Connect with us

Articles

കലാപക്കൊയ്ത്ത്; അധികാരക്കൊയ്ത്ത്

Published

|

Last Updated

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്നിട്ടുള്ള ഭീകരങ്ങളായ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് നടത്തിയ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും സംഘ്പരിവാറിന്റെ ആസൂത്രിത നീക്കങ്ങളാണ് കലാപങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ വര്‍ഗീയ കലാപങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളെ വിശകലനം ചെയ്തുകൊണ്ട് മുമ്പ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ ഒരു ലേഖനത്തില്‍, വര്‍ഗീയ കലാപങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ അജന്‍ഡ ആവര്‍ത്തിച്ചുതെളിയിക്കപ്പെടുന്നതായി വിലയിരുത്തുന്നുണ്ട്. രാജ്യമെത്തിയ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും മതേതര ബഹുസ്വരതക്ക് നേരെ മോഡിയിസം ഉയര്‍ത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍ വേണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തല പൊക്കുന്ന വര്‍ഗീയ കലാപങ്ങളെ പരിശോധിക്കേണ്ടത്.
മതനിരപേക്ഷ ജനാധിപത്യ ശക്തികളില്‍ ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സമീപകാലത്ത് കാശ്മീരിലും അസമിലും യു പിയിലുമെല്ലാം വര്‍ഗീയ കലാപങ്ങള്‍ നടന്നത്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘ്പരിവാര്‍ സംഘടനകളാണ് ഈ കലാപങ്ങള്‍ക്കെല്ലാം പിറകില്‍ കളിച്ചത്. കാശ്മീരിലെ കിഷ്ത്വാറിലും ഉത്തര്‍ പ്രദേശിലെ വിവിധ പ്രദേശങ്ങളിലും നടന്ന കലാങ്ങളും സംഘ്പരിവാര്‍ സംഘടനകളുടെ അയോധ്യാ മാര്‍ച്ചും പരസ്പരം ബന്ധപ്പെട്ടതും അവരുടെ വര്‍ഗീയ അജന്‍ഡയുടെ ഭാഗവുമായിരുന്നു എന്നതിന് നിരവധി തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ബീഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാറില്‍ പങ്കാളിയായിരുന്ന ബി ജെ പി അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ വ്യാപകമായ രീതിയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി നേതൃത്വം തീരുമാനിക്കുന്നതിനെതിരെ നിശിതമായ വിമര്‍ശവുമായിട്ടാണ് നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അതിന്റെ സാധ്യത കാണുന്നത് ഹിന്ദുത്വ ധ്രുവീകരണം വഴിയാണ്. രാജ്യമാകെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന പദ്ധതികളാണ് മോഡിയുടെ നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. ഹിന്ദുത്വ അജന്‍ഡ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണമാക്കാനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണവും കാശ്മീര്‍ പ്രശ്‌നവും തുടങ്ങി വര്‍ഗീയത പ്രധാന മുദ്രാവാക്യമാക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി തല പൊക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ഈയയൊരു അജന്‍ഡയുടെ ഭാഗമാണ്. മുസ്‌ലിം തീവ്രവാദ സംഘടനകള്‍ ഇതിനെതിരായി വിധ്വംസക പ്രതികരണങ്ങളും നടത്താന്‍ തുടങ്ങിയതോടെ രാജ്യം സ്‌ഫോടനാത്മകമായൊരു സ്ഥിതിയിലേക്ക് ആണ് എത്തുന്നത്.
അസമിലെ കൊക്രാജാന്‍ ജില്ലയില്‍ ബോഡോ വംശീയവാദികള്‍ മുസ്‌ലിം ജനസമൂഹത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി മാറി. ജമ്മുകാര്‍ശ്മീരിലെ കിഷ്ത്വറില്‍ ഈദ് നിസ്‌കാരത്തിന് തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ ആസാദ് കാശ്മീര്‍ മുദ്രാവാക്യം ഉയര്‍ത്തിയെന്ന പ്രചാരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം ആ നഗരത്തെ അരക്ഷിതമാക്കി. ഹിന്ദുത്വ വര്‍ഗീയവാദികള്‍ തെരുവിലിറങ്ങിയതോടെ കിഷ്ത്വാര്‍ നഗരം യുദ്ധക്കളമായി. 67 കടകള്‍, ഏഴ് ഹോട്ടലുകള്‍ തുടങ്ങിയവ കത്തിച്ചാമ്പലായി. കലാപം ജമ്മു, സാംബ, ഉദ്ധംപൂര്‍, കാത്വ പ്രദേശങ്ങളിലേക്ക് പടര്‍ന്നു. കിഷ്ത്വാര്‍ പട്ടണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
കാശ്മീര്‍ മേഖലയില്‍ മുസ്‌ലിം വര്‍ഗീയവാദികളും ജമ്മു മേഖലയില്‍ ഹിന്ദു വര്‍ഗീയവാദികളും കിഷ്ത്വാര്‍ സംഭവത്തെ നിമിത്തമാക്കി കലാപങ്ങള്‍ അഴിച്ചുവിട്ടു. ഈയൊരു സംഘര്‍ഷ സാഹചര്യത്തെ നിയന്ത്രിക്കാന്‍ ഭരണകൂട സംവിധാനം കാര്യക്ഷമമായി ഇടപെട്ടില്ല. ജമ്മു കാശ്മീര്‍ ആഭ്യന്തരമന്ത്രിക്ക് കുറ്റകരമായ നിഷ്‌ക്രിയത്വത്തിന്റെ പേരില്‍ രാജി വെക്കേണ്ടിവന്നു.
മോഡിയുടെ രാഷ്ട്രീയ അജന്‍ഡയുടെ നിര്‍വഹണ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ടാണ് അമിത്ഷാ ഉത്തര യു പിയില്‍ കലാപങ്ങള്‍ അഴിച്ചുവിടാനുള്ള ആസൂത്രണങ്ങളാരംഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം വര്‍ഗീയ കലാപങ്ങളാണ് യു പിയില്‍ ഉണ്ടായത്. അലഹബാദ്, ലക്‌നോ, മധുര, ബറേലി, അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് തുടങ്ങിയ ഇടങ്ങളില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ തന്നെയുണ്ടായി. പ്രതാപ്ഗഢ്, ഗാസിയാബാദ്, ബിന്ദ്‌ഹോര്‍, സംബല്‍, മീറത്ത്, മുസാഫര്‍ നഗര്‍, കുശിനഗര്‍, സീതാപൂര്‍, ബറൈച്ച്, മുറാദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പല തവണ കലാപങ്ങളുണ്ടായി. മുസാഫര്‍ നഗറില്‍ ലൗ ജിഹാദ് ക്യാമ്പയിന്‍ നടത്തിക്കൊണ്ടാണ് സംഘ്പരിവാര്‍ നേതാക്കള്‍ കലാപം അഴിച്ചുവിട്ടത്. 40,000 പേര്‍ക്ക് ഗ്രാമം വിട്ടുപോകേണ്ടിവന്നു. നിരവധി പേരുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടു.
ബീഹാറിലുടനീളം ആസൂത്രിതമായ കലാപങ്ങള്‍ സംഘടിപ്പിക്കുകയാണ് സംഘ്പരിവാര്‍. ജെ ഡി യു സര്‍ക്കാറിനെതിരെ ഹുന്ദുത്വ ധ്രുവീകണം ഉണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. പട്‌നയിലെ നവാന പട്ടണത്തില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാജ്യത്തെ വര്‍ഗീയവത്കരിക്കുകയാണ് ബി ജെ പി. ഈ വര്‍ഗീയവത്കരണത്തെ മതനിരപേക്ഷ നിലപാടുകളില്‍ നിന്നുകൊണ്ട് എതിര്‍ക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. അവരും ഹൈന്ദവ വോട്ടുകളെ ലക്ഷ്യമിടുകയാണ്. മുസാഫര്‍ നഗറിലെ മുസ്‌ലിം ചെറുപ്പക്കാരെ ഐ എസ് ഐ സ്വാധീനിക്കുന്നുവെന്നതു പോലുള്ള പ്രസ്താവനയിറക്കി രാഹുല്‍ ഗാന്ധി ഹിന്ദുത്വ വോട്ട് തങ്ങള്‍ക്കാക്കാന്‍ ശ്രമിക്കുകയാണ്.
നരേന്ദ്ര മോഡിക്ക് ബി ജെ പിയുടെ പ്രചാരണ വിഭാഗത്തിന്റെ ചുമതല, നല്‍കിയതോടെ വിദ്വേഷ പ്രചാരണം ശക്തിപ്പെട്ടിരിക്കയാണ്. മധ്യവര്‍ഗ വിഭാഗങ്ങളെയും കോര്‍പ്പറേറ്റുകളെയും സ്വാധീനിക്കാന്‍ വികസന വാചകമടിയും മറുഭാഗത്ത് കടുത്ത വര്‍ഗീയ അജന്‍ഡയും. ജനങ്ങളെ വിഭജിച്ച് ഹിന്ദുത്വ ഭൂരിപക്ഷത്തെ തങ്ങള്‍ക്കനുകൂലമാക്കാനാണ് മോഡിയും കൂട്ടരും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ വര്‍ഗീയ കലാപങ്ങളുടെ പ്രേരണ. ഉത്തര്‍ പ്രദേശിലെ 80 സീറ്റുകള്‍ തന്റെ പ്രധാനമന്ത്രിപദം ഉറപ്പിക്കുമെന്ന കണക്കുകൂട്ടലോടെയാണ് മോഡി ആ സംസ്ഥാനത്തെ വര്‍ഗീയവത്കരിക്കുന്നത്. അതിനായാണ് അമിത് ഷായെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നതും.

 

---- facebook comment plugin here -----

Latest