Connect with us

Gulf

മലയാളി കുടുംബത്തിലെ ദുരന്തം; നടുക്കം വിട്ടുമാറാതെ റാസല്‍ഖൈമ

Published

|

Last Updated

റാസല്‍ഖൈമ: മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ വില്ലയില്‍ തീപിടുത്തത്തില്‍ മരിച്ചതിന്റെ ആഘാതം റാസല്‍ഖൈമയില്‍ ഇനിയും വിട്ടുമാറിയില്ല. രണ്ട് പിഞ്ചുകുട്ടികളെയടക്കം അഗ്നിവിഴുങ്ങിയത്, അടുത്ത കാലത്തെ വലിയ ദുരന്തമായി സമീപവാസികള്‍ പറയുന്നു. സ്വദേശികളും വിദേശികളും ഒരേപോലെ വേദനിച്ച ദിവസങ്ങളാണ് ഇന്നലെയും മിനിഞ്ഞാന്നും. മലപ്പുറം കോട്ടക്കല്‍ വളവന്നൂര്‍ പാറമ്മലങ്ങാടിയിലെ ചെങ്ങണക്കാട്ടില്‍ ശിഹാബുദ്ദീന്‍ (31), മക്കളായ ഫിനാസ് (അഞ്ച്), മാജിദ തസ്‌നീം (രണ്ട്) എന്നിവരാണ് മരിച്ചത്. ശിഹാബുദ്ദീന്‍ ഭാര്യ തിരൂര്‍ അന്നാര സ്വദേശി ഉമ്മുസല്‍മ (25) പൊള്ളലേറ്റ് ചികിത്സയിലാണ്.
തലേന്ന് രാത്രി വരെ ദേശീയദിനാഘോഷത്തിന് ശിഹാബുദ്ദീനും ഫിനാസും മാജിദയും റാസല്‍ഖൈമ നഗരത്തില്‍ ഉണ്ടായിരുന്നു. പിറ്റെ ദിവസം സൈഫ് ഗുബാഷ് ആശുപത്രി മോര്‍ച്ചറിയില്‍ ഇദ്ദേഹവും കുട്ടികളും. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ സ്വദേശികള്‍ ഭൂരിഭാഗമുള്ള ശരീഷയിലെ നൂറോളം കുടുംബങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ഗ്രാമീണ അന്തരീക്ഷത്തില്‍ അടുത്തടുത്തായാണ് വില്ലകള്‍ സ്ഥിതി ചെയ്യുന്നതെങ്കിലും ഇന്നലെ രാവിലെയാണ് പലരും ദുരന്തവിവരം അറിയുന്നത്. സ്വദേശി -വിദേശി വ്യത്യാസമില്ലാതെ സഹവര്‍ത്തിത്തോടെ കഴിഞ്ഞിരുന്നവരാണ് എല്ലാവരും. വിവരം അറിഞ്ഞ്, സംഭവ സ്ഥലത്ത് ഓടിയെത്തിയ സ്വദേശി വനിതകളടക്കമുള്ളവര്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് തിരിച്ചുപോയത്. ഫിനാസിനോടൊപ്പം കളിച്ചുനടന്നിരുന്ന സ്വദേശി കുടുംബത്തിലെ കുട്ടികളും ദുഃഖിതരായിരുന്നു. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിയാണ് ഫിനാസ്.
ശിഹാബുദ്ദീന്‍ കുടുംബ സമേതം ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് മാസമേ ആയുള്ളൂവെങ്കിലും വളരെ പെട്ടെന്ന് ചുറ്റുവട്ടത്തുള്ളവര്‍ക്കൊക്കെ പ്രിയമുള്ളവനായി. ശരീഷയില്‍ ഏതാണ്ട് പത്തിലേറെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മലയാളികള്‍ നടത്തുന്ന രണ്ട് ഗ്രോസറികളും ഇവിടെയുണ്ട്. ഇവര്‍ക്കെല്ലാം ഭക്ഷ്യോത്പന്നങ്ങളെത്തിച്ചിരുന്നത് ശിഹാബുദ്ദീനായിരുന്നു. തലേന്ന് രാത്രി കടയിലേയ്ക്ക് സാധനങ്ങള്‍ ഇറക്കി നാളെ രാവിലെ വന്ന് കണക്ക് ശരിയാക്കാം എന്ന് പറഞ്ഞായിരുന്നു ഷിഹാബുദ്ദീന്‍ താമസ സ്ഥലത്തേക്ക് മടങ്ങിയത്. ഇതിന് ശേഷം തന്നെ ഫോണില്‍ വിളിച്ചു പിറ്റേന്ന് കാണാമെന്ന് പറഞ്ഞിരുന്നതായി അയല്‍ക്കാരനും ഉറ്റസുഹൃത്തുമായ ഷിയാസ് പറഞ്ഞു.
എട്ട് വര്‍ഷമായി യു എ ഇയിലുണ്ട്. ശിഹാബുദ്ദീന്‍ സഹോദരന്മാരായ അഷ്‌റഫ്, ഗഫൂര്‍ എന്നിവരുടെ കൂടെ റാസല്‍ഖൈമയില്‍ ഗ്രോസറി നടത്തിയിരുന്നു. ഏഴ് മാസം മുന്‍പാണ് സ്വന്തമായി വാന്‍ വാങ്ങി ഇന്തോ-അറബ് ഫുഡ് സ്റ്റഫ് എന്ന പേരില്‍ വിതരണ കമ്പനി ആരംഭിച്ചത്.എന്നാല്‍, ജീവിതം പച്ച പിടിച്ചുവരുന്നതിനിടെ കുടുംബത്തെ ദുരന്തം വേട്ടയാടി.
ഉമ്മുല്‍ സല്‍മയെ വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോയി. മയ്യിത്തുകള്‍ ഇന്ന് കൊണ്ടുപോകും.

---- facebook comment plugin here -----

Latest