Connect with us

Editorial

ഈ കുളിമുറിയില്‍ എല്ലാവരും....

Published

|

Last Updated

ടി പി വധക്കേസ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റുന്നതിന് കോടതിയുടെ അനുമതി തേടാന്‍ തീരുമാനിച്ചിരിക്കയാണ് ആഭ്യന്തര വകുപ്പ്. ഫേസ്ബുക്ക് കൈകാര്യം ചെയ്തത് ഉള്‍പ്പെടെ ജയിലില്‍ പ്രതികള്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഉന്നതതല സമിതി അന്വേഷിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിക്കുകയുണ്ടായി. സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി, ജയില്‍ ഡി ജി പി എന്നിവരടങ്ങുന്ന താണ് അന്വേഷണ സമിതി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഏഴ് പ്രതികള്‍ ജയിലില്‍ പ്രത്യക സുഖസൗകര്യങ്ങള്‍ അനുഭവിക്കുകയും സോൃഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനമുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചു സുഹൃത്തുക്കളോട് ആശയവിനിമയം നടത്തുകയും ചെയ്യുന്ന വിവരം പുറത്തായതിനെ തുടര്‍ന്നാണ് ഈ നടപടികള്‍. ഇതേച്ചൊല്ലി ആഭ്യന്തര വകുപ്പ് കടുത്ത വിമര്‍ശം നേരിടുകയാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടു രംഗത്തു വന്നിട്ടുണ്ട്.
ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ അനുവദനീയമായതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുഭവിക്കുന്നതും ഫോണ്‍ ഉപയോഗിക്കുന്നതും ഇതാദ്യമല്ല. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു തടവിലിരുന്ന കാലത്ത് മുന്‍ മന്ത്രി ആര്‍ ബാലകൃഷ് പിള്ള ഫോണ്‍ ഉപയോഗിച്ച സംഭവം വിവാദമായതാണ്. ജയില്‍വാസത്തിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് പ്രമുഖ രാഷ്ട്രീയ നേതാക്കളോടും മാധ്യമ പ്രവര്‍ത്തകരോടും അദ്ദേഹം ഫോണില്‍ സംസാരിച്ചത്. തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ജയിലിലായാലും ആശുപത്രിയിലായാലും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പി എ വര്‍ഗീസിനെ അധികാരപ്പെടുത്തിയിരുന്നെങ്കിലും അതുസംബന്ധമായി പിന്നീട് യാതൊരു വിവരവുമില്ല.
പിള്ളയുടെ ഫോണ്‍വിളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 2011 നവംബറില്‍ സംസ്ഥാനവ്യാപകമായി ജയിലുകളില്‍ നടത്തിയ പരിശോധനകളില്‍ അത്യാധുനിക സംവിധാനങ്ങളുള്ള 120 ഫോണുകളും നൂറുകണക്കിന് സിംകാര്‍ഡുകളും പിടിച്ചെടുക്കുകയും, അമേരിക്ക, ബംഗ്ലാദേശ്, ആസ്‌ട്രേലിയ, പാക്കിസ്ഥാന്‍, സോമാലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കടക്കം ഈ ഫോണുകളില്‍ നിന്ന് വിളികള്‍ പോയതായി കണ്ടെത്തുകയും ചെയ്തിരുന്നു. രാജ്യത്തെ നമ്പറുകളിലേക്ക് ബന്ധപ്പെടാ വുന്ന സാറ്റലൈറ്റ് ഫോണുകളും