന്നത്. ജില്ലാ പോലീസ് മേധാവി ഷെയ്ഖ് അന്‍വറുദ്ദീനാണ് സുരക്ഷക്ക് നേതൃത്വം നല്‍കുന്നത്.
ഇതുവരെ 4,007 അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ചിരിക്കുന്നത്. ഇവയില്‍ 271 പരാതികള്‍ മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കും. പുതിയ അപേക്ഷകര്‍ക്കായി കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
വിശാലമായ പന്തലും 25 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുളള വേദിയും തയ്യാറായിക്കഴിഞ്ഞു. എ, ബി എന്നിങ്ങനെ രണ്ട് പ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പന്തലിന്റെ വേദിയോടു ചേര്‍ന്നുളള പ്ലോട്ട് എ പരിഗണിക്കപ്പെടുന്ന പരാതിക്കാര്‍ക്കും പ്ലോട്ട് ബി ഊഴം കാത്തിരിക്കുന്ന പരാതിക്കാര്‍ക്കുമായാണ്. നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ സൗകര്യത്തിനായി ദേവികുളം, നെടുങ്കണ്ടം, പീരുമേട് താലൂക്കുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെയാണ് അപേക്ഷകള്‍ ഇവിടെ സ്വീകരിക്കുക.

---- facebook comment plugin here -----

Latest