വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു

Posted on: December 2, 2013 1:49 pm | Last updated: December 2, 2013 at 1:49 pm

മണ്ണാര്‍ക്കാട്: പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. വര്‍ഷങ്ങളായി പോലീസ് പിടികൂടി ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാതെ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളാണ് നശിക്കുന്നത്. ബൈക്ക്, ഓട്ടോ, ട്രാക്ടര്‍, ലോറി, ടിപ്പര്‍, കാറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മണ്ണാര്‍ക്കാട് ട്രാഫിക് പോലീസ്, സിഐ, എസ്‌ഐ തുടങ്ങിയവര്‍ പിടികൂടിയ വാഹനങ്ങളാണ് ശാപമോക്ഷവും കാത്ത് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ വിശ്രമിക്കുന്നത്. മണലുമായി പിടികൂടിയ ഓട്ടോറിക്ഷകളും മിനിലോറികളും ഇതിലുണ്ട്. പത്തുവര്‍ഷത്തിലേറെയായി കിടക്കുന്ന വാഹനങ്ങള്‍ തന്നെ നിരവധിയാണ്. അറുപതുശതമാനത്തോളം വാഹനങ്ങളും ഉപയോഗശൂന്യമായെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുവര്‍ഷം കൂടുമ്പോഴെങ്കിലും വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. വാഹനങ്ങളില്‍നിന്നും ഇറക്കിയിട്ട മണലും ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുന്നവയില്‍പെടുന്നു. സര്‍ക്കാരിന് ല’ിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ നഷ്ടമാകുന്നത്. വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ ഉടമകള്‍ എത്താറുണ്ടെങ്കിലും നിയമക്കുരുക്കുമൂലം പോലീസ് ഇവ വിട്ടുനല്‍കാറില്ലത്രേ