Connect with us

Articles

കസ്തൂരിയും കുടിയേറ്റക്കാരും

Published

|

Last Updated

“കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഇവിടെ രക്തച്ചൊരിച്ചിലുണ്ടാകും. ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും. ഞങ്ങളെ മാവോയിസ്റ്റുകളാക്കരുത്.”- ഇത് കേരളത്തിലെ ഒരു കത്തോലിക്കാ മെത്രാന്റെ വാക്കുകളാണ്. ഇങ്ങനെ ഒരു പ്രസ്താവന വല്ല മുസ്‌ലിം പണ്ഡിതനുമാണ് നടത്തിയിരുന്നതെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ മതതീവ്രവാദികളെന്ന മുദ്രകുത്തി ജയിലിലടക്കുമായിരുന്നു. സാധാരണക്കര്‍ ഇങ്ങനെ വല്ല അഭിപ്രായവും ആരെങ്കിലുമായി പങ്ക് വെച്ചിരുന്നെങ്കില്‍ രാജ്യദ്രോഹികളെ തേടി നടക്കുന്ന ഇന്റലിജന്‍സുകാര്‍ വീടിനു ചുറ്റും കഴുകനെപ്പോലെ പറന്നു തടക്കുമായിരുന്നു. വാളെടുക്കുന്നവന്‍ വാളാലെ, വാളുറയിലിട്ട് വലതു കരണത്തടിക്കുന്നവനു ഇടതു കവിളു കൂടി കാണിച്ചു കൊടുക്കുക എന്നിങ്ങനെ ലോകത്തു ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിനു ആവശ്യമായ പാഠങ്ങള്‍ പഠിപ്പിച്ച യേശുവിന്റെ അനുയായികള്‍ ഇന്നെവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ തെളിവാണ് താമരശ്ശേരി മെത്രാന്റെ പ്രസ്താവന.
ഇതൊക്കെ ആയിട്ടും ഇവിടുത്തെ രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ചും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഈ അരമനകള്‍ കയറി ഇറങ്ങി, മെത്രാന്മാരുടെ കൈകള്‍ മാത്രമല്ല കാലുകളും മുത്തുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. കേട്ടില്ലേ, ഇടുക്കി മെത്രാന്‍ അവിടുത്തെ ഒരു ജനപ്രതിനിധി പി ടി തോമസിനെതിരെ പറഞ്ഞത്? വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി ടി മത്സരിച്ചുകൂടാ. അവിടെ ഫ്രാന്‍സിസ് തോമസിനു സീറ്റ് നല്‍കണം. ഇതൊക്കെ തീരുമാനിക്കാന്‍ ഈ ബിഷപ്പാരാണ്? അദ്ദേഹം മെത്രാനായതു പോലും ഇടുക്കിയിലെ വിശ്വാസികളുടെ തീട്ടൂരം വാങ്ങിക്കൊണ്ടല്ല. അവിടെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍പ്പോലും ഇദ്ദേഹം ജയിക്കുമെന്നുറപ്പില്ല. റോമിലെ വത്തിക്കാന്‍ ഭരിക്കുന്ന മാര്‍പാപ്പായുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു വാഴിക്കപ്പെടുന്ന ഇവിടുത്തെ മെത്രാന്മാര്‍ ഈ നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്നതരം പ്രസ്താവനകളിലൂടെ സ്വയം തരംതാഴുന്നത് കഷ്ടമാണ്.
മതേതര രാഷ്ട്രീയത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണ്ട സമയമാണിത്. മതത്തിലായാലും രാഷ്ട്രീയത്തിലായാലും പിന്‍വാതില്‍ പ്രവേശം അനാശാസ്യമാണ്. കത്തോലിക്കാ മെത്രാന്മാര്‍ക്കു രാഷ്ട്രീയ വിഷയങ്ങളില്‍ താത്പര്യമുണ്ടെങ്കില്‍ അവര്‍ കുപ്പായം ഊരിയിട്ടോ ഊരാതെയോ നേരെ ചൊവ്വെ രാഷ്ട്രീയത്തിലേക്കു വരട്ടെ. എന്നിട്ട് നേതൃസ്ഥാനങ്ങളിലേക്ക് നേരിട്ടു മത്സരിക്കുകയോ തങ്ങള്‍ക്കിഷ്ടമുള്ളവരെ മത്സരിപ്പിക്കുകയോ ചെയ്യട്ടെ. കോണ്‍ഗ്രസിലെയോ കേരളാകോണ്‍ഗ്രസിലെയോ ഒക്കെ സ്ഥാനാര്‍ഥിനിര്‍ണയം ആ പാര്‍ട്ടികള്‍ തീരുമാനിക്കട്ടെ. ഇതല്ലേ ജനാധിപത്യ മര്യാദ?
