Connect with us

Ongoing News

ആ ജയിലില്‍ അനുഭവിച്ചത്

Published

|

Last Updated

റോബന്‍ ദ്വീപിലെ ജയിലിന് നെല്‍സണ്‍ മണ്ടേലയുടെ ജീവിതത്തിലും മരണത്തിലും നിര്‍ണായക സ്ഥാനമുണ്ട്. അദ്ദേഹം സായുധ കലാപ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 1964 മുതല്‍ 18 വര്‍ഷം കഴിഞ്ഞത് ഈ ജയിലിലാണ്. അദ്ദേഹത്തെ വംശവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായി മാറ്റിയതും ഈ ജയില്‍ വാസമാണ്. ഇവിടുത്തെ പീഡാനുഭവങ്ങളുടെ ആത്മവിശ്വാസത്തിലും ജയില്‍വാസത്തിനെതിരെ ഉയര്‍ന്ന ജനവികാരത്തിലുമാണ് അദ്ദേഹം പിന്നീട് രാഷ്ട്രത്തിന്റെ പ്രഥമ പൗരനായി വളര്‍ന്നത്. ഒടുവില്‍ മരണത്തിന് കാരണമായ ശ്വാസകോശ രോഗത്തിന്റെ തുടക്കം ഈ ജയിലിലായിരുന്നുവെന്ന് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നു. ശിക്ഷയുടെ ഭാഗമായി ജയിലില്‍ അദ്ദേഹത്തിന് കടുത്ത ജോലികള്‍ ചെയ്യേണ്ടി വന്നു. ക്വാറിയിലായിരുന്നു പണി. വിശ്രമമില്ലാതെ പൊടിയും അഴുക്കും നിറഞ്ഞ അന്തരീക്ഷത്തില്‍ പണിയെടുത്തതിന്റെ ശേഷിപ്പായി അദ്ദേഹത്തിന് ലഭിച്ചത് കടുത്ത ശ്വാസകോശ രോഗം.

ടേബിള്‍ ഉള്‍ക്കടലിലെ ദ്വീപാണ് റോബന്‍. ഇവിടെ സ്ഥിതി ചെയ്യുന്ന ജയില്‍ സമുച്ചയം എന്ന നിലക്കാണ് ഇത് റോബന്‍ ദ്വീപ് ജയില്‍ എന്നറിയപ്പെടുന്നത്. ഇവിടെ മറ്റു തടവുകാരോടൊപ്പം മണ്ടേലയെ ഒരു ക്വാറിയില്‍ ജോലിയെടുപ്പിച്ചു. കടലിനോട് ചേര്‍ന്നുള്ള ജയിലില്‍ തടവുകാരെ അവരുടെ വര്‍ണമനുസരിച്ച് വേര്‍തിരിച്ചിരുന്നു. കറുത്ത വര്‍ഗക്കാരായിരുന്നു താഴേത്തട്ടില്‍. അതില്‍ തന്നെ രാഷ്ട്രീയ തടവുകാരുടെ സ്ഥിതി മഹാകഷ്ടമായിരുന്നു. ഗൗരവതരമായ കുറ്റങ്ങള്‍ ചെയ്തവരെന്ന നിലക്ക് മണ്ടേലയെയും സഹപ്രവര്‍ത്തകരെയും ഡി ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആറ് മാസത്തിനിടക്ക് ഒരാളെയായിരുന്നു മണ്ടേലക്ക് സന്ദര്‍ശകനായി അനുവദിച്ചത്. ഒരു കത്തും നല്‍കും. കത്ത് ശക്തമായ സെന്‍സര്‍ഷിപ്പിന് വിധേയമായിരുന്നു.
റോബന്‍ ദ്വീപിലെ താമസത്തിനിടക്ക് മണ്ടേല ലണ്ടന്‍ സര്‍വകാലാശാലയില്‍ നിന്ന് വിദൂര പഠന പരിപാടിയിലൂടെ നിയമ ബിരുദം നേടി.
മുതിര്‍ന്ന എന്‍ എന്‍സി നേതാക്കള്‍ക്കൊപ്പം മണ്ടേലയെ 1982ല്‍ പോള്‍സ്മൂര്‍ ജയിലിലേക്ക് മാറ്റി.

Latest