Connect with us

Articles

മുസാഫര്‍ നഗറിലെ ഇരകള്‍ ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നത്?

Published

|

Last Updated

“മുസാഫര്‍നഗറില്‍ കലാപം അവസാനിച്ചു; എന്നാല്‍ മരണം ഇപ്പോഴും അവസാനിച്ചിട്ടില്ല.” ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പ്രതിനിധി ഫുര്‍ഖാന്‍ അമീന്‍ സിദ്ദീഖി തയ്യാറാക്കിയ, മുസാഫര്‍ നഗര്‍ ഇരകള്‍ അനുഭവിക്കുന്ന ദുരനുഭവങ്ങളെ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്. 2002ലെ ഗുജറാത്ത് വംശഹത്യക്കും 2012ലെ അസം കലാപത്തിനും ശേഷം രാജ്യത്ത് നടന്ന വലിയ കലാപമാണ് മുസാഫര്‍നഗറിലേത്. മുസാഫര്‍ നഗര്‍ കലാപം നടന്ന് 90 ദിവസം പിന്നിട്ടിട്ടും അതിന്റെ കെടുതികളില്‍ നിന്ന് ഇരകള്‍ മുക്തരായിട്ടില്ല. രാജ്യത്തിന്റെ മധുര ഖനികളായി അറിയപ്പെടുന്ന മുസാഫര്‍ നഗറിലെ ഒരു വിഭാഗം, കിടപ്പാടവും കൃഷിഭൂമിയും സ്വത്തും എല്ലാം നഷ്ടപ്പെട്ട് അന്യദേശത്തുകാരുടെ കാരുണ്യത്തില്‍ കഴിയുകയാണ്. കരിമ്പ് വിളവെടുത്ത് മില്ലുകള്‍ ഏറ്റെടുക്കുന്ന സമയം, മുസാഫര്‍ നഗറിലെ കലാപത്തിന് ഇരയായ മുസ്‌ലിംകള്‍ അസ്ഥി തുളച്ചുകയറുന്ന തണുപ്പത്ത് കരിമ്പടം പോലുമില്ലാതെ ആകാശം മേല്‍ക്കൂരയാക്കി എപ്പോഴെങ്കിലും കിട്ടുന്ന ഭക്ഷണവും കഴിച്ച് താത്കാലിക തമ്പുകളില്‍ നരകയാതന അനുഭവിക്കുന്നു. യാതൊരു വിധ പരിരക്ഷണവുമില്ലാതെ ഗര്‍ഭിണികള്‍ കഴിയുന്നു. പോഷകാഹാരം പോയിട്ട് വിശപ്പടക്കാന്‍ പോലും ഭക്ഷണം കിട്ടുന്നില്ലെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അധികാരികളുടെ അവഗണനയും അതിഭീകരമായ ജീവിത സാഹചര്യവും അതിശൈത്യവും കാരണം കലാപത്തില്‍ നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവഹാനി വരും നാളുകളില്‍ ഉണ്ടാകുമെന്നാണ് ഇരകള്‍ പറയുന്നത്.
