കെ എസ് ആര്‍ ടി സിയില്‍ കോടികളുടെ ക്രമക്കേട്

Posted on: December 4, 2013 12:28 am | Last updated: December 3, 2013 at 11:29 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് വേണ്ടി ഗുണമേന്മയില്ലാത്ത പെയിന്റ് വാങ്ങി കോടികളുടെ ക്രമക്കേട് നടത്തുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തിനിടെ 5.47 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും സാധാരണ വേണ്ടതിന്റെ മൂന്നിരട്ടി പെയിന്റ് ആവശ്യമായി വരുന്നുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. എന്നാല്‍, ആറ് മാസം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കാതെ ആരോപണവിധേയമായ കമ്പനിയുടെ പെയിന്റ് തന്നെയാണ് ഇപ്പോഴും വാങ്ങുന്നത്.

വിപണിയില്‍ ലഭ്യമല്ലാത്ത, മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൃന്ദാവന്‍ എന്ന കമ്പനിയുടെ പെയിന്റാണ് കെ എസ് ആര്‍ ടിസിക്ക് വേണ്ടി വാങ്ങുന്നത്. 2011 മുതലാണ് നിലവാരമുള്ള പെയിന്റ് മാറ്റി ഈ കമ്പനിയെ ആശ്രയിച്ച് തുടങ്ങിയത്. സാധാരണ ഒരു കെ എസ്ആര്‍ ടി സി ബസ് പെയിന്റ് ചെയ്യുന്നതിന് വേണ്ടത് 12 ലിറ്റര്‍ പെയിന്റാണ്. ചുവപ്പ് നാല് ലിറ്റര്‍, നീല നാല്, ഗ്രേ രണ്ട്, കറുപ്പ് രണ്ട് എന്നിങ്ങനെയാണ് കണക്ക്. ഇത് നിറ വ്യത്യാസം അനുസരിച്ച് മാറി ഉപയോഗിക്കും. 2010ല്‍ ഒരു ബസ് പെയിന്റ് ചെയ്യുന്നതിന് ഉപയോഗിച്ചിരുന്നത് നിലവാരമുള്ള 12 ലിറ്റര്‍ പെയിന്റ് ആയിരുന്നെങ്കില്‍ 2011ല്‍ അത് 31 ലിറ്ററായി ഉയര്‍ന്നു. അതായത് 19 ലിറ്റര്‍ അധികം വേണ്ടി വരുന്നു.
സാധാരണ അടിക്കുന്നതിന്റെ മൂന്നിരട്ടിയോളം പെയിന്റ് ഉപയോഗിച്ചിട്ടും ബസുകള്‍ക്കു നിറം വെക്കുന്നില്ല. അടിച്ച പെയിന്റ് ദിവസങ്ങള്‍ക്കകം മങ്ങുകയാണെന്നും വിജിലന്‍സ് കണ്ടെത്തി. ഓരോ വര്‍ഷവും പെയിന്റടിച്ച് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം മാത്രമേ ബസുകള്‍ സര്‍വീസ് നടത്താവൂ എന്നാണ് നിയമം. ഒരു ലിറ്റര്‍ പെയിന്റിന് കെ എസ് ആര്‍ ടി സി ബൃന്ദാവന്‍ പെയിന്റിന് നല്‍കുന്നത് 199 രൂപയാണ്. 2010 വരെ 196.50 രൂപക്കായിരുന്നു മികച്ച നിലവാരമുള്ള ബെര്‍ജര്‍ പെയിന്റ് വാങ്ങിയിരുന്നത്. പിന്നീട് ആ കമ്പനി വിലയില്‍ മാറ്റം വരുത്തിയെന്ന് കാണിച്ചാണ് ബെര്‍ജര്‍ പെയിന്റ് വാങ്ങുന്നത് അവസാനിപ്പിച്ചത്.
2010 വരെ ഒരു ബസ് പെയിന്റ് ചെയ്യുന്നതിന് 2,358 രൂപ ചെലവ് വന്നിരുന്നത് 2011 ആയപ്പോള്‍ അത് 6169 രൂപയായി ഉയര്‍ന്നു. ഇരട്ടിയിലേറെ അധിക ചെലവ് വന്നിട്ടും കെ എസ് ആര്‍ ടിസി അധികൃതര്‍ ഇത് അറിഞ്ഞതായി ഭാവിച്ചില്ല.
2011ല്‍ 5620 ബസുകള്‍ക്കാണ് പെയിന്റടിച്ചത്. ഈ ഇനത്തിലുള്ള ചെലവ് 3,46,69,780 രൂപ. അധിക ചെലവ് 2,14,17,820. 2012ല്‍ 5760 ബസുകള്‍ക്ക് പെയിന്റ് അടിച്ചു. ചെലവ് 3,55,33,440. അധിക ചെലവ് 2,19,51,360. 2013 ജൂലൈ മാസം വരെ 2988 ബസുകള്‍ക്കു പെയിന്റടിച്ചു. ചെലവ് 1,84,32972. അധിക ചെലവ് 1,13,87268. കഴിഞ്ഞ് രണ്ടര വര്‍ഷങ്ങളിലെ ആകെ അധിക ചെലവ് 5,47,56448.
ആദ്യ വര്‍ഷം തന്നെ 2,14,17,820 രൂപയുടെ അധിക ചെലവ് ഉണ്ടായിട്ടും എന്താണ് കാര്യമെന്ന് അധികൃതര്‍ തിരക്കിയില്ല. നിലവില്‍ ഈ മാസം അവസാനം വരെ ഉപയോഗിക്കുന്നതിനുള്ള പെയിന്റ് കെ എസ് ആര്‍ ടി സിയുടെ പക്കല്‍ ഉണ്ട്.

ALSO READ  ദേവസ്വം ജീവനക്കാർക്ക് ബോണ്ട് സർവീസുമായി കെ എസ് ആർ ടി സി