ബാബരി മസ്ജിദ് തകര്‍ച്ചയും ഹിന്ദുത്വ വെല്ലുവിളിയും

Posted on: December 6, 2013 6:00 am | Last updated: December 5, 2013 at 10:52 pm

babari masjidസ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ ദിനമാണ് 1992 ഡിസംബര്‍ ആറ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ ഉപജാപമാണ് അന്ന് അയോധ്യയില്‍ അരങ്ങേറിയത്. ഗാന്ധിജിയുടെ വധത്തിന് ശേഷം ഹിന്ദു വര്‍ഗീയവാദികള്‍ രാഷ്ട്രത്തിന് നേരെ അഴിച്ചുവിട്ട ഈ ആക്രമണം ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു മഹാദുരന്തവും ദേശീയ അപമാനവുമായിരുന്നു. അന്നത്തെ റാവു സര്‍ക്കാറിന്റെ സഹായത്തോടെ സംഘപരിവാര്‍ രാഷ്ട്രത്തിന്റെ ആത്മാവിന് അക്ഷരാര്‍ഥത്തില്‍ തീകൊളുത്തുകയായിരുന്നു. രാജ്യത്തെ ശിഥിലമാക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുടെ തുടര്‍ച്ചയിലാണ് ചരിത്രപ്രസിദ്ധമായ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. നാനൂറിലേറെ വര്‍ഷക്കാലം അയോധ്യയിലെ മുസ്‌ലിംകള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളി തര്‍ക്ക പ്രശ്‌നമാക്കുന്നത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിച്ച ഇന്തോളജിസ്റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്‍മാരാണ് മതാധിഷ്ടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരിസരമൊരുക്കിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാരുടെ തോന്നലുകളും ഊഹാപോഹങ്ങളും ചേര്‍ത്ത് ബാബറി മസ്ജിദ് രാമക്ഷേത്രം നിലനിന്ന സ്ഥലത്താണ് ബാബര്‍ പണിതതെന്ന വ്യാജ ചരിത്ര നിര്‍മിതിയാണ് ഇന്ത്യയില്‍ ആരാധനാലയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ കൊളോണിയല്‍വിരുദ്ധ കലാപങ്ങളെ അതിജീവിക്കാനാണ് ബ്രിട്ടീഷുകാര്‍ പഴയ റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രതന്ത്രമായ ‘ഭിന്നിപ്പിക്കുക, ഭരിക്കുക’ തന്ത്രം ഉപയോഗിച്ചത്. ‘മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കും എതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാകുന്നതായിരിക്കണം’ എന്ന് 1843ല്‍ ഗവര്‍ണര്‍ എല്ലന്‍ബറോ പ്രഭു വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭുവിന് എഴുതുകയുണ്ടായി. ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും ഒരുമിച്ച് വിപ്ലവമുണ്ടാക്കുവാന്‍ സാദ്ധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് 1857 ലെ കലാപം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുമില്ലെന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സിവില്‍ ഭരണരംഗത്തെ ഉന്നതരും വിലയിരുത്തിയത്.