ആഗസ്റ്റ് അവസാനത്തിലും സെപ്തംബര്‍ ആദ്യ വാരത്തിലുമായി അരങ്ങേറിയ അക്രമസംഭവങ്ങളുടെ തിക്ത സ്മരണകളും “മുസല്‍മാന്‍ കി ദോ ജാഗ പാക്കിസ്ഥാന്‍ യെ ഖബറിസ്ഥാന്‍” തുടങ്ങിയ സംഘ്പരിവാര്‍ മുദ്രാവാക്യങ്ങളും ഇപ്പോഴും ഇരകളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതിനാല്‍ സ്വദേശത്തേക്ക് ഇനിയൊരു മടക്കം അസാധ്യമാണ്. ജന്മദേശം ഉപേക്ഷിച്ച് അഭയാര്‍ഥികളായി തങ്ങളെ സ്വീകരിച്ചയിടങ്ങളില്‍ ജീവിതം കരുപിടിപ്പിക്കാനാണ് പലരും ഉദ്ദേശിക്കുന്നത്. അഭയാര്‍ഥികളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, പുനരധിവാസം തുടങ്ങിയവ നിറവേറ്റാന്‍ ബാധ്യതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഉള്ള ക്യാമ്പുകള്‍ കൂടി പൊളിച്ചുമാറ്റാനുള്ള ആലോചനയിലാണ്. ക്യാമ്പുകള്‍ക്കുള്ള റേഷന്‍ ഒഴിവാക്കിയിട്ട് ദിവസങ്ങളായി. ആരോഗ്യപ്രവര്‍ത്തകര്‍ എത്തിനോക്കുന്നു പോലുമില്ല. വല്ലപ്പോഴും സര്‍വേക്കും പഠനത്തിനും എത്തുന്നവരും റേറ്റിംഗ് കൂട്ടാന്‍ “ഹൃദയഭേദക സ്റ്റോറികള്‍” മെനയുന്നതിനു വരുന്ന മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ഇവിടെ എത്തിപ്പെടുന്നത്. മുസാഫര്‍ നഗര്‍ മറ്റൊരു ഗുജറാത്താകില്ലെന്ന് ആവര്‍ത്തിച്ച് ആണയിട്ട, യു പിയിലെ മുസ്‌ലിംകളുടെ മൊത്തം രക്ഷാകര്‍തൃത്വം അവകാശപ്പെടുന്ന (ആ അവകാശവാദത്തിന്റെ ആയുസ്സ് ബാലറ്റ് ബട്ടണ്‍ അമര്‍ത്തുന്നത് വരെയേയുള്ളൂവെന്ന് ഇപ്പോള്‍ ആ ഇരകള്‍ക്കും മനസ്സിലായിട്ടുണ്ടാകും.) സമാജ്‌വാദി പാര്‍ട്ടിയുടെ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന അഖിലേഷ് യാദവ്, പക്ഷേ തന്റെ വാക്കുകളോട് പോലും നീതി പുലര്‍ത്തിയില്ല എന്നതാണ് വസ്തുത. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കി എല്ലാം ചെയ്തുവെന്ന തരത്തിലാണ് സര്‍ക്കാറിന്റെ നിലപാട്. അഞ്ച് ലക്ഷം രൂപ കൊണ്ട് നഷ്ടപ്പെട്ട ഉറ്റവരെ ലഭിക്കുമോ? സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാരേയോ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ആലംബമായിരുന്ന പിതാക്കന്മാരെയോ, വൃദ്ധരായ മാതാപിതാക്കള്‍ക്ക് മക്കളെയോ സഹോദരിമാര്‍ക്ക് പൊന്നാങ്ങളമാരേയോ ചാരിത്ര്യവും മാനവും നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് അവ രണ്ടുമോ ലഭിക്കുമോ? പോട്ടെ, വിളവെടുക്കാന്‍ പാകമായിരുന്ന ഒരു വര്‍ഷത്തെ അധ്വാനഫലമായ കരിമ്പു പാടങ്ങള്‍ ലഭിക്കുമോ? നഷ്ടപ്പെട്ട വീടും നാടും ലഭിക്കുമോ? ഇതിനെല്ലാം കൃത്യമായ ഉത്തരം നല്‍കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ വ്യക്തമായ ഒളിച്ചോട്ടമാണ് നടത്തുന്നത്.
