ജില്ലയില്‍ കുടുംബശ്രീയുടെ ‘സമഗ്ര’ പദ്ധതി നടപ്പാക്കുന്നു

Posted on: December 2, 2013 1:42 pm | Last updated: December 2, 2013 at 1:42 pm

കല്‍പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സമഗ്ര പദ്ധതി നടപ്പാക്കുന്നു. നേരത്തെ നടപ്പിലാക്കിയ ക്ഷീരസാഗരം, ആടുഗ്രാമം, കോഴിക്കൂട്ടം എന്നിവയിലൂടെ പ്രത്യേകം നടപ്പിലാക്കുന്ന പദ്ധതിയാണ് സമഗ്ര.
ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ആടുഗ്രാമവും ഒരു പഞ്ചായത്തില്‍ ക്ഷീരസാഗരം പദ്ധതിയും നടപ്പിലാക്കി. മുന്നൂറ്റി അമ്പത്തിയഞ്ച് പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
സമഗ്ര പദ്ധതിയുടെ ഭാഗമായി ഒരു ഗ്രൂപ്പിലെ ഒരാള്‍ക്ക് 10,000 രൂപ സബ്‌സിഡിയും പരിശീലനവുമാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നല്‍കുന്നത്. ആടുഗ്രാമം പദ്ധതിയിലൂടെ മൂപ്പൈനാട് സിഡിഎസില്‍ പന്ത്രണ്ടു ഗ്രൂപ്പുകളിലായി 60 പേര്‍ക്ക് ആറു ലക്ഷം രൂപയും വെങ്ങപ്പള്ളി സിഡിഎസിലെ അഞ്ച് ഗ്രൂപ്പുകളില്‍ നിന്ന് 25 പേര്‍ക്ക് രണ്ടര ലക്ഷം രൂപയും പൂതാടിയില്‍ അഞ്ച് ഗ്രൂപ്പുകളിലെ 25 പേര്‍ക്ക് രണ്ടര ലക്ഷം രൂപയും മുട്ടില്‍ സിഡിഎസിലെ 10 ഗ്രൂപ്പുകളിലെ 50 പേര്‍ക്ക് അഞ്ച് ലക്ഷം രൂപയും മുള്ളന്‍കൊല്ലി സിഡിഎസിലെ 25 ഗ്രൂപ്പുകളിലെ 125 അംഗങ്ങള്‍ക്കായി 1,25,000 രൂപയും സബ്‌സിഡിയായി ജില്ലാമിഷന്‍ നല്‍കിയിട്ടുണ്ട്. ക്ഷീരസാഗരം പദ്ധതി പ്രകാരം പടിഞ്ഞാറത്തറ സിഡിഎസിലെ 14 ഗ്രൂപ്പുകളിലെ 70 പേര്‍ക്കായി ഏഴ് ലക്ഷം രൂപയും സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്.തവിഞ്ഞാല്‍, അമ്പലവയല്‍, തരിയോട്, കോട്ടത്തറ എന്നീ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ കൂടി പദ്ധതി നടപ്പിലായാല്‍ ജില്ലയില്‍ 10 പഞ്ചായത്തുകളില്‍ നിന്നായി 1000 പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.