സ്‌കൈപ് പോലുള്ള ഇന്റര്‍നെറ്റ് പ്രോഗ്രാമുകളുടെ സഹായത്തോടെ വിളിക്കാവുന്ന ഫോണുകളും ജയിലില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ വിവരം ജയില്‍ എ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ഇതുസംബന്ധിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ)യെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയുമുണ്ടായി. പ്രസ്തുത അന്വഷണത്തെക്കുറിച്ചും തുടര്‍വിവരങ്ങളൊന്നും കണ്ടില്ല.
പല മാധ്യമങ്ങള്‍ക്കും ജയില്‍ തടവുകാരുടെ അനധികൃത സുഖസൗകര്യങ്ങളും ഫോണ്‍വിളികളും ചൂടേറിയ വാര്‍ത്തയാകുന്നത് ചില പ്രത്യേക പാര്‍ട്ടിക്കാര്‍ പ്രതിസ്ഥാനത്ത് വരുമ്പോഴാണ്. ജയിലില്‍ രാഷട്രീയ തടവുകാര്‍ അനുഭവിക്കുന്ന അനധികൃത സൗകര്യങ്ങള്‍ക്ക് പാര്‍ട്ടി വകഭേദമില്ല. ചാര്‍ത്തപ്പെട്ട കുറ്റമെന്തായാലും പാര്‍ട്ടി ഏതായാലും രാഷ്ട്രീയ പ്രവര്‍ത്തകരായ തടവുകാര്‍ക്ക് മറ്റു തടവുകാര്‍ക്കനുവദിക്കുന്നതിലുപരി സൗകര്യങ്ങള്‍ നല്‍കുന്ന തെറ്റായ കീഴ്‌വഴക്കം കാലങ്ങളായി സംസ്ഥാനത്തെ ജയിലുകളില്‍ നടന്നുവരുന്നുണ്ട്. ഇത് ബന്ധപ്പെട്ടവര്‍ക്കറിയായ്കയല്ല. അവരും രാഷ്ട്രീയക്കാരായതിനാല്‍ കണ്ടില്ലെന്ന് നടിക്കാന്‍ നിര്‍ബന്ധിതരാകുന്നു. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരും സ്വന്തക്കാരും കേസുകളില്‍ അകപ്പെട്ട് ജയിലിലെത്തിക്കൂടായ്കയില്ലല്ലോ. ഒരു തരം ഒത്തുകളിയാണിതെല്ലാം. പ്രശ്‌നം വിവാദമാകുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അന്വേഷണം പ്രഖ്യാപിക്കും. പ്രതികളെ സ്ഥലം മാറ്റും. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടായേക്കും. പ്രശ്‌നം കെട്ടടങ്ങുന്നതോടെ അന്വേഷണം നിലക്കുകയും നടപടിക്ക് വിധേയരായ ജീവനക്കാര്‍ ഉദ്യോഗക്കയറ്റത്തോടെ സര്‍വീസില്‍ തിരിച്ചു വരികയും ചെയ്യും. ജയില്‍ മാറ്റിയ പ്രതികള്‍ക്ക് താമസിയാതെ അവിടെയും ഇതേ സുഖസൗകര്യങ്ങള്‍ നല്‍കപ്പെട്ടെന്നും വരാം.
അധികാരത്തിന്റെ ഇടനാഴികളിലും ഭരണ തലങ്ങളിലും രാഷ്ട്രീയക്കാര്‍ക്ക് അപ്രമാദിത്വമുണ്ട്. അവര്‍ സ്വയം കല്‍പ്പിച്ച അപ്രമാദിത്വം. വിവരാകാശ നിയമത്തിന്റെ പരിധിയില്‍ പാര്‍ട്ടികളുടെ വരുമാനം ഉള്‍പ്പെടുത്തരുതെന്നും, ക്രിമിനല്‍ കേസില്‍ കുറ്റപത്രം നല്‍കപ്പെട്ടവരെങ്കിലും അധികാര സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും തിരഞ്ഞെടുപ്പില്‍ അയോഗ്യത കല്‍പ്പിക്കരുതെന്നും പറയാനുള്ള ചങ്കുറപ്പ് ഇതിന്റെ ഫലമാണ്. രാഷ്ട്രീയ തടവുകാരുടെ ജയിലിലെ സുഖവാസവും ഈ ഗണത്തില്‍ പെടുന്നു. ഇത് പൂര്‍ണമായും അവസാനിപ്പിക്കേണ്ടത് നീതിന്യായ വ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക സമത്വത്തിന് അനിവാര്യമാണ്.

Latest