കലാപത്തിന്റെ ഇരകളായ അര ലക്ഷത്തോളം പേരാണ് എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടിപ്പോന്നത്. ഇവരില്‍ പതിനെണ്ണായിരം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ തന്നെയാണ്. കലാപമുണ്ടായ ശംലി ജില്ലയിലെ മലാക്പൂരിലെ ക്യാമ്പില്‍ ഒരു മാസത്തിനിടെ 28 പേരാണ് മരിച്ചത്. ദിവസം ഒന്നു വീതം എന്ന കണക്കില്‍. മരിച്ചവരില്‍ 25 പേരും പിഞ്ചു കുഞ്ഞുങ്ങളാണ്. ഒരൂ മാസം പ്രായമുള്ളവര്‍. കുഞ്ഞുങ്ങളുടെ മരണത്തിന് ശൈത്യവും പ്രധാന കാരണമാണ്. തണുപ്പിനെ പ്രതിരോധിക്കാന്‍ ഇവര്‍ക്ക് ഒന്നുമില്ല എന്നതാണ് വസ്തുത. ഇവിടെ മാത്രം 4500 പേര്‍ അഭയാര്‍ഥികളായുണ്ട്. സമീപ പ്രദേശങ്ങളായ ഖുര്‍ബാന്‍, ബധേരി, ഖുര്‍ദ്, ബര്‍നാബി തുടങ്ങിയയിടങ്ങളിലെ ക്യാമ്പുകളിലും സമാന സ്ഥിതിയാണ്. ആവശ്യത്തിന് സഹായം എത്തുന്നില്ലെന്ന് അഭയാര്‍ഥികള്‍ പരാതിപ്പെടുന്നു. എന്നാല്‍, ഏറെ ക്രൂരമായ കാര്യം ഈ മരണങ്ങളൊന്നും ബന്ധപ്പെട്ടവര്‍ അറിഞ്ഞ മട്ടേയില്ല എന്നതാണ്. ആ സംഭവം തീര്‍ത്ത ആഘാതത്തില്‍ നിന്ന് പലരും ഇതുവരെ മുക്തരായിട്ടില്ല. ക്യാമ്പുകളിലെ സ്ത്രീകളെ ഭയപ്പെടുത്താന്‍ ഇപ്പോള്‍ തമസ്സിന്റെ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ക്യാമ്പില്‍ സുരക്ഷ പോലുമില്ലെന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. കഴിഞ്ഞ മൂന്നാം തീയതി ഞായറാഴ്ച, ഫുഗാന മേഖലയിലെ ജോഗ്യ ഖേരി ഗ്രാമത്തിലെ ക്യാമ്പില്‍ വെച്ച് പെണ്‍കുട്ടിയെ ജാട്ട് യുവാക്കള്‍ ബലാത്സംഗം ചെയ്യുകയുണ്ടായി. മാതാപിതാക്കളോടൊപ്പം ക്യാമ്പില്‍ കഴിയുകയായിരുന്ന 20കാരിയെ ഒളിച്ചിരുന്ന യുവാക്കള്‍, പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ലോയി ക്യാമ്പില്‍ 67 ഗര്‍ഭിണികളാണ് നരകയാതന അനുഭവിക്കുന്നതെന്ന് ജോയിന്റ് സിറ്റിസണ്‍സ് ഇനീഷ്യേറ്റീവ് (ജെ സി ഇ) എന്ന കൂട്ടായ്മ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ തന്നെ ഇവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. മിഡ്‌വൈഫുമാരോ ഗൈനക്കോളജി ഡോക്ടര്‍മാരോ ലേഡി ഡോക്ടര്‍മാരോ ഇവരെ പരിചരിക്കാനില്ല. ആരോഗ്യ വകുപ്പിന് ഇതില്‍ വലിയ ആത്മാര്‍ഥതയുമില്ല. പ്രസവം കഴിഞ്ഞവരും പലവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുകയാണ്. നവജാത ശിശുക്കള്‍ക്കും പല വിധ രോഗങ്ങളാണ്. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ലോയി ക്യാമ്പില്‍ മരിക്കുകയുണ്ടായി. ഇത്തരം എട്ട് മരണങ്ങളാണ് ഉണ്ടായത്.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും സ്ത്രീവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊന്നും ഇങ്ങോട്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് വെട്ടിത്തുറന്ന് പറയാന്‍ ഇവര്‍ക്കൊന്നും കഴിയാത്തത് എന്തുകൊണ്ടാണ്? സ്ത്രീസുരക്ഷയെ സംബന്ധിച്ച് അഭൂതപൂര്‍വമായി ആശങ്കപ്പെടുന്ന രാജ്യത്തിന് പക്ഷേ, മുസാഫര്‍നഗര്‍ ഇരകളായി ക്യാമ്പുകളില്‍ അരക്ഷിത ജീവിതം നയിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് യാതൊരു ആശങ്കയുമില്ല. അതിന് ആരും മുന്നോട്ട് വരുന്നുമില്ല.
