പ്രസിഡന്റ് പഥത്തിലെ മണ്ടേല

  Posted on: December 6, 2013 6:19 pm | Last updated: December 6, 2013 at 6:22 pm

  1990: Nelson Mandela at home on the day after his release from prison1994 ഏപ്രില്‍ 27ന് നടന്ന തെരഞ്ഞെടുപ്പില്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി 62.6 ശതമാനം വോട്ടനേടി അധികാരത്തിലെത്തി.400 അംഗങ്ങളുള്ള 252 സീറ്റ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു.1994 മെയ് 10ന് നാഷണല്‍ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് മണ്ടേല സ്വതന്ത്ര ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ ഒന്നാമത്തെ പ്രസിഡന്റായി അധികാരമേറ്റു. പ്രിട്ടോറിയയില്‍ മണ്ടേല അധികാരമേല്‍ക്കുമ്പോള്‍ കോടിക്കണക്കിന് ജനങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്. ലോക നേതാക്കളടക്കം 4000 പേരാണ് ചടങ്ങിന് അതിഥികളായി എത്തിയത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ ഐക്യ സര്‍ക്കാറിന്റെ തലവനായി ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റും തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായി നെല്‍സണ്‍ മണ്ടേല. നാഷണല്‍ പാര്‍ട്ടിയുടെയും ഇന്‍കാത്ത ഫ്രീഡം പാര്‍ട്ടിയുടെയും പിന്തുണയോടുകൂടിയാണ് മണ്ടേല സര്‍ക്കാര്‍ രൂപീകൃതമായത്. നേരത്തെയുള്ള വ്യവസ്ഥപ്രകാരം ഡി ക്ലര്‍ക്ക് ആദ്യത്തെതും താബോ എംബക്കി രണ്ടാമത്തെതും ഡെപ്യൂട്ടി പ്രസിഡന്റായി നിയമിക്കപ്പെട്ടു.

  രാജ്യത്തിനകത്തും പുറത്തുമുള്ള പണക്കാരുമായും സെലബ്രിറ്റികളുമായും ബന്ധം സ്ഥാപിച്ചിരുന്നു മണ്ടേല. താന്‍ 1995ല്‍ സ്ഥാപിച്ച നെല്‍സണ്‍ മണ്ടേല ചില്‍ഡ്രന്‍സ് ഫണ്ടിന് വേണ്ടി തന്റെ ശമ്പളത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ സുഹൃദ് വലയത്തില്‍ ധാരാളം മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗം മാധ്യമങ്ങളും മധ്യവര്‍ഗ്ഗക്കാരായ വെള്ളക്കാരുടെ കൈയിലാണെന്ന് മണ്ടേല വിശ്വസിച്ചിരുന്നു. പ്രസിഡന്റായതിന് ശേഷം ദിവസവും നിരവധി തവണ തന്റെ വസ്ത്രം മാറിയിയിരുന്നതിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു

  ന്യൂനപക്ഷമായ വര്‍ണവിവേചന സര്‍ക്കാരില്‍ നിന്നും ബഹുസ്വരമായ ജനാധിപത്യത്തിലേക്കുള്ള മാറ്റമായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ അധികാരത്തിലേറല്‍. തന്റെ പ്രധാനദൗത്യം ദേശീയമായ ഒരു സമവായമാണ് എന്ന് മണ്ടേല തിരിച്ചറിഞ്ഞു. മഴവില്‍ രാജ്യത്ത് തങ്ങള്‍ സുരക്ഷിതരാണെന്ന് വെള്ളക്കാരെ ബോധിപ്പിക്കാന്‍ മണ്ടേല ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് വെള്ളക്കാരനായ ഡി ക്ലാര്‍ക്കിനെ തന്റെ കീഴില്‍ വൈസ് പ്രസിഡന്റ് പദവിനല്‍കിയത്.

  വര്‍ണ്ണവിവേചനവും വിദേശ മേല്‍ക്കോയ്മയും തകര്‍ത്തിരുന്ന ആഫ്രിക്കയെ സമ്പൂര്‍ണ്ണമായി പുനര്‍നിര്‍മ്മിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്ത്വമാണ് മണ്ടേലക്കുണ്ടായിരുന്നത്. സ്വത്തിന്റെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരില്‍ 52.7 ശതമാനം പേരും ദാരിദ്ര രേഖക്ക് താഴെയാണ് ജീവിച്ചിരുന്നത്. താഴേ തട്ടിലുള്ള 10 ശതമാനം ജനങ്ങള്‍ക്ക് വരുമാനത്തിന്റെ 1.1 ശതമാനം മാത്രമാണ് ലഭിച്ചിരുന്നത്. അതേ അവസരത്തില്‍ ഏറ്റവും ധനികരായ 10 ശതമാനം മൊത്തം വരുമാനത്തിന്റെ 45 ശതമാനം കയ്യടക്കി വെച്ചിരുന്നു.

  തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വാഗ്ദാനം ചെയ്തിരുന്നത് പോലെ പുനര്‍നിര്‍മ്മാണ്ണത്തിനും വികസനത്തിനും മുന്‍ഗണന നല്‍കുന്ന നയങ്ങളാണ് മണ്ടലയുടം സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, തൊഴിലില്ലായ്മ പരിഹരിക്കുക, ആരോഗ്യ പരിരക്ഷ മെച്ചടുത്തുക, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങി ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മണ്ടേല സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. ഭരണത്തിന്റെ ആദ്യത്തെ രണ്ടുവര്‍ഷം നിലവിലെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറേയും ധനകാര്യ മന്ത്രിയേയും നിലനിര്‍ത്തിക്കൊണ്ട് ഭരണം നടത്തിയ മണ്ടേല രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അവരെ മാറ്റി എ എന്‍ സി ആഭിമുഖ്യമുള്ളവരെ നിയമിച്ചു.

  മണ്ടേലയുടെ ഭരണത്തിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പായിരുന്നു ജി ഇ എ ആര്‍ (ഗിയര്‍) എന്ന പേരില്‍ നടപ്പാക്കിയ വികസന തന്ത്രം. 1996-99 കാലത്താണ് ഈ പദ്ധതി നടപ്പാക്കിയത്. ഗ്രോത്ത്, എംപ്ലോയിമെന്റ്, ആന്റ് റി ഡിസ്ട്രിബ്യൂഷന്‍ എന്നതിന്റെ ചുരുക്ക രൂപമാണ് ഗിയര്‍. ഇത് നടപ്പാക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ധനകാര്യ മന്ത്രിയേയും മണ്ടേല നിയമിച്ചു. കറുത്ത വര്‍ഗ്ഗക്കാരുടെ മുന്നേറ്റം ലക്ഷ്യമിട്ട് മണ്ടേല സര്‍ക്കാര്‍ നടപ്പാക്കിയ ‘ബ്ലാക്ക് എകണോമിക് എംപവര്‍മെന്റ്’ എന്ന പദ്ധതി ആഫ്രിക്കന്‍ വംശജരായ കറുത്ത വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാങ്കേതിക മുന്നേറ്റത്തില്‍ നാഴികക്കല്ലായി കര്‍മ്മ പദ്ധതിയായിരുന്നു.

  ലോകത്തെ സാമ്പത്തിക മാറ്റങ്ങള്‍ സശ്രദ്ധം വീക്ഷിച്ച മണ്ടേല അതെല്ലാം ആഫ്രിക്കന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി വിധത്തില്‍ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. മണ്ടേലയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്വാതന്ത്രത്തിന്റെ ആദ്യ ദശകത്തില്‍ തന്നെ ആഫ്രിക്കയുടെ സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചു. 1993ല്‍ 9.1 ശതമാനമായിരുന്ന ധനക്കമ്മി 2000ല്‍ 2.5 ശതമാനമായി.1995ല്‍ 20 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 1994 മുതലുള്ള പത്ത് വര്‍ഷത്തിനിടയില്‍ 20 ലക്ഷം പേര്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കി. പണപ്പെരുപ്പം കുറക്കുകയും കയറ്റുമതി രംഗത്തും വ്യവസായ വല്‍ക്കരണ രംഗത്തും നിര്‍ണ്ണായക ശക്തിയായിത്തീരാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത് മണ്ടേല തുടക്കം കുറിച്ച സാമ്പത്തിക നയങ്ങളായിരുന്നു. പോരായമകളും അപര്യാപ്തതകളും നിലനില്‍ക്കുമ്പോഴും ഒന്നും അവകാശപ്പെടാനില്ലാതെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയെന്ന് കറുത്തവര്‍ഗ്ഗക്കാരന്റെ രാജ്യത്തെ ഇന്ന് ലോകത്തെ അറിയപ്പെടുന്ന വികസ്വര രാജ്യമാക്കി മാറ്റിയതില്‍ മണ്ടലയുടെ പങ്ക് ചരിത്രം അടയാളപ്പെടുത്തിന്നതാണ്.