മലയോര മേഖലകളില്‍ വെടിയും പുകയും ഉയര്‍ത്തുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലേക്കു വരാം. തത്കാലം കമ്മ്യൂണിസ്റ്റുകാര്‍ കുടിയേറ്റ മേഖലകളുടെ വികസനം എന്നൊക്കെപ്പറഞ്ഞ ഈ മെത്രാന്‍ സമരക്കാരോടൊപ്പം നില്‍ക്കുമെങ്കിലും ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ കണ്ണുള്ള അവര്‍ തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കുകയും കൂടുതല്‍ തീവ്രമായ പരിസ്ഥിതി സംരക്ഷണ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യാന്‍ നിര്‍ബന്ധിതരാകും. പ്രകൃതിയുടെ ദന്ദ്വാത്മകതയെക്കുറിച്ചു ദീര്‍ഘമായി ഉപന്യസിച്ചിട്ടുള്ളവരാണ് മാര്‍ക്‌സും ഫ്രെഡറിക്ക് എംഗല്‍സും. കുടിയേറ്റ സമൂഹത്തിന്റെ വികസനാര്‍ഥിക്കു മുമ്പില്‍ തകര്‍ന്നു പോയ, ഫ്രാന്‍സിലേയും സ്‌പെയിനിലേയും ജര്‍മനിയിലേയും വനാന്തരങ്ങളെക്കുറിച്ചും പര്‍വതനിരകളെക്കുറിച്ചും എംഗല്‍സ് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയില്‍ മാര്‍ക്‌സിസ്റ്റ് സാഹിത്യം പോലും വായിച്ചു പഠിക്കാന്‍ നമ്മുടെ സഖാക്കള്‍ക്കു സമയം കിട്ടുന്നുണ്ടാകില്ല. മാത്രമല്ല യാതൊന്നും വായിക്കാതെ തന്നെ ഏതു വലിയ പരീക്ഷയും പാസ്സാകാന്‍ കഴിയുന്ന തരത്തില്‍ ഉള്ള ഒരു ബൂര്‍ഷ്വാ വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഭോക്താക്കളാണ് പുതിയ തലമുറയിലെ ചെറുപ്പക്കാര്‍. ആ നിലക്ക് അവര്‍ മനുഷ്യരാശിയുടെ ഭാവിയെ കരുതിയുള്ള പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ, കാള പെറ്റെന്നു കേട്ടപ്പോഴേ കയറും എടുത്ത് ഓടുന്ന തരത്തില്‍ “കസ്തൂരിരംഗനെ ക്രൂശിക്ക, ക്രൂശിക്ക” എന്നാര്‍ത്തട്ടഹസിക്കുന്ന പരീശന്മാരോടും ശാസ്ത്രികളോടും ഒപ്പം നടന്നു നീങ്ങുന്നത് കാണാന്‍ നല്ല രസമുണ്ട്. പണ്ട് ഫാദര്‍ വടക്കനുമായി കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ സമരൈക്യം അവര്‍ക്കു ചില നേട്ടങ്ങളൊക്കെ ഉണ്ടാക്കിക്കൊടുത്തു. കത്തോലിക്കാ സഭയില്‍ നിന്നും വീണ്ടും ചില ഫാദര്‍ വടക്കന്മാരെ കമ്മ്യൂണിസ്റ്റുകാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് നല്ലതു തന്നെ. താത്കാലികമായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കപ്പുറത്തേക്കും നീങ്ങുന്ന ഒരിടതുപക്ഷ മനസ്സ് മലയോര മേഖലയിലെ പള്ളിയുടെ കുഞ്ഞാടുകള്‍ക്കുണ്ടാക്കിക്കൊടുക്കാന്‍ ഈ കൂട്ടുകെട്ട് ഭാവിയില്‍ വഴിയൊരുക്കുമെങ്കില്‍ സന്തോഷം.