ഒരിക്കലും കനലടങ്ങാത്ത ഇടമായി മുസാഫര്‍നഗറിനെ നിലനിര്‍ത്താനുള്ള ശ്രമമാണ് കൊണ്ടുപിടിച്ചു നടക്കുന്നത്. ഒക്‌ടോബര്‍ മാസം അവസാനം ബുധാന ജില്ലയില്‍ മൂന്ന് മുസ്‌ലിം യുവാക്കളെ കൊന്ന സംഭവത്തില്‍ ഇതുവരെ അക്രമികളെ അറസ്റ്റ് ചെയ്തില്ല. ഇതിന് ശേഷം നടന്ന മഹാപഞ്ചായത്തില്‍ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങളാണ് നടന്നതെങ്കിലും അതിലൊന്നും നടപടി മാത്രമുണ്ടായില്ല. മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ ഹുസൈന്‍പുരയിലും അയല്‍ ഗ്രാമമായ മുഹമ്മദ്പൂര്‍- റായ്‌സിംഗിലും ജാട്ടുകള്‍ നടത്തിയ മഹാപഞ്ചായത്തും അതില്‍ നല്‍കിയ സന്ദേശങ്ങളും ഒരു വിശകലനത്തിന് വിധേയമാക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. ഹുസൈന്‍പുരയില്‍ ചേര്‍ന്ന പഞ്ചായത്ത്, കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ചുരുങ്ങിയത് 20 പേരെങ്കിലും പുറത്താണ്. മുസ്‌ലിംകളെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ആയുധങ്ങളുമായി അക്രമി സംഘം എത്തിയത്. പഞ്ചായത്ത് ചൂണ്ടിക്കാട്ടി. അയല്‍ ഗ്രാമമായ മുഹമ്മദ്പൂര്‍- റായ്‌സിംഗില്‍ രാഷ്ട്രീയ ലോക് ദള്‍ (ആര്‍ എല്‍ ഡി), ഭാരതീയ കിസാന്‍ യൂനിയന്‍ (ബി കെ യു) എന്നിവയുടെ നേതാക്കളും 36 ജാട്ട് ഗ്രാമമുഖ്യരും പങ്കെടുത്ത പഞ്ചായത്ത് നടന്നു. “ഐക്യത്തോടെ സുശക്തരാകുക” എന്ന മുദ്രാവാക്യമാണ് ജാട്ട് പഞ്ചായത്ത് ഉയര്‍ത്തിപ്പിടിച്ചത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നും പ്രതിഷേധസൂചകമായി ദീപാവലി ആഘോഷം ഉപേക്ഷിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. വരാനിരിക്കുന്ന വലിയ വെല്ലുവിളി നേരിടാന്‍ ഐക്യപ്പെടണമെന്നാണ് ജാട്ട് പഞ്ചായത്ത് ആഹ്വാനം ചെയ്തത്. “ഒരു സമുദായത്തിന് വേണ്ടി മാത്രമാണ് നിലവിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള പോരാട്ടമല്ല മറിച്ച് ജാട്ടുകളും മുസ്‌ലിംകളും തമ്മിലുള്ളതാണ്. നമ്മുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ശക്തി പ്രകടിപ്പിക്കാന്‍ നാം ഐക്യപ്പെടേണ്ടതുണ്ട്.” ആര്‍ എല്‍ ഡി നേതാവും ബുധാനയിലെ മുന്‍ എം എല്‍ എയുമായ രാജ്പാല്‍ സിംഗ് ബാലിയാന്‍ പറഞ്ഞു.
