കെ എസ് ആര്‍ ടി സി ബസ് ഓട്ടം നിര്‍ത്തി; സബ്ഡിപ്പോ നാട്ടുകാര്‍ ഉപരോധിച്ചു

Posted on: December 8, 2013 12:29 am | Last updated: December 7, 2013 at 9:31 pm

കാഞ്ഞങ്ങാട്: മലയോരമേഖലയിലേക്ക് ഇരുപത് വര്‍ഷത്തോളമായി സര്‍വീസ് നടത്തിവരികയായിരുന്ന കെ എസ് ആര്‍ ടിസി ഓട്ടംനിര്‍ത്തി. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോര ജനത കാഞ്ഞങ്ങാട് കെ എസ് ആര്‍ ടി സി സബ് ഡിപ്പോയിലെ അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ഉപരോധിച്ചു.
കാഞ്ഞങ്ങാട്ട് നിന്ന് ഒടയംചാല്‍, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ വഴി ചിറ്റാരിക്കാലിലേക്ക് ഇരുപത് വര്‍ഷക്കാലമായി സര്‍വീസ് നടത്തിവരികയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് പൊട്ടെന്ന് ഓട്ടം നിര്‍ത്തിയത്.
കാഞ്ഞങ്ങാട്ട് നിന്നും വൈകുന്നേരം 6.45നാണ് ഈ ബസ് പുറപ്പെട്ടിരുന്നത്. ഈ റൂട്ടിലൂടെയുള്ള അവസാനത്തെ ബസ് കൂടിയാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഇതുമൂലം മലയോര പ്രദേശങ്ങളിലെ യാത്രക്കാര്‍ രാത്രി കാലങ്ങളില്‍ വാഹനം കിട്ടാതെ വലയുകയാണ്. രാത്രി സര്‍വീസ് നിര്‍ത്തിയ കെ എസ് ആര്‍ ടി സി ബസ് ഇപ്പോള്‍ രാവിലെ 5 മണിക്ക് മലയോരത്തേക്ക് കാഞ്ഞങ്ങാട്ടുനിന്നും സര്‍വീസ് നടത്തുന്നു. അതേസമയം രാത്രിയില്‍ ഈ റൂട്ടില്‍ ഒരു ബസും സര്‍വീസ് നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നത്. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ഉപരോധിച്ച സമരപരിപാടിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ സാബുഎബ്രഹാം, മുന്‍ എം എല്‍ എ. എം കുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സഹദേവന്‍, സി പി ബാബു, ടി സി രാമചന്ദ്രന്‍, എ സി ജോസ്, ജനാര്‍ദ്ദനന്‍, എം വി രാജു നേതൃത്വം നല്‍കി.