ഓപണ്‍ സ്‌കൂള്‍: മുഖ്യമന്ത്രി ഇടപെടണം

Posted on: December 3, 2013 1:41 pm | Last updated: December 3, 2013 at 1:41 pm

കോഴിക്കോട്: സംസ്ഥാനത്തെ ഓപണ്‍ സ്‌കൂളുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഫീസ് അടക്കേണ്ട സമയമായിട്ടും ഇതുവരെയും രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഐ ഡി കാര്‍ഡുകള്‍ നല്‍കിയിട്ടില്ല. ഐ ഡി കാര്‍ഡുകള്‍ ലഭിച്ചാലേ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫീസ് അടക്കാനാകൂ. വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസുകളും അസൈന്‍മെന്റ് പ്രൊജക്ട് വര്‍ക്കുകളും ചെയ്യേണ്ട സമയം അതിക്രമിച്ചു.
ഓപണ്‍ സ്‌കൂളിന്റെ സംസ്ഥാന ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഓപണ്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ പാവപ്പെട്ടവരുടെ പഠനത്തെയാണ് ഇല്ലാതാക്കുക. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ രണ്ടാം തരക്കാരായി കാണുന്ന രീതി ഉടന്‍ അവസാനിപ്പിക്കണം. അടഞ്ഞുകിടക്കുന്ന ജില്ലാ- സംസ്ഥാന ഓപ്പണ്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്നും അവര്‍ പ റഞ്ഞു.
ഒന്നാം വര്‍ഷ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ഐ ഡി കാര്‍ഡുകള്‍ നല്‍കുക, പ്ലസ് വണ്‍ പുനഃപരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കുക, നാഷനല്‍ ഓപണ്‍ സ്‌കൂളില്‍ നിന്ന് പത്താം തരം പാസാകുന്നവര്‍ക്ക് ഉപാധികളില്ലാതെ സ്‌റ്റേറ്റ് ഓപണ്‍ സ്‌കൂളില്‍ പ്രവേശനം അനുവദിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ മാസം 12ന് ജില്ലാ- സംസ്ഥാന കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എന്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജന്‍ തോമസ്, പി രാജേഷ് മേനോന്‍, പി എന്‍ ശശിധരന്‍, പി ഇ സുകുമാരന്‍, ടി പി എം സലീം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.