സംസ്ഥാനതല ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 11 മുതല്‍

Posted on: December 4, 2013 7:00 am | Last updated: December 4, 2013 at 7:35 am

കല്‍പറ്റ: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി, ബത്തേരി സോക്കര്‍ അക്കാദമികളുടെ സഹകരണത്തോടെ 39-ാമത് സംസ്ഥാനതല ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മീനങ്ങാടി ശ്രീകണ്ഠഗൗഡ ഫഌഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 11 മുതല്‍ 26 വരെയാണ് മത്സരം.
14 ജില്ലാ ചാമ്പ്യന്‍സ് ക്ലബ് ടീമുകളും, പ്രൊഫഷണല്‍ ക്ലബ്ബുകളായ കേരളാ പോലീസ്, എ.ജി.എസ്. തിരുവനന്തപുരം, കെ.എസ്.ഇ.ബി. തിരുവനന്തപുരം, തുടങ്ങിയ ടീമുകളും പങ്കെടുക്കും. സന്തോഷ് ട്രോഫി താരങ്ങള്‍, ഇന്ത്യന്‍ ടീം താരങ്ങള്‍, ഘാന, നൈജീരിയ, ഓഡ്‌ലി ഈലി, ചിലി തുടങ്ങിയ വിദേശരാജ്യങ്ങളിലെ താരങ്ങളും കളത്തിലിറങ്ങും. ആദ്യ രണ്ടു റൗണ്ടുകളില്‍ രണ്ടു കളി വീതവും, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മുതല്‍ ദിവസേന ഒരു കളി വീതവുമായിരിക്കും നടക്കുക. വൈകുന്നേരം 5.30നും ഏഴിനുമാണ് മത്സരം.
ഗ്യാലറിയില്‍ 5000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് 20 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. സീസണ്‍ ടിക്കറ്റിന് 600 രൂപയുമായിരിക്കും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക് സീസന്‍ ടിക്കറ്റിന് 300 രൂപ മാത്രം ഇടാക്കുന്നതാണ്.
ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം ജില്ലാ പഞ്ചായത്ത് കിഡ്‌നി ഫൗണ്ടേഷന്‍, മീനങ്ങാടി പഞ്ചായത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ എന്നിവക്ക് നല്‍കും. സംഘാടക സമിതി ഭാരവാഹികളായ വി. സിറാജ്, ബിനു തോമസ്, നാസര്‍ കല്ലങ്കോടന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ALSO READ  തിയാഗോ സിൽവ ഇനി ചെൽസിയുടെ നീലപ്പടയിൽ; ഒരു വർഷത്തേക്ക് കരാർ