വടകര റെയില്‍വേ സ്റ്റേഷന്‍ അവഗണന: യോഗം വിളിക്കണമെന്ന് യൂസേഴ്‌സ് ഫോറം

Posted on: December 2, 2013 1:55 pm | Last updated: December 2, 2013 at 1:55 pm

വടകര: പ്രഖ്യാപനത്തിലൊതുങ്ങിയ വടകര ആദര്‍ശ് സ്റ്റേഷന്റെ ഭൗതിക സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതിന് സ്ഥലം എം പിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. രണ്ട് റിസര്‍വേഷന്‍ കൗണ്ടറുകള്‍, ആര്‍ പി എഫ്, ഔട്ട്‌പോസ്റ്റ്, സ്റ്റേഷന്‍ പരിസരത്ത് വെളിച്ചം ലഭിക്കാനുള്ള ഹൈമാസ്റ്റ് പദ്ധതി, കാന്റീന്‍, ഇരുനിലയിലുള്ള കെട്ടിടം എന്നിവ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലേക്കാള്‍ കൂടിയ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ സുരക്ഷിതത്വമില്ലായ്മക്ക് പരിഹാരം കാണാനും സ്റ്റേഷനിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള അശാസ്ത്രീയ പാര്‍ക്കിംഗ് ഒഴിവാക്കാനും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. കെ പി രാജീവന്‍ അധ്യക്ഷത വഹിച്ചു. മണലില്‍ മോഹനന്‍, ജിതേഷ്, കെ പി ജയേഷ്, കെ പി പ്രേമരാജന്‍, പി അജിത്കുമാര്‍, എ മുരളീധരന്‍, പി പ്രജിത്ത്, കുമാര്‍, എ എം സന്തോഷ്‌കുമാര്‍, എ ടി മഹേഷ്, എ ജി എസ് ഗുരു പ്രസംഗിച്ചു.