ജനങ്ങളുടെ മതാതീതമായ ഐക്യത്തെ തടയുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രങ്ങളിലാണ് ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം ഉടലെടുക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് പോരാടി. ഇത് ബ്രിട്ടീഷ് ഭരണ വ്യവസ്ഥയുടെ നെടുംതൂണുകളെ പിടിച്ചുകുലുക്കി. ജനങ്ങള്‍ ഫൈസാബാദിലും അയോധ്യയിലും ബ്രിട്ടീഷുകാര്‍ക്ക് എതിരെ പടനയിച്ച നാളുകളില്‍ ഭൂരിപക്ഷം വരുന്ന മഹന്തുക്കളും ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു. ബ്രിട്ടീഷ് പാദസേവയുടെ ദൗത്യമാണ് അവര്‍ നിര്‍വഹിച്ചത്. ഇതിനുള്ള ഉപകാരസ്മരണയായിട്ടാണ് 1858ല്‍ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റ് പള്ളിയിലേക്കുള്ള പ്രവേശനം വടക്കെ ഗോപുരം വഴിയാണെന്ന് ഉത്തരവിറക്കിയത്. ഹിന്ദുക്കള്‍ക്ക് ബാബരി മസ്ജിദിന് മുമ്പില്‍ ആരാധനക്കായി സ്ഥലവും നല്‍കിയത്. ഇത് അയോധ്യയിലെ ചിരപുരാതനമായ ഹിന്ദു-മുസ്‌ലിം ഐക്യത്തില്‍ വിള്ളല്‍ വരുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഹിന്ദുക്കള്‍ക്കും മൂസ്‌ലിംകള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പതുക്കെ രൂപപ്പെട്ടപ്പോള്‍ ഒരു സംഘര്‍ഷത്തിനും വഴിവെക്കാതെ മഹന്ത് രാംചരണ്‍ദാസും ഫൈസാബാദ് മൗലവിയും ധാരണയുണ്ടാക്കി. ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കാനും അയോധ്യയെ വര്‍ഗീയവത്കരിക്കാനുമുള്ള ബ്രിട്ടീഷ് നീക്കങ്ങളെ തടഞ്ഞു. ഇതിന് പ്രതികാരമായിട്ടാണ് 1858 മാര്‍ച്ച് 10ന് ഈ രണ്ട് നേതാക്കളെയും പരസ്യമായി തൂക്കിലേറ്റിയത്. ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ട ‘അപരാധ’ത്തിനാണ് ബ്രിട്ടീഷുകാര്‍ മഹന്ത് രാംചരണ്‍ദാസിനെയും മൗലവി അമീര്‍ അലിയെന്ന ഫൈസാബാദ് മൗലവിയെയും വധിച്ചത്. ഇന്ത്യന്‍ മതനിരപേക്ഷതക്ക് വേണ്ടിയുള്ള ആദ്യ രക്തസാക്ഷിത്വമാണ് ഇവരുടേത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഇതേ കൊളോണിയല്‍ തന്ത്രമാണ് കോണ്‍ഗ്രസ് ഭരണകൂടം തുടര്‍ന്നത്. നെഹറുവിനെ പോലുള്ള ശക്തനായ ഒരു മതനിരപേക്ഷവാദിയെ പോലും മറികടന്നുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ഹിന്ദുത്വ അജന്‍ഡക്ക് സഹായമേകിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാകാലത്തും രഹസ്യവും പരസ്യവുമായി ഹിന്ദുവര്‍ഗീയവാദികളുമായി ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഗോള്‍വാള്‍ക്കറിന്റെ ആരാധകരും അനുകൂലികളുമായ ഒരു വിഭാഗം എന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. ആര്‍ എസ് എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ഒന്നിച്ചുചേരണമെന്ന ഗോള്‍വാക്കറുടെ രഹസ്യ സ്വപ്‌നം കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നും പങ്കിട്ടിട്ടുണ്ട്. ഗോള്‍വാക്കറിസത്തില്‍ നിന്നും ഹിന്ദുത്വവാദികള്‍ മോഡിയിസത്തിലേക്കെത്തുന്നത് ഈയൊരു സ്വപ്‌നത്തെ ഉയര്‍ത്തിയെടുത്താണ്. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ഉരുക്ക് പ്രതിമ നിര്‍മിക്കുന്നതിന്റെ പ്രത്യയശാസ്ത്ര അന്തര്‍ധാര ഈയൊരു രഹസ്യ സ്വപ്‌നത്തെ പിന്‍പറ്റുന്നതാണ്.
മഹാത്മജിയുടെ നാട്ടില്‍ ഗോള്‍വാള്‍ക്കറുടെ രഹസ്യ സ്വപ്‌നം സഫലമാക്കുകയാണ് മോഡി. ഗാന്ധി വധത്തിനു ശേഷം നിരോധം നേരിട്ട ആര്‍ എസ് എസിന് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി തീരുമാനമെടുക്കുകയും ഉണ്ടായല്ലോ. ആര്‍ എസ് എസുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത ജവഹര്‍ലാല്‍ നെഹറു വിദേശപര്യടനത്തിലായ തക്കം നോക്കിയാണ് കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ ഈ തീരുമാനമെടുത്തത്. നെഹറുവിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് 1949 നവംബറില്‍ ആ തീരുമാനം റദ്ദ് ചെയ്യുന്നത്. ബാബരി മസ്ജിദിനുള്ളില്‍ രാമ വിഗ്രഹം പ്രത്യക്ഷപ്പെടുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഈയൊരു കൂട്ടുകെട്ടായിരുന്നു.
