ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്: ട്രയല്‍ റണ്‍ ഇന്ന്‌

Posted on: December 3, 2013 1:48 pm | Last updated: December 3, 2013 at 11:59 pm

കല്‍പറ്റ: ഡിസംബര്‍ അഞ്ചിന് ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ പ്രധാന പന്തലിന്റെ പണികള്‍ പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഇവിടെ പരിപാടിയുടെ ട്രയല്‍ റണ്‍ നടക്കും. പരിപാടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകും. പോലീസിന്റെ സുരക്ഷാ പരിശോധനയും നടക്കും.
86 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് എസ്.കെ.എം.ജെ. സ്‌കൂളില്‍ പന്തലൊരുക്കിയത്. ഇതില്‍ 4000 മുതല്‍ 5000 പേര്‍ക്ക് വരെ ഇരിക്കാന്‍ സൗകര്യമുണ്ടാകും. കോഴിക്കോട് ജില്ലയില്‍പോലും ഒരുക്കിയതിനേക്കാള്‍ വലിയ പന്തലാണിത്. പന്തലിന്റെ ഇരുവശത്തുമായി വിവിധ വകുപ്പുകള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കൗണ്ടറുകള്‍ ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് കയറി വരുന്നതിനുള്ള പ്രധാന കവാടത്തിനടുത്ത് വിപുലമായ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കും. 15000 മുതല്‍ 20,000 പേരെയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ പ്രതീക്ഷിക്കുന്നത്.
ഇത്തവണ 10,264 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ ജില്ലാതലത്തില്‍ പരിഹരിക്കാവുന്നവ ഇവിടെ തന്നെ പരിഗണിച്ചു. ഇങ്ങനെ പരഹരിക്കാനാവാത്ത 246 പരാതികള്‍ തെരഞ്ഞെടുത്താണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ നേരിട്ട് പരിഗണിക്കുക. ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മണിമുതലാണ് പരിപാടി തുടങ്ങുക. ക്ഷണിക്കപ്പെട്ട പരാതിക്കാരെ ഗ്രൂപ്പുകളായി തിരിച്ച് സമയം നല്‍കിയിട്ടുണ്ട്. ഒമ്പത് മുതല്‍ 11 വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ, നാല് മുതല്‍ ആറു വരെ എന്നിങ്ങനെയാണ് സമയക്രമം. മുഖ്യമന്ത്രിയെ നേരില്‍ കാണേണ്ടവര്‍ക്കെല്ലാം അനുവദിക്കപ്പെട്ട സമയവും മറ്റ് വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ഭക്ഷണവും, മെഡിക്കല്‍ എയിഡും പോലീസ് സഹായവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.