Connect with us

Wayanad

വിദ്യാഭ്യാസ വിപ്ലവത്തിന് മുന്നിട്ടിറങ്ങുക: കാന്തപുരം

Published

|

Last Updated

മാനന്തവാടി: വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ യഥാര്‍ഥ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഇതിനായുള്ള ശക്തമായ മുന്നേറ്റങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും സുന്നീ ജംഇയത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
മാനന്തവാടിക്കടുത്ത് കല്യാണത്തം പള്ളിക്കലില്‍ മദീനതുന്നസ്വീഹ അത്തഅ്‌ലീമിയ്യ (നസ്വീഹ സെന്റര്‍ ഫോര്‍ നോളജ് ആന്റ് ക്വസ്റ്റി ) വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് ഉന്നത പഠനം ഇന്നും സ്വപ്‌നമാണ്. മിടുക്കരായ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങായി അവരുടെ അഭിരുചിക്കനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദഗ്ധ അക്കാദമിക് പഠനത്തിനും തുടര്‍ന്ന് ഉന്നത തൊഴല്‍ മേഖലകളിലേക്കും കാരന്തൂര്‍ സുന്നി മര്‍കസും അനുബന്ധ സ്ഥാപനങ്ങളും എത്തിക്കുന്നുണ്ട്. കാശ്മീര്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും തീവ്ര വാദത്തിലേക്കും വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും പലരും എത്തിയത് അവര്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കാനോ യാഥാര്‍ഥ ദിശയിലേക്ക് നയിക്കാനോ ശക്തമായ നേതൃത്വമോ, സംവിധാനമോ ഇല്ലാതെ പോയത് കൊണ്ടാണ്. ഇത്തരം സംസ്ഥാനങ്ങളില്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ സമഗ്രമായ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്നു. അറിവാണ് മനുഷ്യന്റെ യഥാര്‍ഥ ആയുധമെന്നാണ് വിശുദ്ധ ഇസ്‌ലാം നല്‍കുന്ന സന്ദേശം. സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ സുന്നികള്‍ ഭിന്നിക്കരുത്. സ്‌നേഹവും ഐക്യവും അന്യ സമുദായങ്ങളോടുള്ള സൗഹാര്‍ദ്ദവുമായിരിക്കണം ഓരോ ഗ്രാമങ്ങളിലും നമ്മെ നയിക്കേണ്ടത്.കാന്തപുരം തുടര്‍ന്ന് പറഞ്ഞു. ധര്‍മ്മാധിഷ്ഠിത വിദ്യാഭ്യാസവും സമൂഹത്തോട് കടപ്പാടുള്ള യുവ തലമുറയുമാണ് നമുക്ക് ആവശ്യം.ഇതിനു കൂട്ടായ ശ്രമങ്ങളുണ്ടാവണം, കാന്തപുരം പറഞ്ഞു. നട്ടുച്ച വെയിലിലും വാതീന്നസ്വീഹയില്‍ കാന്തപുരത്തിന്റെ പ്രസംഗം ശ്രവിക്കുന്നതിന് നൂറുക്കണക്കിനാളുകള്‍ തടിച്ചു കൂടി. പൊതുസമ്മേളനത്തില്‍ പി ഹസന്‍ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. മര്‍ക്കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, കൂറ്റമ്പാറ അബ്ദുറഹിമാന്‍ദാരിമി , കൈപ്പാണി അബൂബക്കര്‍ ഫൈസി, എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. എസ് ശറഫുദീന്‍ സ്വാഗതവും ജമാലുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു. നേരത്തെ നടന്ന മഖാം സിയാറത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍, എ പി ഉസ്താദ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest