വില നിയന്ത്രണം: 80% മരുന്നുകളും പുറത്ത്‌

Posted on: December 2, 2013 8:50 am | Last updated: December 2, 2013 at 6:31 pm

medication1ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എണ്‍പത് ശതമാനം മരുന്നുകളും വില നിയന്ത്രണത്തിന് പുറത്ത്. സാധാരണക്കാരന് താങ്ങാനാകാത്ത വിധത്തില്‍ അവശ്യ മരുന്നുകളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിലനിയന്ത്രണം കൊണ്ടുവന്നെങ്കിലും ഭൂരിഭാഗം മരുന്നുകളും ഇതിന് പുറത്താണ്. രാജ്യത്തെ വിപണിയിലുള്ള മരുന്നുകളുടെ പതിനെട്ട് ശതമാനം മാത്രമാണ് ഔഷധവില നിയന്ത്രണ ഉത്തരവിന്റെ (ഡി പി സി ഒ-2013) പരിധിയില്‍ വരുന്നതെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍, വില കൂടിയ ആന്റിബയോട്ടിക്കുകള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കിടെ ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയില്‍ ഭൂരിഭാഗവും വില നിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്.
അവശ്യ, ജീവന്‍രക്ഷാ മരുന്നുകളുടെ വില നിലവാരം നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്ന് 2003ല്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ദശാബ്ദത്തിനു ശേഷമാണ് ഈ വര്‍ഷം മെയില്‍ ഡി പി സി ഒ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ 2009 ലാണ് 348 ഇനം മരുന്നുകള്‍ അവശ്യ മരുന്നുകളായി പ്രഖ്യാപിച്ചത്. അവശ്യ മരുന്നുകളുടെ പട്ടിക (എന്‍ എല്‍ ഇ എം) പിന്‍വലിച്ച ശേഷം അതിലുള്‍പ്പെട്ടിരുന്ന മരുന്നുകളെ പിന്നീട് വില നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ ജൂലൈ മുതലാണ് ഘട്ടം ഘട്ടമായി മരുന്നുകളുടെ വില നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയത്. ഔഷധവിലനിയന്ത്രണ അതേറിറ്റിയുടെ ഉത്തരവ് പ്രകാരം വിലനിയന്ത്രണമുള്ള മരുന്നുകള്‍ക്ക് മുപ്പത് മുതല്‍ നാല്‍പ്പത് വരെ ശതമാനം വില കുറഞ്ഞിരുന്നു. വിപണി വിലയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് മരുന്ന് വില പുതുക്കി നിശ്ചയിച്ചത്.
അനന്തരഫലങ്ങള്‍ ആലോചിക്കാതെ എടുത്ത തീരുമാനത്തോടെ യഥാര്‍ഥത്തില്‍ മരുന്ന് കമ്പനികള്‍ക്ക് രക്ഷപ്പെടുന്നതിനുള്ള മാര്‍ഗം തുറക്കുകയാണ് ചെയ്തതെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. പാരാസെറ്റമോളിന്റെ അഞ്ഞൂറ് എം ജി, വിലനിയന്ത്രണത്തിന് കീഴില്‍ വരുമ്പോള്‍ 650 എം ജി നിയന്ത്രണത്തിന് പുറത്താണ്. മരുന്നുകളുടെ പേരിലും ചേരുവകളിലും മാറ്റം വരുത്തി കമ്പനികള്‍ വിലനിയന്ത്രണം മറികടക്കുന്നതിന് ശ്രമിക്കുന്നുവെന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉയര്‍ന്നതാണ്. വില നിയന്ത്രണത്തില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ എല്ലാ അളവുകളും വിവിധ ചേരുവകളിലുമുള്ളത് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ അനുരാഗ് ഭാര്‍ഗവ പറയുന്നു.
മരുന്നുകളുടെ ചേരുവകള്‍ നിയമത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ പ്രമേഹം, രക്ത സമ്മര്‍ദം തുടങ്ങിയവക്കുള്ള മരുന്നുകളില്‍ ഭൂരിഭാഗവും നിയന്ത്രണത്തില്‍ ഉള്‍പ്പെടില്ല. പകര്‍ച്ചവ്യാധികള്‍ക്ക് ഉപയോഗിക്കുന്ന 4,636 കോടി രൂപയുടെ മരുന്നുകളാണ് വില നിയന്ത്രണത്തിന് കീഴിലുള്ളത്. ഇത് വിപണിയിലുള്ളതിന്റെ 6.5 ശതമാനം മാത്രമാണെന്ന് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് പോളിസി (പി എച്ച് എഫ് ഐ) വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടുന്ന ഇത്തരം മരുന്നുകളാണ് മരുന്ന് വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നതും. മരുന്നുകളുടെ അളവും ചേരുവകളും ഉള്‍പ്പെടുത്തി അവശ്യ മരുന്നുകളുടെ പട്ടിക വിപുലീകരിക്കണമെന്നും മരുന്ന് വിപണിയിലെ പതിനഞ്ച് ശതമാനമെങ്കിലും വിലനിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തണമെന്നും പി എച്ച് എഫ് ഐയിലെ മാലിനി പറയുന്നു.
പ്രമേഹത്തിനുള്ള മരുന്നുകളില്‍ പതിനെട്ട് ശതമാനവും ക്ഷയ രോഗത്തിനുള്ള പത്തൊമ്പത് ശതമാനം മരുന്നുകളും മാത്രമാണ് വില നിയന്ത്രണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രമേഹ, ക്ഷയ രോഗങ്ങളുടെ ലോക തലസ്ഥനമായി ഇന്ത്യ മാറുന്ന സാഹചര്യത്തിലാണ് ഇതെന്നത് ശ്രദ്ധേയമാണ്.