Connect with us

Editorial

ആള്‍ത്താമസമില്ലാത്ത ദ്വീപിന് ചുറ്റും

Published

|

Last Updated

ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ദിയായു എന്നും വിളിക്കപ്പെടുന്ന ദ്വീപ് ഉള്‍പ്പെടുന്ന കിഴക്കന്‍ ചൈനാ കടലിലെ പ്രദേശം മേഖലയെ മുഴുവനായി സംഘര്‍ഷഭരിതമാക്കുന്ന തര്‍ക്കത്തിന്റെ കേന്ദ്രമാകുകയാണ്. ആള്‍പ്പാര്‍പ്പില്ലാത്ത ഈ ദ്വീപിന്റെ ഉടമസ്ഥത ജപ്പാനും ചൈനയും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരു പോലെ അവകാശപ്പെടുന്നുണ്ട്. ഈ തര്‍ക്കത്തില്‍ അമേരിക്കയും കൊറിയയുമെല്ലാം കക്ഷി ചേര്‍ന്നതോടെയാണ് സ്‌ഫോടനാത്മകമായ നിലയിലേക്ക് കാര്യങ്ങള്‍ വളരുന്നത്. ജപ്പാനീസ് വ്യവസായ പ്രമുഖന്റെ കൈവശമായിരുന്ന ദ്വീപ് ജപ്പാനീസ് സര്‍ക്കാര്‍ വാങ്ങുകയും അവിടെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ ചൈന ശക്തമായി രംഗത്തു വരികയായിരുന്നു. ദ്വീപ് ഉള്‍പ്പെട്ട പ്രദേശം തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയായി പ്രഖ്യാപിച്ചു കൊണ്ടാണ് ചൈന പിടിമുറുക്കിയത്. ഈ മേഖല വഴി മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ പറത്തണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നാണ് ചൈനയുടെ ശാഠ്യം. എന്നാല്‍ ഈ ശാഠ്യം വകവെച്ചുകൊടുക്കാന്‍ ജപ്പാന്‍ തയ്യാറായില്ല. അവര്‍ ചൈനീസ് വ്യോമപ്രതിരോധ മേഖല ലംഘിച്ച് പോര്‍വിമാനം പറത്തി. തുടര്‍ന്ന് അമേരിക്കന്‍ പോര്‍ വിമാനവും പറന്നു. ദക്ഷിണ കൊറിയ കൂടി കൂട്ടത്തില്‍ ചേര്‍ന്നതോടെ ലക്ഷണമൊത്തൊരു സൈനിക സഖ്യമായി അത് രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്.
വ്യോമ പ്രതിരോധ മേഖല പ്രഖ്യാപിച്ചുകൊണ്ട് ചൈന പുറപ്പെടുവിച്ച ഭൂപടം ആണ് ദക്ഷിണ കൊറിയയെ പ്രകോപിപ്പിച്ചത്. നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് കൊറിയ പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനയുടെ നീക്കം മേഖലയില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു. ജപ്പാനില്‍ ദ്വീപ് തര്‍ക്കം ഒരു വൈകാരിക വിഷയമായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. ചൈന സ്വയം നിയന്ത്രണം പുലര്‍ത്തിയില്ലെങ്കില്‍ പ്രവചനാതീതമായ വഴികളിലൂടെ തങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരുമെന്നാണ് ജപ്പാന്റെ മുന്നറിയിപ്പ്. അമേരിക്കയും ചൈനയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മേഖലയില്‍ അമേരിക്ക നടത്തുന്ന അഭ്യാസങ്ങളിലും സൈനിക വിന്യാസങ്ങളിലും ചൈനയുടെ മുന്നറിയിപ്പ് ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നാണ് യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ പറഞ്ഞത്. ദ്വീപില്‍ അവകാശവാദവുമായി തായ്‌വാനും രംഗത്തെത്തിയിട്ടുണ്ട്. ചൈനയുടെ നീക്കം സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന നിലയിലാണ് തായ്‌വാനും പ്രതികരിച്ചത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. ചരിത്രപരമായി ചൈനക്കുള്ള അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. ഈ ശ്രമത്തിന് ഇടങ്കോലിടാന്‍ അമേരിക്ക മുതിരുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ചൈന പറയുന്നു. എന്നാല്‍ വ്യോമ പ്രതിരോധ മേഖല പോലുള്ള ചൈനയുടെ നീക്കങ്ങള്‍ പ്രകോപനപരമാണെന്ന് പറയാതിരിക്കാനാകില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നിടത്തെല്ലാം ഏകപക്ഷീയമായി വ്യോമപ്രതിരോധ മേഖല പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി?
ചൈനയുടെ താത്പര്യങ്ങള്‍ കിഴക്കന്‍ ചൈനാ കടലില്‍ മാത്രം ഒതുങ്ങുന്നില്ല. ദക്ഷിണ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമെല്ലാം അവര്‍ക്ക് അവരുടെതായ പിടിവാശികള്‍ ഉണ്ട്. പുതിയ തര്‍ക്കങ്ങള്‍ മുറുകുന്നതിന് മുമ്പ് ഈ മേഖലയിലെല്ലാം ചൈനയും അമേരിക്കയും സഹവര്‍ത്തിത്വത്തിന് തയ്യാറായിരുന്നു. എന്നാല്‍ മേഖലയില്‍ ചൈന നേടിയെടുക്കുന്ന നേതൃ സ്ഥാനം അമേരിക്കയെ ഇപ്പോള്‍ അലോസരപ്പെടുത്തുന്നുണ്ട്. യു എസിന്റെ തീവ്രവാദവിരുദ്ധ പങ്കാളിയെന്ന് അവര്‍ വിശേഷിപ്പിക്കുന്ന പാക്കിസ്ഥാന്‍ സാവധാനം ചൈനയോട് അടുക്കുന്നു. ശ്രീലങ്ക, നേപ്പാള്‍, മാലദ്വീപ് തുടങ്ങിയ ചെറു രാജ്യങ്ങളിലെല്ലാം ചൈനക്ക് ഇപ്പോള്‍ നല്ല സ്വാധീനമുണ്ട്. കൊറിയന്‍ സംഘര്‍ഷത്തില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ ഫലപ്രദമാകുന്നുവെന്നത് സമീപകാല അനുഭവമാണ്. ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ സമ്പൂര്‍ണമായ പരിഹാരത്തിന് തയ്യാറല്ലെങ്കിലും ചര്‍ച്ചയുടെ വഴി തുറന്നിടാന്‍ ചൈന സന്നദ്ധമായിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ ആഴത്തിലുള്ളതാണെന്ന് യു എസ് വിലയിരുത്തുന്നില്ലെങ്കിലും സാമ്പത്തിക രംഗത്ത് ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ രാഷ്ട്രീയ നയതന്ത്ര രംഗത്തേക്ക് കൂടി വ്യാപിക്കുന്നതില്‍ അവര്‍ അസ്വസ്ഥരാണ്.
ഈ അസ്വസ്ഥതയാണ് സെനകാകുവെന്ന പാഴ്ദ്വീപിന് ചുറ്റും ഉരുണ്ടു കൂടുന്ന സംഘര്‍ഷത്തിലേക്ക് ബി 52 ബോംബറുകള്‍ അയച്ച് നേരിട്ട് ഇടപെടാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ചൈനയാകട്ടെ പുതിയ സംഭവവികാസങ്ങളെ മേഖലയില്‍ തങ്ങളുടെ മേധാവിത്വം ഊട്ടിയുറപ്പിക്കാനുള്ള ഉപാധിയായി കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്. ജപ്പാനും ചൈനയും ദക്ഷിണ കൊറിയയും സന്ദര്‍ശിക്കാന്‍ അടുത്തയാഴ്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ എത്തുമ്പോള്‍ പ്രശ്‌നപരിഹാരത്തിനുള്ള വഴികളാണ് ആരായേണ്ടത്.

Latest