ഒരു വിഭാഗം ന്യായമായ അവകാശങ്ങള്‍ നേടാന്‍ സമ്മേളനം നടത്തുമ്പോള്‍ ചിലര്‍ ശക്തി സംഭരിക്കാനും കൂടുതല്‍ പ്രകോപനം നടത്താനുമാണ് ശ്രമിക്കുന്നത്. നിയമനിര്‍മാണ സഭയിലെ അംഗം തന്നെയാണ് ഒരു വിഭാഗത്തെ താറടിക്കുന്ന രീതിയില്‍ പ്രസംഗിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ശക്തി സംഭരണമാണ് ഏക അജന്‍ഡ. അതുവഴി പുതിയ വോട്ട് ബേങ്ക് നിര്‍മാണവും. സെപ്തംബര്‍ ആദ്യ വാരം നടന്ന കലാപം രൂക്ഷമാക്കാന്‍ മുഖ്യ പങ്ക് വഹിച്ചതും എം എല്‍ എയും എം പിയുമായിരുന്നു. പാക്കിസ്ഥാനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന ഒരു കൊലപാതകത്തിന്റെ വീഡിയോ ക്ലിപ്പിംഗ് മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെയും മറ്റും പ്രചരിപ്പിച്ചാണ് ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഇളക്കിവിട്ടത്. അതിന് പിന്നില്‍ സംഗീത് സോം എന്ന നിയമസഭാംഗമായിരുന്നു. സോമിനെതിരെ ദേശീയ സുരക്ഷാ നിയമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും അത്തരം വീരശൂര നടപടികള്‍ക്ക് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഓന്തിനേക്കാള്‍ വേഗം നിറം മാറുന്ന ഭരണകര്‍ത്താക്കള്‍ ഉള്ളപ്പോള്‍ സോമിനെ പോലെയുള്ളവര്‍ക്ക് പേടിക്കേണ്ടതില്ലല്ലോ. ദേശീയ സുരക്ഷാ നിയമം ഒഴിവാക്കി സോം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍; പുതിയ കുത്തിത്തിരിപ്പുകളും കൗടില്യങ്ങളും പ്രയോഗിച്ച് മറ്റൊരു സംഘര്‍ഷ ഭൂമി സൃഷ്ടിക്കാന്‍.
ചുരുക്കത്തില്‍, മുസാഫര്‍നഗറിലെ ജനസംഖ്യയില്‍ 47 ശതമാനം ഉണ്ടായിരുന്ന മുസ്‌ലിം വിഭാഗത്തിനാണ് എല്ലാം നഷ്ടപ്പെട്ടത്. കരിമ്പ് കൃഷിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ജനതക്ക് തീരാ കയ്പും കണ്ണീരുമാണ് ഇന്നുള്ളത്. ഒരു ദേശത്തിന്റെ സ്വാസ്ഥ്യവും സമാധാനവും സൗഹാര്‍ദവും മൈത്രിയും സ്‌നേഹവും ദയയും കാരണ്യവും എല്ലാം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. നേടിയത് താത്കാലിക നേട്ടത്തിന് മാത്രം പോരാടുന്ന രാഷ്ട്രീയക്കാരും. അവര്‍ക്ക് പുതിയ പുതിയ വോട്ട് ബേങ്കുകളും പുതിയ സംഘടനാ സെറ്റപ്പും ശക്തിസംഭരണവും ഉണ്ടാകുന്നു. അവിടെ സാധാരണ ജീവനോ ജീവിതമോ വിഷയമാകുന്നില്ല. ചുരുങ്ങിയത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും മുസാഫര്‍ നഗര്‍ കനലടങ്ങാത്ത ഉമിയായി നീറി നീറിയിരിക്കും. മറ്റൊരു തിരഞ്ഞെടുപ്പ് സമാഗതമാകുമ്പോള്‍ വേറൊരു മുസാഫര്‍ നഗറും.
കടപ്പാട്: 1. Hounded out of home, death stalks Muzaffarnagar riots victims
Furquan Ameen Siddiqui (Hindustan Times 02.12.13)
2. women survivors of Muzaffarnagar riots- Anjali Singh (Kashmir Times 30.11.2013)

 

Latest