ബാബരി മസ്ജിദിന്റെ തര്‍ക്കത്തിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യമെന്തായിരുന്നുവെന്നറിയുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഹിന്ദുത്വാനുകൂല വര്‍ഗീയവാദത്തിന്റെ ആഴവും അപകടവും ബോധ്യമാവുക. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ആചാര്യ നരേന്ദ്രദേവ് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചതിനെ തുടര്‍ന്ന് എം പി സ്ഥാനവും രാജിവെച്ചു. ഫൈസാബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ച നരേന്ദ്ര ദേവിന്റെ രാജിയെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെത്തി. ഉപതിരഞ്ഞെടുപ്പില്‍ നരേന്ദ്ര ദേവിനെതിരെ ഹിന്ദുത്വ വിഭാഗീയതയാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്. അദ്ദേഹത്തിനെതിരെ ബാബരി മസ്ജിദ് തര്‍ക്ക പ്രശ്‌നമാക്കുന്നതിനായി, അതിലേക്ക് അതിക്രമിച്ചു കടന്ന ഹിന്ദുമഹാസഭാ നേതാവ് ബാബ രാഘവദാസിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ഹിന്ദു മഹാസഭാ നേതാക്കളായ ബാബരാഘവദാസ്, ദിഗ് വിജയ്‌നാഥ്, സ്വാമി കര്‍പത്‌നി തുടങ്ങിയവരുടെ കാര്‍മികത്വത്തിലാണ് ഒന്‍പത് ദിവസം നീണ്ടുനിന്ന അഖണ്ഡനാമ പരിപാടി നടന്നത്. 1949 ഡിസംബര്‍ 22നാണ് ബാബരി മസ്ജിദിനകത്തേക്ക് സീതയുടേയും രാമന്റെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയത്. വിഗ്രഹങ്ങള്‍ സ്വയംഭൂവായി എന്ന് കള്ളക്കഥകള്‍ പ്രചരിപ്പിച്ചത്. പള്ളിക്കകത്ത് അതിക്രമിച്ച് കടന്നവര്‍ ഫൈസാബാദ് ജില്ലാ ഭരണകൂടത്തിന്റെ ചെലവിലാണ് അവിടെ പൂജ ആരംഭിച്ചത്.
ഇന്ത്യന്‍ മതനിരപേക്ഷതക്ക് കനത്ത പ്രഹരമേല്‍പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദുമഹാസഭാ നേതാവായ ബാബ രാഘവദാസിനെ സ്ഥാനാര്‍ഥിയാക്കിയതും ആചാര്യ നരേന്ദ്രദേവിനെപോലുള്ള ഒരു ദേശീയ നേതാവിനെ ഹിന്ദു വര്‍ഗീയത ഇളക്കിവിട്ട് പരാജയപ്പെടുത്തിയതും. ഇതിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭായ്പന്തായിരുന്നു. കോണ്‍ഗ്രസ് എന്നും ഹിന്ദു വര്‍ഗീയവാദികളോടൊപ്പമായിരുന്നു. ബാബരി മസ്ജിദിനുള്ളില്‍ ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ സരയൂനദിയിലേക്ക് വലിച്ചെറിയാന്‍ നെഹറു ആവശ്യപ്പെട്ടെങ്കിലും ഗോവിന്ദ് വല്ലഭ്ഭായ് പന്ത് അത് ചെവിക്കൊണ്ടില്ല. അന്നത്തെ ഫൈസാബാദ് ഡി സി സി സെക്രട്ടറിയായിരുന്ന അക്ഷയ് ബ്രഹ്മചാരി ആര്‍ എസ് എസും കോണ്‍ഗ്രസ് സര്‍ക്കാറും തമ്മിലുള്ള ഈ ഒത്തുകളിക്കെതിരെ നിരാഹാരസമരം ആരംഭിച്ചു. സമരപ്പന്തലും അദ്ദേഹത്തിന്റെ ആശ്രമവും തീവെച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അയോധ്യയില്‍നിന്നും ലക്‌നോവിലേക്ക് ഓടിപ്പോകേണ്ടിവന്നു.
