Connect with us

Palakkad

സൈലന്റ്‌വാലിയിലെ അപൂര്‍വ മരസമ്പത്ത് നശിക്കുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: സൈലന്റ്‌വാലി ദേശീയ ഉദ്യാനത്തിലെ അപൂര്‍വ മര സമ്പത്ത് സംരക്ഷിക്കണമെന്നാവശ്യം ശക്തമായി. അട്ടപ്പാടി സൈലന്റ്‌വാലി ദേശീയ ഉദ്യാനത്തിലാണ് വംശനാശം സംഭവിക്കുന്ന അപൂര്‍വയിനം മരങ്ങള്‍ നശിക്കുന്നത്. കേരളത്തിലെ പല കാടുകളിലും കാണാത്ത മരങ്ങളാണ് സൈലന്റ്‌വാലി ഉള്‍ക്കാടുകളിലുള്ളത്. ശക്തമായ കാറ്റിലോ കാലപ്പഴക്കം മൂലമോ മരങ്ങള്‍ നിലംപൊത്തിയാണ് നശിക്കുന്നത്.
എന്നാല്‍ ഇവ വീണ്ടും നട്ടുപിടിപ്പിക്കുന്നതിന് അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെത്രേ. വനവത്കരണത്തിനും മരങ്ങളുടെ സംരക്ഷണത്തിനുമായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് വനം വകുപ്പ് ചെലവഴിക്കുന്നത്. എന്നാല്‍ ഇതൊന്നും ഫലവത്താകാറില്ലെന്നാണ് ആരോപണം.
മറ്റു കാടുകളില്‍ കാണാത്ത രുദ്രാക്ഷം, പശുപതി, പതിമുഖം, അരയാല്‍, തേക്ക് തുടങ്ങിയ മരങ്ങളുടെ അപൂര്‍വ ശേഖരമാണ് സൈലന്റ്‌വാലിയിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ വനംവകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഓരോ മരത്തിലും മരത്തിന്റെ പേരും ശാസ്ത്രീയനാമവും രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഈ ബോര്‍ഡുകള്‍ നശിച്ചു. നിലവില്‍ സൈലന്റ്‌വാലിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മരങ്ങളുടെ പേരോ വിശദ വിവരങ്ങളോ ലഭ്യമല്ല. വനത്തിലെത്തുന്നവര്‍ക്കും പഠനത്തിന് എത്തുന്നവര്‍ക്കുമെല്ലാം ഈ നെയിം ബോര്‍ഡ് ഏറെ സഹായകമായിരുന്നു. എത്രയും വേഗം വംശനാശം നേരിടുന്ന മരങ്ങള്‍ വെച്ചുപിടിപ്പിച്ച് മരങ്ങള്‍ക്ക് നെയിം ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

Latest