Connect with us

International

പ്രക്ഷോഭകരുടെ ആവശ്യം പ്രധാനമന്ത്രി തള്ളി

Published

|

Last Updated

ബാങ്കോക്: രണ്ട് ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം യംഗ്‌ലക് ഷിനാവത്ര തള്ളി. ഭരണഘടനക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയില്ലെന്നും പ്രക്ഷോഭം അവസാനിപ്പിച്ച് സമാധാന ചര്‍ച്ചക്ക് തയ്യാറാകണമെന്നും അവര്‍ വ്യക്തമാക്കി. ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് ഒരാഴ്ചയായി നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമായിരിക്കുകയാണ്. തലസ്ഥാനമായ ബാങ്കോക്കിലെ പ്രധാന ഓഫീസുകളും സര്‍ക്കാര്‍ കേന്ദ്രങ്ങളും പ്രക്ഷോഭകര്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭകര്‍ കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്നും ജനങ്ങളുടെ അവകാശം ഉറപ്പിക്കാന്‍ പ്യൂപ്പിള്‍ കൗണ്‍സില്‍ രൂപവത്കരിക്കണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന സുദേബ് തുആഗ്‌സുബാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനകം ആവശ്യം അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രധാനമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ സുദേബിന്റെ ആരോപണങ്ങള്‍ തള്ളിയ ഷിനാവത്ര അദ്ദേഹത്തിന്റെ ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. ബാങ്കോക്കില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വിശദീകരിച്ചത്. തായ്‌ലാന്‍ഡ് നിയമമോ ഭരണഘടനയോ അനുശാസിക്കുന്ന കാര്യങ്ങളല്ല സുദേബ് മുന്നോട്ട് വെക്കുന്നതെന്നും രാജ്യത്തെ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ എല്ലാവരില്‍ നിന്നും തേടുന്നുവെന്നും ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങളാകണം നിര്‍ദേശിക്കേണ്ടതെന്നും ഷിനാവത്ര കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭകരെ നേരിടാന്‍ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്കും പോലീസ് ആസ്ഥാനങ്ങളിലേക്കും അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തതോടെ ഞായാറാഴ്ച പ്രക്ഷോഭകരെ പോലീസ് നേരിട്ടു. ഏറ്റുമുട്ടലിനിടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറിലധികമാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ബാങ്കോക്കിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. പ്രക്ഷോഭ നഗരങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ തങ്ങളുടെ ഉദ്യോഗസ്ഥരോട് യു എന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

Latest