1975ലെ അടിയന്തിരാവസ്ഥയും തുടര്‍ന്നുള്ള സംഭവങ്ങളും ഇന്ദിരാ ഗാന്ധിയെ ഹിന്ദുത്വ പ്രീണന നയങ്ങളിലേക്ക് കൂടുതലായി എത്തിച്ചു. അടിയന്തരാവസ്ഥയെ ആരംഭത്തില്‍ ശക്തമായി എതിര്‍ത്ത ആര്‍ എസ് എസ് പിന്നീട് നിലപാട് മാറ്റുന്നുണ്ട്. ജയിലില്‍ നിന്ന് ദേവറസ്സ് ഇന്ദിരാ ഗാന്ധിക്കെഴുതിയ കത്തില്‍ ഇരുപതിന പരിപാടിക്കും അഞ്ചിന പരിപാടിക്കും പിന്തുണ അറിയിക്കുന്നുണ്ട്. 77ലെ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നു ഡല്‍ഹിയിലെ സിംഹാസനം തിരിച്ചുപിടിക്കാന്‍ ഹിന്ദുത്വവാദികളുമായി രഹസ്യ ബന്ധമുണ്ടാക്കുകയാണ് വഴിയെന്ന് ഇന്ദിരാ ഗാന്ധി കരുതിയിരുന്നു. 1983ല്‍ അവര്‍ ഹരിദ്വാറില്‍ നടന്ന ഏകാത്മ യജ്ഞത്തില്‍ പങ്കെടുത്തത് തന്റെ ഹിന്ദുത്വാനുകൂല നിലപാട് വെളിപ്പെടുത്താനായിരുന്നു.
ആ വര്‍ഷം നടന്ന ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് ബി ജെ പിയെ തഴഞ്ഞ് കോണ്‍ഗ്രസിനെ പിന്തുണച്ചു. 1984ല്‍ മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശിവസേനയുമായി സഖ്യമുണ്ടാക്കി. 1984ലെ വിജയദശമി ദിന (ആര്‍ എസ് എസിന്റെ രൂപീകരണ ദിനം) ത്തില്‍ ദേവറസ്സ് കോണ്‍ഗ്രസിനോട് വിരോധമില്ലെന്ന് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസും ഹിന്ദുത്വവാദികളും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നു. ഖാലിസ്ഥാന്‍ വാദം ഉള്‍പ്പെടെ രാജ്യം നേരിടുന്ന വിഘടന വാദപ്രസ്ഥാനങ്ങളെ നേരിടാന്‍ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തിനാണ് കഴിയുക എന്ന് കോണ്‍ഗ്രസുകാരും പറയാന്‍ തുടങ്ങി. വിഘടനവാദത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ അഖണ്ഡതാവാദം ആര്‍ എസ് എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഒളിപ്പിച്ചുവെച്ചതായിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ ദാരുണമായ വധത്തെ തുടര്‍ന്ന് 1984ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി രാമരാജ്യ പ്രഖ്യാപനം നടത്തിയാണ് അയോധ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സഹതാപരംഗത്തിന് ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലവും സ്വാധീനവുമുണ്ടായിരുന്നു. 48 ശതമാനം വോട്ടും 415 സീറ്റും നേടിയാണ് ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ഹിന്ദുത്വവാദം തങ്ങള്‍ക്ക് ഗുണം നല്‍കിയെന്നാണ് കോണ്‍ഗ്രസും രാജീവ് ഗാന്ധിയും വിലയിരുത്തിയത്. സംസ്‌കാരത്തെ ഹൈന്ദവ വത്കരിക്കുന്ന രാമായണം ടി വി സീരിയലും ഗംഗാനദിശുചീകരണ പദ്ധതിയുമെല്ലാമായി രാജീവ് ഗാന്ധി 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിയ്ക്കുകയായിരുന്നല്ലോ.