മനുഷ്യന്‍ സംഘടിത ജീവിതം തുടങ്ങിയ കാലത്ത് കാട്, നാട് എന്നീ വേര്‍തിരിവുണ്ടായിരുന്നില്ലെന്നാണ് നരവംശ ശാസ്ത്രകാരന്മാര്‍ പറയുന്നത്. കാട്ടില്‍ നിന്നു പുറത്തിറങ്ങിയ ആദിമ നരന്മാരും നാരികളും ഒക്കെ പകുതി മൃഗങ്ങളും പകുതി മനുഷ്യരുമായിരുന്നു എന്നു പറഞ്ഞാല്‍ ശരിയായിരിക്കില്ലെങ്കിലും ബുദ്ധി, വിവേകം തുടങ്ങിയ കാര്യങ്ങളിലൊന്നും ഇരുകൂട്ടരും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലത്രേ. ബൈബിള്‍ വിവരണം വായിച്ചാല്‍ ഏദന്‍ തോട്ടം വൃക്ഷങ്ങളും സസ്യലതാദികളും പക്ഷികളും മൃഗങ്ങളും ഒക്കെ നിറഞ്ഞ ഒരു സുന്ദരവനം തന്നെ ആയിരുന്നെന്നാണ് തോന്നുക.(ഉല്‍പ:2:1-19) മനുഷ്യനു അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ഏദന്‍ തോട്ടത്തില്‍ നിന്നവന്‍ അവകാശപ്പെട്ടതോടെയാണ് ആദ്യ പാപം ആവിര്‍ഭവിക്കുന്നത്. എന്തൊക്കെ കിട്ടിയാലും എന്തെല്ലാം ഉണ്ടായിരുന്നാലും അതൊന്നും പോരാ എന്തെങ്കിലും വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത്, പാടില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ചെയ്താലേ മനുഷ്യനു തൃപ്തിവരു. അതാണല്ലോ ഏദന്‍ തോട്ടത്തില്‍ സംഭവിച്ചത്. അവിടുത്തെ വിലക്കപ്പെട്ട ഫലം ഭാവിതലമുറകള്‍ക്കായി പ്രകൃതി സൂക്ഷിച്ചു വെച്ചിരിക്കുന്ന കരുതല്‍ ശേഖരമായിരുന്നു. അതു കൈയേറിയപ്പോഴാണ് ഭൂമിയിലെ ആദ്യത്തെ കുടിയിറക്കുണ്ടായത്. നിയമം ലംഘിച്ചുള്ള എല്ലാ കുടിയേറ്റങ്ങളും കുടിയിറക്കത്തിലേ കലാശിക്കൂ.
“ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണിക്കുന്നു. ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകല്‍ പകലിനു വാക്കു പൊഴിക്കുന്നു. രാത്രി രാത്രിക്ക് അറിവ് കൊടുക്കുന്നു.”” (സങ്കീര്‍ത്തനം-19:1-2) ഇതൊക്കെയാണീ പ്രകൃതി നിയമം. ഇത് പാലിക്കലാണ് ആത്മീയത, അതു പ്രചരിപ്പിക്കലാണ് മതത്തിന്റെ ജോലി. നിര്‍ഭാഗ്യവശാല്‍ ഇതെല്ലാം വിസ്മരിച്ച മനുഷ്യന്റെ വികസന ഭ്രാന്തിനു ആക്കം കൂട്ടുക, അവന്റെ ധനസമ്പാദനത്വരക്കു ആവേശം പകരുക, ചുരുക്കത്തില്‍ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന അവനെ, മൃഗത്തേക്കാള്‍ തരം താഴ്ത്തുന്ന ഉപഭോഗാര്‍ത്തിക്ക് കൂട്ട് നില്‍ക്കുന്ന സമീപനമാണ് മിക്ക മതാധ്യക്ഷന്മാരും പിന്തുടര്‍ന്നു പോരുന്നത് എന്നതിന്റെ ലക്ഷണമാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ മുന്‍ നിറുത്തി ഇപ്പോള്‍ പശ്ചിമഘട്ട മലനിരകളില്‍ കുടിയേറ്റ കര്‍ഷകര്‍ നടത്തി വരുന്ന പ്രക്ഷോഭം. പരിസ്ഥിതി സംരക്ഷണം എന്ന് കേട്ടാലുടന്‍ മനുഷ്യരെ മറന്നു പന്നിയേയും പെരുച്ചാഴിയേയും സിംഹവാലന്‍ കുരങ്ങിനെയും കുറിച്ചു വേവലാതിപ്പെടുന്നവര്‍ എന്ന വായ്ത്താരി മുഴക്കി പ്രസംഗിക്കാനും ലേഖനം എഴുതാനും ഒക്കെ ഇറങ്ങിപ്പുറപ്പെടുന്നവര്‍ പരിസ്ഥിതിവാദികളെ ആക്ഷേപിക്കുന്നു. അവര്‍ സ്വന്തം വിവരക്കേടെഴുന്നള്ളിക്കുന്നവര്‍ എന്നു ധരിച്ചാല്‍ മതി; ഈ ഭൂമി മനുഷ്യര്‍ക്കു മാത്രമല്ല മേല്‍പ്പറഞ്ഞ ജീവികള്‍ക്കു കൂടി അവകാശപ്പെട്ടതാണ് സാര്‍.
ഭൂപ്രകൃതിയനുസരിച്ച് കേരളം മലനനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു എന്നെല്ലാവര്‍ക്കും അറിയാം. ആ അറിവ് അതിനും അപ്പുറത്തേക്കു വ്യാപിക്കേണ്ടിയിരിക്കുന്നു. ഈ മൂന്നിനും മൂന്ന് പ്രത്യേക തരം ആവാസ വ്യവസ്ഥകളാണുള്ളത്. (ഒമയശമേ)േ തീരപ്രദേശങ്ങള്‍ സ്ഥിരവാസമാക്കിയവര്‍ മത്സ്യബന്ധനം, വാണിജ്യം തുടങ്ങിയ ജോലികളില്‍ വ്യാപരിച്ചപ്പോള്‍ ഇടനാടുവാസികള്‍ കൃഷിയും കന്നുകാലി വളര്‍ത്തലും ജീവിതോപായമായി സ്വീകരിച്ചു. മലവാസികള്‍ വെറും വനവാസികളായി തന്നെ തുടര്‍ന്നു. അവരെയാണ് ഇപ്പോള്‍ നമ്മള്‍ ആദിവാസികള്‍ എന്ന ആക്ഷേപ പേര് നല്‍കി ജീവിക്കാനറിയാത്തവരെന്നാക്ഷേപിക്കുന്നത്. ജീവിതം ഇന്നത്തെ നിലയില്‍ ഹരിതാഭമായി തീര്‍ന്നത് തീര്‍ച്ചയായും ഈ വനവാസികളില്‍ നിന്നായിരിക്കാം. ഒരിക്കല്‍ മൃഗങ്ങളോടൊപ്പം ഇണങ്ങി ജീവിച്ചിരുന്നവര്‍ അവരുടെ ഉള്ളിലെ മൃഗത്തെ തുറന്നുവിട്ടു. അതുകണ്ട് കാട്ടിലെ യഥാര്‍ഥ മൃഗം പേടിച്ചിരിക്കണം. അതോടെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ശത്രുത വളര്‍ന്നു. മൃഗങ്ങളെ കീഴടക്കാന്‍ അവന്‍ ആയുധങ്ങളെ ശരണം പ്രാപിച്ചു. കാട്ടാളാന്‍, വേട്ടക്കാരന്‍, മാംസഭോജി ഇതെല്ലാം ഇതിന്റെ സ്വാഭാവിക തുടര്‍ച്ചയായിരിക്കാം.
