കോട്ടപ്പുറത്തേക്ക് ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നു

Posted on: December 4, 2013 12:29 am | Last updated: December 3, 2013 at 9:29 pm

തൃക്കരിപ്പൂര്‍: ഒരു ദശാബ്ദക്കാലത്തോളമായി മുടങ്ങിക്കിടന്ന കോട്ടപ്പുറത്തേക്കുള്ള ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ ജലഗതാഗത വകുപ്പ് തീരുമാനിച്ചു. വലിയപറമ്പ നിവാസികളടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ഈ ബോട്ട് സര്‍വീസ് ഏതാനും ദിവസങ്ങള്‍ക്കകം പുനരാരംഭിക്കുമെന്നാണ് അറിയുന്നത്.
നിലവില്‍ ആയിറ്റിയില്‍നിന്ന് പടന്നകടപ്പുറത്തേക്ക് സര്‍വീസ് നടത്തുന്ന ബോട്ടാണ് നീലേശ്വരം നഗരസഭയില്‍ ഉള്‍പ്പെട്ട കോട്ടപ്പുറം ജെട്ടിവരെ പോവുക. ജില്ലയുടെ ആസ്ഥാനമടക്കമുള്ള വടക്കന്‍ മേഖലയിലേക്ക് യാത്ര ചെയ്യുന്ന തീരദേശവാസികള്‍ക്ക് ഈ ബോട്ട് സര്‍വീസ് ഏറെ പ്രയോജനപ്പെടും.
വലിയപറമ്പ പഞ്ചായത്തിലെ കടലോരവാസികളുടെ യാത്രാദുരിതത്തിന് ഒരു പരിഹാരമായാണ് ആയിറ്റിയിലെ ജലഗതാഗത വകുപ്പ് കാര്യാലയത്തിന്റെ നിയന്ത്രണത്തില്‍ ഏകദേശം കാല്‍നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊറ്റി-കോട്ടപ്പുറം ബോട്ട് സര്‍വീസ് ആരംഭിച്ചത്. അഞ്ച് ബോട്ടുകളാണ് അന്ന് സര്‍വീസ് നടത്തിയത്. തുടര്‍ന്ന് ഒരിയര മാവിലാ കടപ്പുറം പാലം പൂര്‍ത്തിയായതോടെ കോട്ടപ്പുറത്തേക്കുള്ള ബോട്ട് സര്‍വീസ് നിലച്ചു. ബോട്ട് ചാനലില്‍ മണല്‍ത്തിട്ട രൂപപ്പെട്ടതിനാല്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളുടെ യന്ത്രങ്ങള്‍ തകരാറിലാകുന്നുവെന്നാണ് ഇതിന് കാരണം പറഞ്ഞത്. തുടര്‍ന്ന് ഈ സര്‍വീസ് പടന്നക്കടപ്പുറത്തേക്കായി കുറച്ചു. കാലങ്ങളായുള്ള സര്‍വീസിനിടയില്‍ ക്രമേണ ബോട്ടുകളുടെ എണ്ണം കുറഞ്ഞ് രണ്ടായി. നിലവില്‍ ഒരുബോട്ട് ആയിറ്റിയില്‍നിന്ന് രാമന്തളി പഞ്ചായത്തിലെ കൊറ്റിയിലേക്കും രണ്ടാമത്തേത് പടന്ന കടപ്പുറത്തേക്കുമാണ് ഉള്ളത്. ഈ ബോട്ടാണ് കോട്ടപ്പുറത്തേക്ക് നീട്ടുന്നത്.
തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന, ചെറുവത്തൂര്‍, രാമന്തളി എന്നീ പഞ്ചായത്തുകളിലെയും നീലേശ്വരം നഗരസഭയിലെയും തീരദേശവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന കവ്വായികായലിലില്‍ കൂടിയുള്ള ഈ യാത്രാ സൗകര്യം കൂടുതല്‍ ബോട്ടുകള്‍ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുത്തുന്നത്.