1986 ഫെബ്രുവരി ഒന്നിന്, നെഹറുവിന്റെ കാലത്ത് അടച്ചിട്ട മസ്ജിദ് ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് ഒരു കോടതിവിധിയെ നിമിത്തമാക്കി രാജീവ്ഗാന്ധി തുറന്നുകൊടുത്തത് ഹിന്ദു പ്രീണന നയങ്ങളുടെ ഭാഗമായിട്ടാണ്. രാജീവ് ഗാന്ധിയും യു പി മുഖ്യമന്ത്രി എന്‍ ഡി തിവാരിയും ഹിന്ദുത്വശക്തികളോട് ഇങ്ങനെ നന്ദി പ്രകടിപ്പിക്കുകയായിരുന്നു. അലഹബാദ് ഹൈക്കോടതി തര്‍ക്കഭൂമിയെന്ന് വിധിച്ച് ഇരു കൂട്ടര്‍ക്കും പ്രവേശനം നിഷേധിച്ച സ്ഥലത്ത് 1984 നവംബര്‍ ഒന്‍പതിന് സര്‍ക്കാര്‍ ഒത്താശയോടെ ശിലാന്യാസത്തിന് അനുമതി നല്‍കി. ദേശീയോദ്ഗ്രഥന സമിതിയുടെയും പാര്‍ലിമെന്റിന്റെയും കര്‍ശനമായ നിര്‍ദേശവും തീരുമാനവും നിരാകരിച്ചുകൊണ്ടാണ് കര്‍സേവകര്‍ക്ക് അയോധ്യയിലേക്ക് പ്രവേശനം നല്‍കിയത്. ഭരണഘടനയും സമുദായ സൗഹാര്‍ദവും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ഹിന്ദുത്വവാദികളുടെ ആസൂത്രിത നീക്കത്തെ തടയാനുള്ള ബാധ്യത റാവു സര്‍ക്കാര്‍ നിര്‍വഹിച്ചില്ല. അങ്ങനെ ഇന്ത്യയുടെ സമകാലീന ചരിത്രത്തില്‍ കറുത്ത അധ്യായം രചിച്ചുകൊണ്ട് 1992 ഡിസംബര്‍ ആറിന് ചരിത്ര പ്രസിദ്ധമായ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു.
ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മോഡിയിസം രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തി രാജ്യത്തെ വര്‍ഗീയവത്കരിക്കുന്നതാണ് നാം കാണുന്നത്. അസാമിലെ കൊക്രജാന്‍ ജില്ലയിലും യു പിയിലെ മുസഫര്‍ നഗറിലും ബീഹാറിലുമെല്ലാം വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ട് സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് ഇതിനെ പ്രതിരോധിക്കുവാനാകുന്നില്ലായെന്ന് മാത്രമല്ല ഈ ഹിന്ദുത്വ ധ്രുവീകരണം തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമോയെന്ന പരീക്ഷണത്തിലാണ് അവര്‍. ഈയൊരു സാഹചര്യത്തിലാണ് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഇടപെടല്‍ പ്രസക്തമായിരിക്കുന്നത്. മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിതര ബി ജെ പി ഇതര പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന കണ്‍വന്‍ഷനില്‍ 14 പാര്‍ട്ടികളാണ് പങ്കെടുത്തത്. ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ ഘടനക്ക് വെല്ലുവിളിയുയര്‍ത്തുന്ന വര്‍ഗീയതയെയും സാമ്പത്തിക നയങ്ങളെയും എതിര്‍ക്കുന്ന രാഷ്ട്രീയ ബദലാണ് ഡല്‍ഹി കണ്‍വന്‍ഷന് മുന്‍കൈയെടുത്ത ഇടതുപക്ഷം ലക്ഷ്യമിടുന്നത്. സമുദായ വിഭജനത്തിന്റെയും വര്‍ഗീയവത്കരണത്തിന്റെയും തീരത്തേക്ക് ഇന്ത്യയെ തള്ളിവിടുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ ന്യൂനപക്ഷ മത സമൂഹങ്ങളുടെയും അധസ്ഥിത ജനസമൂഹങ്ങളുടെയും മതനിരപേക്ഷതയില്‍ അധിഷ്ടിതമായ യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഈയൊരു ബദലിന്റെ മുന്നുപാധിയാണ്. ഹൈന്ദവവാദത്തിലധിഷ്ടിതമായ മോഡിയിസമുയര്‍ത്തുന്ന വെല്ലുവിളികളെ ഇത്തരമൊരു രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്തിക്കൊണ്ടേ വിജയകരമായി പ്രതിരോധിക്കാനാകൂ.

ALSO READ  വളരുന്ന ഫാസിസം; മാറ്റമില്ലാത്ത പ്രതിരോധം