വേട്ടക്കാരനായ മനുഷ്യന്‍ താഴ്‌വാരങ്ങള്‍ തേടി മലയിറങ്ങി. വേട്ടയാടി മൃഗങ്ങളുടെ വംശനാശം വരുത്തുന്നതിലും ഭേദം അവയെ ഇണക്കി വളര്‍ത്തുകയായിരിക്കും എന്നവനു തോന്നി. ഫലമൂലാദികളും വൃക്ഷലതാദികളും യഥാവിധി സംരക്ഷിച്ചു വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം അവനു മനസ്സിലായി. അങ്ങനെ വേട്ടക്കാരന്‍, ആട്ടിടയനായും ആട്ടിടയന്‍ കൃഷിക്കാരനായും മാറി. ഹണ്ഡിംഗ്, പാസ്റ്ററിംഗ്, അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍-കള്‍ച്ചറിന്റെ പ്രഭവകേന്ദ്രം. അതായത് കൃഷി. കലപ്പ ഉപയോഗിച്ചു നിലം ഉഴുത ജനകരാജാവിനു മുമ്പില്‍ പ്രകൃതി സീതയുടെ രൂപത്തില്‍ ആവിര്‍ഭവിച്ചു. നദീതടങ്ങള്‍ പുതിയ സംസ്‌കാര കേന്ദ്രങ്ങളായി. സ്വര്‍ലോകത്തൂടെ ഒഴുകിയിരുന്ന ഗംഗയെ തീവ്രപ്രയത്‌നത്തിലൂടെ ഭഗീരഥന്‍ എന്ന രാജാവ് പരമശിവന്റെ ജട വഴി ഒഴുക്കി ഭൂമിയില്‍ എത്തിച്ചു. ഇതുപോലുള്ള കഥകളും കവിതകളും ഒക്കെ കാര്‍ഷിക സംസ്‌കൃതിയുടെ ഉത്പന്നങ്ങളായിരുന്നു.
കൃഷി, സംസ്‌കാരത്തിന്റെ മാത്രമായിരുന്നില്ല മനുഷ്യന്റെ സര്‍ഗാത്മക അധ്വാനത്തിന്റെ ആദ്യ ആവിഷ്‌കാരം കൂടി ആയിരുന്നു. ഭൂമിയില്‍ വിയര്‍പ്പൊഴുക്കി നീ, നിന്റെ അധ്വാന ഫലം നേടും എന്ന ആദിമ ദൈവാനുഗ്രഹത്തെ വ്യവസായ മുതലാളിത്തത്തിലേക്കു കൂറുമാറിയ പാശ്ചാത്യ പരിഷ്‌കൃതി ഒരു ദൈവശാപമായി വ്യാഖ്യാനിച്ചു. “എല്ല് മുറിയെ പണിയെടുത്ത് പല്ലു മുറിയെ തിന്നുക” എന്ന പ്രമാണത്തിന്റെ സ്ഥാനത്ത് എല്ലു മുറിയാതെയും പല്ലിനു പണിയൊന്നുമില്ലാതെയുമുള്ള പുതിയ ഭക്ഷണശീലങ്ങളും ആയി മനുഷ്യന്‍ പരിചയപ്പെട്ടു. ഭൂമി പണിയെടുത്തു വിളവുണ്ടാക്കാനുള്ളതല്ലെന്നും തുണ്ടുതുണ്ടായി മുറിച്ചു വിറ്റു പണം സമ്പാദിക്കാനുള്ളതാണെന്നുമുള്ള ധാരണ പ്രബലപ്പെട്ടു. ഇതോടെയാണ് ഭൂമി വിറ്റ് ഭൂമി വാങ്ങുക എന്ന ലക്ഷ്യത്തോടെ മലയോരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ കൊടി ഉയരുന്നത്. കാര്‍ഷിക കുടിയേറ്റങ്ങളിലൂടെ സമ്പന്നരായത് അധികവും കാര്യമായ മുതല്‍മുടക്ക് കൂടാതെ തന്നെ കാട് വെട്ടിത്തെളിച്ചും കൃത്രിമ രേഖകളുണ്ടാക്കിയും എല്ലാം ധാരാളം കൃഷി ഭൂമി സ്വന്തമാക്കുകയും അതെല്ലാം ചെറിയ കഷണങ്ങളാക്കി മുറിച്ചും വിറ്റു തിരിച്ചുപോയവരും ആണ്. മണ്ണിനോടു മല്ലിട്ട് അതില്‍ പൊന്ന് വിളയിച്ച കുടിയേറ്റ കര്‍ഷകരുടെ ആദ്യ തലമുറയെ മിക്കവാറും ഭൂമി അതിന്റെ അധോഭാഗങ്ങളിലേക്കു തിരിച്ചു വിളിച്ചിരിക്കുന്നു. അവരുടെ മാംസവും അസ്ഥികളും ഒക്കെ അലിഞ്ഞു ചേര്‍ന്ന കര്‍ഷക മേഖല അതിവേഗം വലിയ ടൗണ്‍ഷിപ്പുകളായി മാറിക്കൊണ്ടിരിക്കുകയാണ്.