Connect with us

Gulf

ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പ് ജനുവരി 18ന്

Published

|

Last Updated

മസ്‌കത്ത്. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഭരണത്തിന് നേതൃത്വം നല്‍കുന്ന ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് ജനുവരി 18ന് നടക്കും. നാമനിര്‍ദേശ പത്രിക ഈ മാസം 14 വരെ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടിക മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. തിരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിജ്ഞാപനം വന്നതോടെ രക്ഷാകര്‍തൃ സമൂഹം തിരരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്.

പതിനഞ്ചംഗ ബി ഒ ഡിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളുടെയും മേല്‍നോട്ടാവകാശമുള്ള സമിതിയാണെങ്കിലും വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ക്കു മാത്രമാണ്. എന്നാല്‍ ബി ഒ ഡി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടാനുള്ള അവകാശം വോട്ടെടുപ്പിലൂടെ കടന്നു വരുന്നവരായിരിക്കുമെന്ന നിബന്ധന തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. ഇന്ത്യന്‍ എംബസി പ്രതിനിധികളും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുമുള്‍കൊള്ളുന്ന പത്ത് അംഗങ്ങളായിരിക്കും ബി ഒ ഡിയിലെ മറ്റു പ്രതിനിധികള്‍. എങ്കിലും അഞ്ച് അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സജീവ ചര്‍ച്ചയാകാറുണ്ട്. ഇന്ത്യന്‍ സ്‌കൂളുകളുടെ പൊതുവായ പുരോഗതികള്‍ക്കു നേതൃത്വം നല്‍കുന്ന ഭരണ സംവിധാനം എന്ന നിലയില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം ബി ഒ ഡി തിരഞ്ഞെടുപ്പിനെ കരുതലോടെയാണ് സമീപിക്കുക.

പുതിയ ഭരണ ഘടന അനുസരിച്ച് നിലവില്‍ വന്ന രണ്ടു വര്‍ഷ കാലാവധിയുള്ള ബി ഒ ഡിയിലേക്ക് 2011ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. 2015 ഏപ്രില്‍ ഒന്നിനു മുമ്പ് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടതുണ്ട്. ടോണി ജോര്‍ജ് അലക്‌സാണ്ടര്‍ ചെയര്‍മാനായ ബി ഒ ഡിയില്‍ അദ്ദേഹത്തെക്കൂടാതെ അംബുജാക്ഷന്‍ എം, മുത്തു കുമാര്‍, അന്‍ജന്‍ സി കെ, അരുള്‍ മൈക്കിള്‍ എന്നിവരാണ് കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടവര്‍. 14 സ്ഥാനാര്‍ഥികളാണ് മുന്‍ വര്‍ഷം മത്സര രംഗത്തുണ്ടായിരുന്നത്. ബാഹ്യ പ്രചാരണമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ വിലക്കുള്ള തിരഞ്ഞെടുപ്പില്‍ രക്ഷിതാക്കളെ നേരിട്ടു കണ്ടും ഫോണിലൂടെയും മറ്റും അഭ്യര്‍ഥന നടത്തിയുമാണ് സ്ഥാനാര്‍ഥികള്‍ വോട്ടു തേടുന്നത്. വിവിധ സാമൂഹിക കൂട്ടായ്മകളുടെ പിന്തുണയും സ്ഥാനാര്‍ഥികള്‍ക്കുണ്ടാകും.

ഇന്ത്യന്‍ സ്‌കൂളുകളുടെ പഠന നിലവാരത്തകര്‍ച്ച, ഫീസ് വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ ബി ഒ ഡിക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങളും ബി ഒ ഡിക്കു മേല്‍ അധികാരം പ്രയോഗിക്കാവുന്ന ഇന്ത്യന്‍ എംബസിയും നോക്കുകുത്തികളാകുന്നു എന്നാണ് പ്രതിഷേധക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നത്. രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളിലും ബി ഒ ഡി പ്രതിക്കൂട്ടിലായിരുന്നു ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും സംസ്‌കാരവും നേടാന്‍ കഴിയുന്ന വിദ്യാലയങ്ങളാക്കി മാറ്റുകയും ചെയ്യുന്നതിനു സഹായിക്കുന്ന സ്‌കൂളുകള്‍ എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ബി ഒ ഡി എന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നു വരുന്നത്.

വിവിധ സാമൂഹിക വിഭാഗങ്ങളുടെ പിന്തുണയോടെ പൊതു കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെക്കാനും അതനുസരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനും ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു വരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ പ്രധാന സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ചിത്രം തെളിഞ്ഞു വരും. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ ഏറ്റവും വലിയ രക്ഷാകര്‍തൃ സമൂഹമായ മലയാളികള്‍ക്കിടയിലും ചര്‍ച്ചകള്‍ സജീവമാണ്. സാമൂഹിക സംഘങ്ങളാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അതിനിടെ നിലവില്‍ ബി ഒ ഡിയിലുള്ള അംഗങ്ങളില്‍ നിന്നും സ്ഥാനാര്‍ഥികളുണ്ടാകാന്‍ സാധ്യതയുള്ളതായി സൂചനയുണ്ട്. മത്സരിക്കുമെന്നോ മത്സരിക്കില്ലെന്നോ പറയാനില്ലെന്ന് നിലവിലെ ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്‌സാണ്ടര്‍ സിറാജിനോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നത് സ്വതന്ത്രമായ കമ്മീഷനാണ്. രണ്ടു തിരഞ്ഞെടുപ്പു വരെ കാലാവധിയുള്ളതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയ യശ്പാല്‍ മേത്ത ചീഫ് കമ്മീഷണറായുള്ള സമിതിയാണ് നേതൃത്വം നല്‍കുന്നത്.

തിരഞ്ഞെടുപ്പു നടപടികള്‍ക്കായി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രത്യേക വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ അറിയിപ്പുകളും സൈറ്റില്‍നിന്നും ലഭിക്കും. ജനുവരി 18ന് വോട്ടെടുപ്പ് കഴിഞ്ഞ് അന്നു തന്നെ പ്രാഥമിക വോട്ടെണ്ണല്‍ നടക്കും. റീ കൗണ്ടിംഗ് ആവശ്യമുണ്ടെങ്കില്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടണം. 22ന് ഇന്ത്യന്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ ഫലം പ്രസിദ്ധപ്പെടുത്തും.