Connect with us

International

ആഗോള വ്യാപാര കരാര്‍ ഡബ്ല്യു ടി ഒ അംഗീകരിച്ചു

Published

|

Last Updated

ബാലി: ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗോള കരാറിന് ലോക വ്യാപാര സംഘടന (ഡബ്ല്യൂ ടി ഒ) യുടെ അംഗീകാരം. ആദ്യമായാണ് ഇത്തരത്തിലൊരു വ്യാപാര കരാര്‍ നിലവില്‍ വരുന്നത്. 159 രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ മന്ത്രിമാരാണ് കരാറില്‍ ഒപ്പു വെച്ചത്.
ഇന്തോനേഷ്യയിലെ ബാലിയിലാണ് ഇതിനുള്ള ആഗോള സംഗമം ചേര്‍ന്നത്. അതിരുകളില്ലാത്ത വ്യാപാരം എന്ന ലക്ഷ്യമാണ് കരാര്‍ മുന്നോട്ടുവെക്കുന്നത്. ദരിദ്ര രാജ്യങ്ങളിലേക്ക് വികസിത രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
ഡ്യൂട്ടി ഫ്രീ ആയി ഇത്തരം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങളെത്തിക്കുകയാണ് ചെയ്യുക. താരതമ്യേന കുറഞ്ഞ വിലയില്‍ ആഗോള ഉത്പന്നങ്ങള്‍ ഇത്തരം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് കരാറിന്റെ സവിശേഷത. അതേസമയം തങ്ങളുടെ ഉത്പന്നങ്ങള്‍ എല്ലായിടത്തും എത്തിക്കുന്നതിനും കച്ചവടം നടത്തുന്നതിനും മറ്റ് രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടാകും.
ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കരാറെന്ന് ഡബ്ല്യു ടി ഒ അധികൃതര്‍ പറഞ്ഞു. 1995 മുതല്‍ ലോക രാജ്യങ്ങളുടെ പ്രതീക്ഷയാണ് സഫലമാകുന്നതെന്ന് ഡബ്ല്യു ടി ഒ മേധാവി റോബര്‍ടോ അസെവെഡോ പറഞ്ഞു.
രാജ്യങ്ങള്‍ക്കിടയില്‍ ഉത്പന്നങ്ങളെത്തിക്കുമ്പോഴുള്ള വിവിധ നികുതികളിലെ ഇളവാണ് ഉപഭോക്താക്കള്‍ക്ക് നേട്ടമാകുക. ഏന്നാല്‍ ഏകീകൃത രീതിയിലുള്ള പ്രവേശ നികുതികള്‍ മാത്രമാകും രാജ്യങ്ങള്‍ക്ക് ലഭിക്കുക. ലോഗോസില്‍ നിന്ന് നൈജീരിയയിലെ അബൂജയിലേക്ക് ഒരു ഉത്പന്നം റോഡ് വഴി എത്തിക്കുമ്പോള്‍ 69 ചെക്ക്‌പോയിന്റുകളാണ് താണ്ടേണ്ടത്.
ഇത്തരം കടമ്പകളും ഓരോ സ്ഥലത്തെ ഡ്യൂട്ടിയും ഒഴിവാകും. സാധനങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരു സ്ഥലത്തെത്തുമ്പോഴുള്ള സമയ ദൈര്‍ഘ്യവും ധനനഷ്ടവുമെല്ലാം പരിഹരിക്കാന്‍ പുതിയ കരാറിന് കഴിയും.
എല്ലാ ഡബ്യൂ ടി ഒ അംഗരാജ്യങ്ങള്‍ക്കും കരാറിന്റെ ഗുണം ലഭിക്കുമെന്ന് ഇന്തോനേഷ്യന്‍ വ്യാപാര മന്ത്രി ഗിറ്റ വിര്‍ജാവന്‍ പറഞ്ഞു. അതേസമയം, പാശ്ചാത്യ വികസിത രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വികസ്വര രാജ്യങ്ങളില്‍ വിറ്റഴിക്കപ്പെടുന്നതിനും അവിടുത്തെ തദ്ദേശീയ കമ്പനികള്‍ വന്‍ മത്സരം നേരിടുന്നതിനും കരാര്‍ വഴിവെക്കുമെന്ന വിമര്‍ശം ശക്തമാണ്. ചെറു സംരംഭങ്ങളുടെ അന്ത്യവും ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ മുന്നേറ്റവുമാണ് കരാര്‍ വിഭാവനം ചെയ്യുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.