ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടേത് ജനാധിപത്യവിരുദ്ധ സമീപനം: കാന്തപുരം

Posted on: December 5, 2013 11:51 pm | Last updated: December 5, 2013 at 11:51 pm

kanthapuram 6മാനന്തവാടി: ജനങ്ങളുടെ ജീവിതരീതികളെയും സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളുടെ ചരിത്രത്തെയും മുഖവിലക്കെടുത്തുകൊണ്ടുള്ള പാരിസ്ഥിതിക നയങ്ങള്‍ക്കേ പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും സാമൂഹികമായ അത്തരം ഉയര്‍ന്ന ജനാധിപത്യ അവബോധം പുലര്‍ത്താത്തതുകൊണ്ടാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ജനവിരുദ്ധമായിത്തീരുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പള്ളിക്കലില്‍ ആരംഭിക്കുന്ന നസീഹ സെന്റര്‍ ഫോര്‍ നോളജ് ആന്‍ഡ് ക്വസ്റ്റിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ കൃഷി ജീവിതരീതികളും ഭൂ ബന്ധങ്ങളും പിന്തുടരുന്നവരാണ് പശ്ചിമഘട്ടത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന വിവിധ സമൂഹങ്ങള്‍. ഇവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു നിയമം എന്നത് ബാലിശമായ ഏര്‍പ്പാടാണ്. ഓരോ പ്രദേശത്തെയും പ്രത്യേകം പ്രത്യേകം വേര്‍തിരിച്ചു വേണം പരിസ്ഥിതി നയങ്ങള്‍ നടപ്പിലാക്കാന്‍. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഓരോ സംസ്ഥാനത്തെയും ഓരോ പ്രദേശത്തെയും എങ്ങനെ വ്യത്യസ്തമായി ബാധിക്കുന്നു എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെ ഇനിയും ഉണ്ടായിട്ടില്ല. ഈ പ്രദേശത്തുകാരുടെ അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ ഈ സമിതികള്‍ സ്വീകരിച്ചിട്ടുമില്ല.
പശ്ചിമഘട്ടത്തില്‍ ജനിച്ചുവെന്നതും അവിടേക്ക് കുടിയേറി താമസിച്ചു എന്നതും ഒരാളെ ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന ഭീതിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. മറ്റേതൊരു ഇന്ത്യന്‍ പൗരനും അനുഭവിക്കുന്ന സൗകര്യങ്ങള്‍ അനുഭവിക്കാന്‍ അവകാശമുള്ളവരാണ് മലമ്പ്രദേശത്ത് ജീവിക്കുന്നവരും. അവരും പൊതുസമൂഹത്തിന്റെ ഭാഗമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി അവര്‍ മാത്രം ജീവിതകാലം മുഴുവന്‍ കര്‍ക്കശമായ പരിസ്ഥിതി നിയമങ്ങളുടെ ഇരകളായി ജീവിച്ചുകൊള്ളണം എന്ന നിലപാട് മനുഷ്യത്വമുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയാല്‍ സ്വന്തം ഭൂമിയുടെ മേലുള്ള അവകാശം എന്നത് കേവലം ഒരു ആശയം മാത്രമായി മാറുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നിയമങ്ങള്‍ കൊണ്ടോ നിയന്ത്രണങ്ങള്‍ കൊണ്ടോ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ കൊണ്ടോ മാത്രമല്ല നമ്മുടെ പരിസ്ഥിതി നിലനില്‍ക്കുന്നതും സംരക്ഷിക്കപ്പെടുന്നതും. ഇവിടങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ജാഗ്രതയും പെരുമാറ്റവും അതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതെല്ലാം നിഷേധിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതിയെയും സമൂഹത്തെയും കുറിച്ചുള്ള ബാലിശമായ ധാരണകളാണ് മുന്നോട്ടുവെക്കുന്നത്. പശ്ചിമഘട്ടത്തിലെ ആദിവാസികളുടെ ഭൂ പ്രശ്‌നങ്ങള്‍ ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാനിരിക്കെ ഈ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാന്‍ കാണിക്കുന്ന ധൃതി സംശയാസ്പദമാണ്.
ഇതിനെതിരെ നടക്കുന്ന ജനാധിപത്യപരമായ സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഈ പ്രദേശത്തുകാരാണ്. അതിനെ മുഖവിലക്കെടുക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം. സമരങ്ങള്‍ അക്രമങ്ങളിലേക്ക് വഴുതിമാറുന്നത് ജനപിന്തുണ കുറയാനും ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കാതിരിക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ ഈ ചര്‍ച്ചകള്‍ ഒരു കാരണമായിത്തീരണം. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഓരോ പ്രദേശത്തെയും എങ്ങനെയാണ് ബാധിക്കുക എന്നതിനെ കുറിച്ച് പഠിക്കുന്ന സമിതികളില്‍ ഈ പ്രദേശങ്ങളിലെ വിവിധ വിഭാഗങ്ങള്‍ക്കുകൂടി പ്രാതിനിധ്യം നല്‍കണം. ഗ്രാമസഭകള്‍ ഉള്‍പ്പെടെയുള്ള വികേന്ദ്രീകൃത ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം-കാന്തപുരം അഭിപ്രായപ്പെട്ടു.

ALSO READ  പുത്തുമല: കേരള മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്