Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ 2020 ഒക്‌ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020, ഒക്‌ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയായിരിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഹിലാല്‍ അല്‍മാരി അറിയിച്ചു.
സന്ദര്‍ശകരില്‍ 70 ശതമാനം യു എ ഇക്കു പുറത്തു നിന്നുള്ളവരായിരിക്കും. അതുകൊണ്ടു തന്നെ ദുബൈയില്‍ ഹോട്ടലുകള്‍ ഇരട്ടി വേണ്ടി വരും. 1,64,000 ഹോട്ടല്‍ മുറികളാണ് ലക്ഷ്യമിടുന്നത്. ഓരോ ദിവസം മൂന്ന് ലക്ഷം പേരെങ്കിലും ദുബൈയിലെത്തും. 180 രാജ്യങ്ങളുടെ പവലിയനുകളാണുണ്ടാവുക. 2.75 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. പുതിയ മേഖലകളില്‍ തൊഴിസലവസരങ്ങള്‍ ഉണ്ടാകുമെന്നും ഹിലാല്‍ അല്‍മാരി അറിയിച്ചു. വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്ക് ലഭിച്ചതു കൊണ്ട് ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെങ്കിലും വാടക വര്‍ധിക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വിലയിരുത്തുന്നു. “ജനസംഖ്യാ വര്‍ധനവുണ്ടെങ്കില്‍ മാത്രമേ, കെട്ടിടങ്ങളുടെ വാടക വര്‍ധന ഉണ്ടാവൂ. എക്‌സ്‌പോ നടക്കുന്നതിന് തൊട്ടുമുമ്പ് മാത്രമേ ആളുകളുടെ എണ്ണം വര്‍ധിക്കുകയുള്ളൂവെന്ന് ക്ലട്ടന്‍സ് മേധാവി സ്റ്റീവന്‍ മോര്‍ഗന്‍ പറഞ്ഞു. അതേസമയം യു എ ഇക്ക് എക്‌സ്‌പോ കിട്ടിയതു ഗള്‍ഫ് പ്രതീക്ഷകള്‍ക്കു കരുത്തുപകരുന്നു. വിവിധ മേഖലകളില്‍ ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാകും. യുഎഇയില്‍ മാത്രമല്ല ഇതര ഗള്‍ഫ് രാജ്യങ്ങളിലും വികസനവേലിയേറ്റത്തിന് എക്‌സ്‌പോ വഴിവയ്ക്കും. നിര്‍മാണം, ഗതാഗതം, എന്‍ജിനീയറിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും വന്‍ തൊഴില്‍സാധ്യതകളുണ്ടാകും.
ഇനിയുള്ള ആറുവര്‍ഷം കൊണ്ടു റെക്കോര്‍ഡ് വേഗത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഖത്തറില്‍ 2022ല്‍ നടക്കുന്ന ലോകകപ്പും പ്രവാസികള്‍ക്കു പ്രതീക്ഷ നല്‍കുന്നു. ലോകകപ്പിനോടനുബന്ധിച്ചു നിര്‍മാണമേഖലയിലടക്കം വന്‍ വികസന പദ്ധതികളാണു ഖത്തറില്‍ നടന്നുവരുന്നത്. എക്‌സ്‌പോ പ്രഖ്യാപനം അറബ് നാടുകളുടെയും സഹോദര രാജ്യമായ ഇന്ത്യയുടെയും പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്തും. യുഎഇയില്‍ 2021 വരെ 277, 000 തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. അനുബന്ധ മേഖലകള്‍ കൂടി കണക്കാക്കുമ്പോള്‍ ഇത് ഇരട്ടിയായേക്കാം. യുഎഇയുടെ വികസനക്കുതിപ്പ് അയല്‍ രാജ്യങ്ങളിലും മാറ്റത്തിനു വഴിയൊരുക്കും.
ജി സി സി റയില്‍ പദ്ധതി എക്‌സ്‌പോ പ്രഖ്യാപനത്തോടെ കൂടുതല്‍ വേഗത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതികളുടെ കേന്ദ്രബിന്ദു യുഎഇയാകും. കാര്‍ഷിക മേഖലയിലടക്കം വന്‍മാറ്റത്തിനു വഴിയൊരുങ്ങുമെന്നാണു റിപ്പോര്‍ട്ട്.