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ന് പരസ്പരം ചേരി തിരിഞ്ഞു നിന്നു കൂലിക്കും വേലക്കുമായി കണക്ക് പറയുകയാണ്. ഭൂമിയില്‍ കുനിഞ്ഞു പണിയെടുക്കാന്‍ ഇന്ന് കുടിയേറ്റക്കാരുടെ രണ്ടാം തലമുറയിലേയും മൂന്നാം തലമുറയിലേയും ആരും തന്നെ തയാറല്ല. സ്വന്തമായി ഒരു നല്ല കിടപ്പാടം പോലും ഇല്ലാത്ത, കര്‍ഷകത്തൊഴിലാളിയുടെ നെഞ്ചിലെ ചോരയാണ് ഇന്ന് സമ്പന്ന കര്‍ഷകന്റെ റബ്ബര്‍ മരങ്ങളില്‍ പാലായി ഒഴുകുന്നത്. കാര്‍ഷിക വിഭവങ്ങളുടെ വിലത്തകര്‍ച്ചയേക്കാള്‍ കാര്‍ഷിക മുതലാളിമാരെ ആശങ്കപ്പെടുത്തുന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ അവര്‍ക്ക് കരിങ്കല്‍ ക്വറികളും കല്ലുവെട്ടു മടകളും പ്രവര്‍ത്തിപ്പിച്ചു പണം വാരാനാകില്ലെന്നതാണ്. ജെ സി ബി എന്ന കലികാല യന്ത്രം ചീറിപ്പായിച്ച് അവശേഷിച്ച മലയിടുക്കുകള്‍ കൂടി ഇടിച്ചു നിരത്തി കൂറ്റന്‍ ചര്‍ച്ചുകളും കൊട്ടാര സദൃശമായ വീടുകളും കെട്ടിപ്പൊക്കാനാകുകയില്ലെന്നതാണ്. സ്വന്തം പറമ്പിലെ മരങ്ങളോടൊപ്പം ചേര്‍ന്നു കിടക്കുന്ന വനത്തിലെ മരം മുറിച്ചു വില്‍ക്കാനാകില്ലെന്നതാണ്. ഈ സമ്പന്ന കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരാണ് ഇപ്പോള്‍ പരിസ്ഥിതി സംരക്ഷണവാദികളെ പരിഹസിക്കുന്നതും തൂമ്പാ, കൈക്കോടാലി, വെട്ടുകത്തി തുടങ്ങിയ കാര്‍ഷികോപകരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാവം സര്‍ക്കാറുദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നതും. ഈ പോക്ക് പോയാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പറഞ്ഞതു പോലെ സര്‍ക്കാര്‍ കുടിയിറക്കാതെ തന്നെ കാട്ടുമൃഗങ്ങള്‍ ഇവരെ കുടിയിറക്കിക്കൊള്ളും. അന്നന്നത്തെ ആഹാരത്തിനു വേണ്ടി മാത്രം പ്രാര്‍ഥിക്കുകയും സ്വന്തം അധ്വാന സമ്പത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന സാധാരണ കൃഷിക്കാര്‍ക്ക് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അത്രയൊന്നും ഭയപ്പെടാനില്ല. അതത്രെ സത്യം.

Latest