സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍:കാസര്‍കോടിന് കന്നി കിരീടം

Posted on: December 4, 2013 6:00 am | Last updated: December 4, 2013 at 7:40 am

കല്‍പ്പറ്റ: തുല്യശക്തികള്‍ തമ്മിലുള്ള സംസ്ഥാന സീനിയര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ മലപ്പുറത്തെ സഡന്‍ഡെത്തില്‍ കീഴടക്കി കാസര്‍കോട് ചാമ്പ്യന്മാരായി. ഇതാദ്യമായാണ് കാസര്‍കോട് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം നേടുന്നത്. സഡന്‍ഡെത്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ (10-9) നാണ് നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തെ കാസര്‍കോട് കീഴടക്കിയത്.

മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയും തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ അഞ്ച് കിക്കുള്‍ വീതം ഇരുടീമുകളും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സഡന്‍ഡെത്തില്‍ മലപ്പുറത്തിന്റെ സുബൈറിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെയാണ് കാസര്‍കോഡ് കിരീടം നേടിയത്. തുല്യശക്തികളുടെ പോരാട്ടമാണ് ഫൈനല്‍ മത്സരത്തില്‍ കാണാനായത്. മത്സരം ചൂടു പിടിക്കും മുമ്പെ കാസര്‍കോട് നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ചു. നാലാം മിനുറ്റില്‍ മുഹമ്മദ് മുഹാദിന്റെ ലോംഗ് റേഞ്ചര്‍ മലപ്പുറത്തിന്റെ ക്യാപ്റ്റന്‍ നസീബിനെ മറികടന്ന് വല കുലുക്കി (1-0).
ഗോള്‍ വീണ മലപ്പുറം ഉണര്‍ന്നു കളിച്ചതോടെ ഇരുവശത്തേക്കും പന്ത് കയറിയിറങ്ങി. മുന്‍ സന്തോഷ്‌ട്രോഫി താരങ്ങളായ സുബൈറിനെയും ഉസ്മാനെയും മുന്‍നിര്‍ത്തി ആക്രമണം നടത്തിയ മലപ്പുറം പലപ്പോഴും കാസര്‍കോഡിന്റെ ഗോള്‍മുഖം വിറപ്പിച്ചു.
സഹോദരങ്ങളായ ഷാഫിയും റാഫിയുമാണ് കാസര്‍കോഡിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 24-ാം മിനുറ്റില്‍ മലപ്പുറത്തിന്റെ മുന്നേറ്റത്തിന് ഫലംകണ്ടു. റൈറ്റ് വിംഗ് ബാക്ക് സ്ഥാനത്ത് കളിക്കുന്ന ശിഹാബ് ടച്ച്‌ലൈനിലൂടെ മുന്നേറി നല്‍കിയ ക്രോസ് മുന്‍ മുഹമ്മദന്‍സ് താരം സുബൈര്‍ ഹെഡ് ചെയ്ത് വലയിലാക്കി (1-1). 28-ാം മിനുറ്റില്‍ സുബൈറിലൂടെ ആധിപത്യം നേടാനുള്ള അവസരം നേരിയ വ്യത്യാസത്തിന് പുറത്തായി.
43-ാം മിനുറ്റില്‍ ഉസ്മാന്റെ മനോഹരമായ നീക്കം കാസര്‍കോടിന്റെ ഗോള്‍കീപ്പര്‍ മിര്‍ഷാദ് കൈപിടിയിലൊതുക്കി.
രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ ലഭിച്ച തുറന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിന് മലപ്പുറത്തിന് കനത്ത വില നല്‍കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷത്തെ കലാശപ്പോരാട്ടത്തില്‍ മലപ്പുറത്തിനോടേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി കാസര്‍കോടിന്റെ കിരീട വിജയം.